തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നില നിർത്തുന്നതിനു എല്ലാവരും ശ്രമിക്കണം . വിവാദങ്ങൾ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സിൽ വേദന സൃഷ്ടിക്കാം. സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും പി എസ് ശ്രീധരൻ പിള്ള ചോദിച്ചു.

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണെന്നും വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന.' പൊതുസമൂഹം ആ പ്രസ്താവനയ്‌ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം 'പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്' എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

അതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകളെ മുഖവിലക്കെടുക്കാൻ സീറോ മലബാർ സഭ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് പിന്നീട് വന്ന വിവരങ്ങൾ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ നോക്കേണ്ടതില്ലെന്നാണ് സഭയുടെ മറുപടി. ഇതിൽ മുഖ്യമന്ത്രിക്കെതിരായ നീരസം പ്രകടമാണ് താനും. സഭയിൽ മുഖ്യമന്ത്രിയോട് രോഷം നിലനിൽക്കെ തന്നെ വിഷയത്തിൽ കേന്ദ്രത്തിന്റെ പിന്തുണ സഭാ നേതൃത്വത്തിന് വാഗ്ദാനം ചെയ്തു സുരേഷ് ഗോപി എം പി രംഗത്തുവരികയും ചെയ്തിരുന്നു.

കത്തോലിക്കാ സഭയെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സുരേഷ് ഗോപിയുടെ രംഗപ്രവേശനം. കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എംപി വ്യക്തമാക്കുകയും ചെയ്തിരുന്നു. യോഗത്തിൽ സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യോഗം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ യോഗം വിളിക്കാനുള്ള നടപടികൾക്ക് വേഗം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാർക്കോട്ടിക് ജിഹാദ് വിവാദം ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. എന്നാൽ, അതിന്റെ പേരിൽ സാമൂഹ്യ തിന്മയെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇസ്ലാമിക തീവ്രവാദം ദേശീയ തലത്തിൽ ചർച്ചയാകണം എന്നാണ് ബിജെപിയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ തൊടുപുഴ ന്യൂമാൻസ് കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ ഒരുക്കുകയാണ് ബിജെപി.

ഇതിന്റെ ഭാഗമായി രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രൊഫ. ടി ജെ ജോസഫിനെ തൊടുപുഴയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ജീവിതകാലം മുഴുവൻ ദുരിതം പേറേണ്ടി വന്ന സാധുവായ അദ്ധ്യാപകന് ദേശീയ തലത്തിൽ ഒരു പദവി കൊടുക്കാമെന്നാണ് സുരേഷ് ഗോപി നൽകിയ വാഗ്ദാനം എന്നാണ് ലഭിക്കുന്ന വിവരം.ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ശ്രമം. ഈ ആവശ്യത്തോട് ടി ജെ ജോസഫും സമ്മതം അറിയിച്ചുവെന്ന സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ദേശീയ തലത്തിലാണ് തീരുമാനം കൈക്കൊണ്ടേത്.

ഒരു വശത്ത് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായ ജോസഫ് മാഷിന് ദേശീയ തലത്തിൽ പദവി. മറുവശത്ത് നാർക്കോട്ടിക് ജിഹാദിനെ കുറിച്ചു പറയുന്ന പാലാ ബിഷപ്പിന് പിന്തുണയും നൽകുക എന്നാണ് ബിജെപി തന്ത്രം. അതിനുള്ള അവസരം ഇപ്പോഴാണെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഓർത്തഡോക്സ് സഭാ വിഷയത്തിൽ അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു ചർച്ച നടത്തിയിരുന്നു. ശ്രീധരൻ പിള്ളയാണ് അന്ന് ഇതിന് മുൻകൈയെടുത്തത്. ഇപ്പോൾ കത്തോലിക്കരെ അടുപ്പിക്കാനുള്ള ദൗത്യത്തിൽ സുരേഷ് ഗോപിയും.

നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് രംഗത്തുവന്നത്. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി കണക്കു നിരത്തി പറയുകയുണ്ടായി.