ന്യൂഡൽഹി: കാശ്മീരിൽ സംഘർഷം ഉണ്ടാക്കാൻ താലിബാൻ ഭീകരരുടെ സഹായം സ്വീകരിക്കുന്നതടക്കം പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ അജണ്ടകൾ തുറന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിക്കാൻ പാക്കിസ്ഥാൻ നൽകിയ 'സഹായ'ത്തിന് താലിബാന്റെ പ്രത്യുപകാരം കശ്മീരിൽ ഉണ്ടാകുമെന്ന സൂചന നൽകുന്നതാണ് തെഹ്രീക്-ഇ-ഇൻസാഫ് വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്കിന്റെ വാക്കുകൾ.

അതേ സമയം രക്ഷാദൗത്യത്തിനിടെ താലിബാൻ ഭീകരർ നുഴഞ്ഞുകയറിയേക്കുമെന്ന ആശങ്കകൾ ശക്തമായതോടെ അഫ്ഗാൻ പൗരന്മാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇ -വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരന്മാരുടെ ഇന്ത്യൻ വിസയുള്ള പാസ്‌പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് കർശന നടപടി

ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് കാശ്മീരിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ പാക്കിസ്ഥാൻ താലിബാൻ സഹായം സ്വീകരിക്കുന്നതടക്കം നീലം ഇർഷാദ് ഷെയ്ക്ക് തുറന്ന് പറഞ്ഞത്. താലിബാൻ പറയുന്നത് അവർ ഞങ്ങളോടൊപ്പമാണെന്നും കാശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്നുമാണ് എന്നായിരുന്നു നീലം ഇർഷാദ് ഷെയ്ക്ക് പറഞ്ഞത്.നേതാവിന്റെ തുറന്നുപറച്ചിൽ കേട്ടു പരിഭ്രാന്തനായ വാർത്താ അവതാരകൻ ലോകം മുഴുവൻ നിങ്ങൾ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുകയാണെന്ന് ചർ്ച്ചയ്ക്ക് ഇടയിൽ ഓർമ്മപ്പെടുത്തി. എന്താണ് നിങ്ങൾ പറഞ്ഞതെന്ന് ബോദ്ധ്യമുണ്ടോ എന്ന് ചോദിച്ചെങ്കിലും കുലുക്കമില്ലാത്ത രീതിയിലായിരുന്നു വനിതാ നേതാവിന്റെ പ്രതികരണം.

'താലിബാൻ ഞങ്ങളെ സഹായിക്കും. കാരണം അവർ (ഇന്ത്യ) താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ട്' നീലം ഇർഷാദ് ഷെയ്ക്ക് വിശദീകരിച്ചു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്‌നവുമാണെന്നാണ് നേരത്തേ താലിബാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കാൻ ഏറ്റവും കൂടുതൽ സഹായം നൽകിയ പാക്കിസ്ഥാന് വേണ്ടി താലിബാൻ നിലപാട് മാറ്റിയേക്കുമെന്ന സൂചനയാണ് നീലം ഇർഷാദ് ഷെയ്ക്കിന്റെ വാക്കുകളിൽ ഉള്ളത്.



താലിബാനെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് പാക്കിസ്ഥാനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ അഷ്‌റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാക്കിസ്ഥാനികളെയാണ് അവർ ആയുധങ്ങൾ നൽകി അതിർത്തി കടത്തിയത്.

നരേന്ദ്ര മോദി സർക്കാർ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതോടെ അവിടെ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകായിരുന്നു. സൈന്യത്തിന്റെ ശക്തമായ ഇടപെടൽ കാരണം ഭീകര പ്രവർത്തനത്തിനും ഏറക്കുറെ അറുതിവന്ന മട്ടാണ്. അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



അതേസമയം, അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുകയാണ്. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ അടക്കം തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇന്ത്യൻ വ്യോമസേന വിമാനം നാല് ദിവസം കൂടി കാബൂളിൽ തുടരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് വ്യാഴാഴ്ച ചേരുന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടും.



അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം മുപ്പത്തിയൊന്നിന് അവസാനിപ്പിക്കും എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇനി എത്ര ഇന്ത്യക്കാർ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളുടെ ക്യാംപുകളിൽ ജോലി ചെയ്ത നൂറിലധികം പേർ ഇനിയും ഉണ്ടാകും എന്നാണ് സൂചന. വിമാനത്താവളത്തിൽ എത്തുന്നവരെ താജിക്കിസ്ഥാനിൽ എത്തിക്കാൻ വ്യോമസേന വിമാനം തല്ക്കാലം അവിടെ തങ്ങും. ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്ന സിഖ് സമുദായ അംഗങ്ങളായ അഫ്ഗാൻ പൗരന്മാരെയും മുപ്പത്തിയൊന്നിന് മുമ്പ് എത്തിക്കാനാണ് ശ്രമം.

അതിനിടെ, അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച എത്തിയ മലയാളിയായ സിസ്റ്റർ തെരേസ ക്രാസ്റ്റ ഉൾപ്പടെയുള്ളവരെ നിരീക്ഷണത്തിലാക്കി. രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്നിനാണ് സർക്കാർ വിളിച്ച് സർവ്വകക്ഷിയോഗം ചേരുന്നത്. സർക്കാർ പറയുന്ന നിലപാട് നോക്കി പ്രതികരണം അറിയിക്കും എന്ന് നേതാക്കൾ പറഞ്ഞു. താലിബാനോടുള്ള ഇന്ത്യൻ നിലപാട് എന്തെന്ന് പ്രതിപക്ഷം ആരായും. പാക് കേന്ദ്രീകൃത സംഘടനകളുടെ അഫ്ഗാനിസ്ഥാനിലെ സാന്നിധ്യത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിലിൽ ആഞ്ഞടിച്ചിരുന്നു. എന്നാൽ താലിബാനെക്കുറിച്ച് തല്ക്കാലം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ പരാമർശിക്കുന്നില്ല