കണ്ണൂർ: സംസ്ഥാന ബിജെപിയിൽ കെ സുരേന്ദ്രനെ മാറ്റണം എന്ന ആവശ്യം ശക്തമാകുമ്പോഴും ഉടൻ അധ്യക്ഷ സ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചനകൾ. വത്സൻ തില്ലങ്കരിയുടെ അടക്കം പേരുകൾ സംസ്ഥാന ബിജെപി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. സുരേഷ് ഗോപി ആ സ്ഥാനത്തേക്ക് താനില്ലെന്ന് ആവർത്തിച്ചു കഴിഞ്ഞു. എന്നാൽ, സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവർത്തിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ രംഗത്തുവന്നു.

പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാൾ മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനാവണമെന്നും മുകുന്ദൻ പറഞ്ഞു. സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി പിപി മുകുന്ദനെ സന്ദർശിച്ചിരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങൾ ചർച്ചചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ കാൽവച്ച് വളർന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

നിലവിലെ അധ്യക്ഷൻ കേസിൽപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രൻ മാറി നിൽക്കണം. കേസിൽ നിന്നും മോചിതനായാൽ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തതെന്ന് പിപി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. ഇതിൽ തീരുമാനം എടുക്കാൻ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോൾ ആറുമാസമായി. നീട്ടിക്കൊണ്ടു പോകരുത്. ആർഎസ്എസ് ഇടപെട്ടിട്ട്, ആർഎസ്എസിൽ നിന്നും ഒരാൾ ഇപ്പോൾ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും മുകുന്ദൻ പറഞ്ഞു.

സുരേന്ദ്രൻ കുഴൽപ്പണ വിവാദങ്ങളിൽപ്പെട്ടപ്പോൾ സുരേന്ദ്രന്റെ നടപടി പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്ന് മുകുന്ദൻ നേരത്തെയും പറഞ്ഞിരുന്നു. ഇതിനിടെ വത്സൻ തില്ലങ്കരിയുടെ പേരും ഉയർന്നുവന്നപ്പോൾ അതും അദ്ദേഹം തള്ളിക്കളയുകയാണ് ഉണ്ടായത്. ഇതോടെ നിലവിലെ സാഹചര്യത്തിൽ കെ സുരേന്ദ്രൻ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ സാധ്യത കൂടുതൽ. അതേസമയം സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെ ഉടൻ മാറ്റാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുള്ള ദേശീയ തലത്തിൽ പ്രവർത്തന പരിചയ സമ്പത്തുള്ള എ ജയകുമാർ സംഘടനാ സെക്രട്ടറിയായി എത്തുമെന്നാണ് സൂചന. എം ഗണേശിനെ ഉടൻ മാറ്റിയേ മതിയാകൂവെന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിലപാട്. പകരം ചുമതല ഏറ്റെടുക്കാൻ ജയകുമാർ തയ്യാറായാൽ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനം വരും.

തിരുവനന്തപുരത്തുകാരനായ ജയകുമാർ ആർ എസ് എസിന്റെ ശാസ്ത്ര സംഘടനയെ നയിച്ചിരുന്ന വ്യക്തിയാണ്. നിലവിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നേമത്ത് ഒ രാജഗോപാൽ ജയിച്ചപ്പോൾ തന്ത്രങ്ങളൊരുക്കാൻ മുന്നിൽ നിന്ന പരിവാറുകാരനാണ് ജയകുമാർ. ഈ സാഹചര്യത്തിലാണ് ജയകുമാറിനെ പാർട്ടിയുടെ സംഘടനാ ചുമതല ഏൽപ്പിക്കുന്നത്. എന്നാൽ ആർഎസ്എസ് പ്രചാരകർക്കൊന്നും ഈ പദവിയോട് വലിയ താൽപ്പര്യമില്ല. ജയകുമാറിനൊപ്പം കേരളത്തിലെ പ്രധാന പ്രചാരകരിൽ ഒരാളായ വിനോദിനേയും സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇവരിൽ ഒരാൾ ചുമതല ഏറ്റെടുത്താൽ ഉടൻ ബിജെപിയുടെ താഴെ തട്ടിൽ പുനഃസംഘടന തുടങ്ങും. ജില്ലാ തലത്തിലും മാറ്റങ്ങളുണ്ടാകും.

ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിച്ചിരുന്നു. പരസ്യമായി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ ചുമതല ഉടൻ ഏറ്റെടുക്കാൻ നിർബന്ധിക്കരുതെന്നാണ് സുരേഷ് ഗോപി അഭ്യർത്ഥിച്ചത്. പദവികളൊന്നും ഇല്ലാതെയുള്ള ജനകീയ ഇടപെടലിലൂടെ പാർട്ടിയെ വളർത്താമെന്ന സന്ദേശമാണ് സുരേഷ് ഗോപി നൽകുന്നത്. മാറ്റം അനിവാര്യമാണെന്ന അഭിപ്രായം സുരേഷ് ഗോപിക്കുമുണ്ട്. എന്നാൽ സുരേന്ദ്രനെതിരെ കേസുകളും മറ്റും ഉള്ളതിനാൽ ഉടൻ മാറ്റരുതെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഇത് അംഗീകരിക്കപ്പെട്ടേക്കും. ജയകുമാർ സംഘടനാ സെക്രട്ടറിയായാൽ കൂടുതൽ നിയന്ത്രണം കേന്ദ്ര നേതാക്കൾക്ക് കേരളത്തിൽ കൈവരുകയും ചെയ്യും.

തൽക്കാലം കെ സുരേന്ദ്രനെ മാറ്റേണ്ടെന്നാണ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ദേശീയ നേതൃത്വത്തെ അറിയിച്ചത്. കനത്ത തോൽവിയുണ്ടായിട്ടും മുരളീധരനും സുരേന്ദ്രനും തുടരുന്നത് സന്തോഷിന്റെ പിന്തുണയിലാണെന്ന് പി കെ കൃഷ്ണദാസ് വിഭാഗം പറയുന്നു. സംസ്ഥാന ബിജെപിക്കുള്ളിലെ പോര് മുറുകുന്നതിനാൽ അഴിച്ചുപണിയാണ് നല്ലതെന്നും ഒരുവിഭാഗം ദേശീയ നേതാക്കൾ നിർദ്ദേശിച്ചു.