ഒറ്റപ്പാലം: തമിഴ്‌നാട്ടിലെ തിരുട്ട് സംഘം പാലക്കാടിന്റെ ഉറക്കം കെടുത്തുകയാണ്. അക്രമകാരികളായ കുറവ സംഘം സംസ്ഥാനാതിർത്തിയിൽ താവളമാക്കിയിട്ടുണ്ടെന്ന സൂചനകൾ പാലക്കാടിനെ ഭീതിയിലാക്കുന്നു. വർഷങ്ങൾക്കു മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധരായ തമിഴ് കുറവ സംഘാംഗങ്ങളാണ് കവർച്ചകൾക്ക് വീണ്ടും എത്തുന്നത്.

പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതിയാണ് കുറവ സംഘത്തിന്റേത്. ഈ ടീം വീണ്ടും പാലക്കാട് എത്തിയെന്നാണ് ആശങ്ക. കുറുവ കവർച്ച സംഘങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന തിരുട്ടുഗ്രാമങ്ങളും തമിഴ്‌നാട്ടിലും ഇതര സംസ്ഥാനങ്ങളിലുമുണ്ടെന്നും പൊലീസ് പറയുന്നു.

കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവർ ആയുധ പരിശീലനം നേടിയവരാണ്. ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയുണ്ട്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച് കീഴ്‌പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലി.

ഇവിടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. നായുമായി കറങ്ങി നടക്കുന്ന കൂട്ടം. ഒരു വ്യാഴവട്ടക്കാലം മുൻപ് അറസ്റ്റിലായ പരുത്തിവീരനും സംഘവും വീണ്ടും പാലക്കാട് എത്തിയെന്നാണ് ആശങ്ക. 2008 ലും 2010ലുമായാണ് പതിനഞ്ചോളം മോഷ്ടാക്കളെ പിടികൂടിയത്. ഇവർക്കെതിരായ കേസുകളെല്ലാം ഇപ്പോഴും കോടതിയിലാണ്.

ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് 2008ൽ പത്തിലേറെ പേരും, മറ്റൊരു സംഘം 2010ൽ മലപ്പുറം മക്കരപറമ്പിൽ നിന്നുമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കളിൽ പരുത്തിവീരനു പുറമേ കൃഷ്ണൻ, വീരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു.

ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ അൻപതോളം കേസുകൾ ഉണ്ടെന്നായിരുന്നു. സംസ്ഥാനത്താകെ നൂറോളം കേസുകളും. ഐജി വിജയ് സാഖറെ ജില്ലാ പൊലീസ് മേധാവിയായിരുന്ന കാലത്താണ് ഈ കള്ളന്മാരെ പിടികൂടിയത്.

അന്നും കുറുവ സംഘത്തലവനായിരുന്ന മലയാളത്താനെ പോലുള്ള കുപ്രസിദ്ധരെ പിടികൂടാനായിരുന്നില്ല. ഈ സംഘമാണ് വീണ്ടും പാലക്കാട് എത്തിയതെന്നാണ് നിഗമനം. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള തമിഴ്‌നാട് പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അതിർത്തി ഗ്രാമങ്ങളിലുൾപ്പെടെ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

മാരകായുധങ്ങളുമായി നടന്നു നീങ്ങുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണു ദേശീയപാതയോരത്തെ വ്യാപാര കേന്ദ്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. പോത്തനൂർ, മധുക്കര, ചാവടി, വാളയാർ കേന്ദ്രീകരിച്ചാണ് ഇവരുടെ സഞ്ചാര ദിശ. തമിഴ്‌നാട് കേരള അതിർത്തിയോട് ചേർന്നുള്ള മധുക്കരയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇവരെ കണ്ടെത്തിയത്.

കവർച്ച നടത്താനെത്തുന്നതും വീടുകളിൽ കയറി സാധനങ്ങളുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ കേരളത്തിലേക്കും കടന്നിട്ടുണ്ടാകാമെന്നാണു പൊലീസ് സംശയിക്കുന്നത്.