ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു ഇന്ത്യ. പാക്കിസ്ഥാൻ അവരുടെ രാജ്യത്തും അതിർത്തികളിലുടനീളവും 'അക്രമസംസ്‌കാരം' വളർത്തുന്നത് തുടരുകയാണെന്ന് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചുകൊണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. കശ്മീർ വിഷയം പരാമർശിച്ചപ്പോഴുള്ള മറുപടി എന്ന നിലയിലാണ് ഇന്ത്യ പാക്കിസ്ഥാനെ കടന്നാക്രമിച്ചത്. പാക് പ്രതിനിധി മുനീർ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസംഗത്തിനുള്ള മറുപടിയായി പാക്കിസ്ഥാനെ നിഷ്പ്രഭമാക്കുന്ന മറുപടിയാണ് ഇന്ത്യൻ പ്രതിനിധി വിദിഷ മൈത്ര നൽകിയത്.

സമാധാനത്തിന്റെ സംസ്‌കാരം എന്നത് കേവലം സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ലെന്നും മറിച്ച് അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സജീവമായി വളർത്തിയെടുക്കേണ്ട ഒന്നുകൂടിയാണെന്നും വിദിഷ മൈത്ര പറഞ്ഞു. ചൊവ്വാഴ്ച നടന്ന യുഎൻ പൊതുസഭയുടെ സമാധാന സംസ്‌കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാ്ക്കിസ്ഥാൻ പ്രകോപന പരാമായ പ്രസംഗം നടത്തിയപ്പോഴാണ് കടുത്ത വിമർശനമുണ്ടായത്.

'സ്വന്തം രാജ്യത്തും അതിർത്തിയിലും 'അക്രമസംസ്‌കാരം' വളർത്തുന്നത് തുടർന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യുഎൻ വേദി മുതലെടുക്കാനുള്ള പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിന്റെ മറ്റൊരു ശ്രമത്തിന് കൂടി ഞങ്ങൾ ഇന്ന് സാക്ഷ്യം വഹിച്ചു. അത്തരം എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നു,' വിദിഷ മൈത്ര പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാൻ പ്രതിനിധി മുനീർ അക്രം ജമ്മു കശ്മീർ വിഷയം ഉന്നയിക്കുകയും കശ്മീരിലെ അന്തരിച്ച പാക്കിസ്ഥാൻ അനുകൂല നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിനുശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം. അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രതീകമായ തീവ്രവാദം എല്ലാ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും എതിരാണെന്നതിൽ സംശയമില്ലെന്ന് മൈത്ര പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കുറിച്ചോർത്ത് ലോകത്തെ ആശങ്കപ്പെടണമെന്നും അവർ പറഞ്ഞു. ഇന്ത്യ മാനവികതയുടെയും ജനാധിപത്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത് തുടരുമെന്നും അവർ പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനിൽ ഇന്നലെ പടുകൂറ്റൻ പാക്കിസ്ഥാൻ വിരുദ്ധ റാലി നടന്നിരുന്നു. പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തെരുവിൽ ഇറങ്ങിയത്. അഫ്ഗാൻ സന്ദർശിക്കുന്ന പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവൻ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. പഞ്ചശീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്ക്ക് പിന്തുണ അർപ്പിച്ചും താലിബാന്റെ ഭീകരഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധം.

സോഷ്യൽ മീഡിയയിൽ വന്ന വീഡിയോകളിൽ പാക്കിസ്ഥാന് മരണം, പാക്കിസ്ഥാനി പാവ ഭരണം ഞങ്ങൾക്ക് വേണ്ട, പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ വിടൂ, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. ഇവരെ പിരിച്ചുവിടാനാണ് താലിബാൻ ആകാശത്തേക്ക് വെടിവച്ചതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഐഎസ്ഐ ഒഴിഞ്ഞുപോകു, എന്നാണ് കാബൂളിലെ പാക് ഏംബസിക്ക് മുമ്പിൽ ഒരുവനിത ഏന്തിയ പ്ലാക്കാർഡിൽ എഴുതിയിരുന്നത്. ഇസ്ലാമിക സർക്കാർ പാവം ജനങ്ങൾക്ക് നേരേ വെടിവക്കുന്നു, ഭയചകിതയായ ഒരു സ്ത്രീ തെരുവിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈ താലിബാൻ അനീതി കാട്ടുകയാണ്. അവർ മനുഷ്യരേയല്ല എന്നും അവർ പറയുന്നത് കേൾക്കാം.

മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയാണ് പ്രധാനമന്ത്രിയായി താലിബാൻ പരിഗണിക്കുന്നത്. യുഎൻ ഭീകര പട്ടികയിലുള്ള താലിബാൻ നേതാവാണ് ഇയാൾ. ഇരുപത് വർഷമായി താലിബാൻ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കൻ അധിനിവേശത്തിന് മുൻപത്തെ താലിബാൻ സർക്കാരിൽ മന്ത്രിയായിരുന്നു. സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സൻ അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുൻസാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താൻ കാരണമായി എന്നാണ് റിപ്പോർട്ട്.