ന്യൂഡൽഹി: പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച്ച വരുത്തിയ സംഭവത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും രണ്ടു വഴിക്ക് നീങ്ങവേ സുപ്രീംകോടതിയുടെ ഇടപെടൽ. പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന അന്വേഷണം മരവിപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. തിങ്കളാഴ്ച വരെ അന്വേഷണ നടപടികൾ നിർത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രജിസ്ട്രാർ ജനറലുമായി സഹകരിക്കണം. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും രജിസ്ട്രാർക്കു കൈമാറണം. ഇതിൽ നോഡൽ ഓഫിസർമാരായി എൻഐഎയിൽനിന്ന് ഒരാളെയും ചണ്ഡിഗഢ് ഡയറക്ടർ ജനറലിനെയും നിയോഗിക്കാമെന്നും കോടതി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അന്വേഷണ നടപടികൾ നിർത്തിവയ്ക്കുന്നത് ഉത്തരവായി ഇറക്കണമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൾ ഡിഎസ് പട്വാലിയ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ സമിതി ഇതിനകം തന്നെ ഡിജിപിക്കും സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിക്കഴിഞ്ഞെന്ന് എജി പറഞ്ഞു. കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ആണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയമിച്ചെന്നും ആരെ വേണമെങ്കിലും സമിതിയിൽ ഉൾപ്പെടുത്താൻ തയാറാണെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി എല്ലാവരുടേയുമാണ്. അതിനാലാണ് സുരക്ഷാ വീഴ്ച സംസ്ഥാനവും അന്വേഷിക്കുന്നത്. കോടതിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കാൻ തയാറാണെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.

പഞ്ചാബ് സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബ് സർക്കാരും വെവ്വേറെ സമിതിയെ നിയോഗിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളം ഒരു മേൽപാലത്തിൽ കുടുങ്ങി. തുടർന്ന് റാലി റദ്ദാക്കി മോദി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു.