കുട്ടനാട്: കൈനകരി പള്ളാത്തുരുത്തിയിൽ ആറുമാസം ഗർഭിണിയായ യുവതിയെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36) സോഷ്യൽ മീഡിയയിലെ പ്രധാന ഇരപിടുത്തക്കാരൻ. പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിത(32)യെ ഇയാൾ കൊലപ്പെടുത്തിയത് എല്ലാ ആവശ്യങ്ങളും നിറവേറ്റിയ ശേഷമാണ്. രണ്ട് കാമുകിമാർക്കുമൊപ്പം കഴിയാനുള്ള അതിമോഹത്തെ ഒരാൾ എതിർത്തതോടെയാണ് കൊലപതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി (38)യുമാണ് പിടിയിലായത്.

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. നെടുമുടി പൊലീസ് അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു വ്യക്തമായത്.

ഏറെ നാളായി അനിത രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രഭീഷിനൊപ്പം നാടു വിട്ടിരുന്നു. സോഷയ്ൽ മീഡിയ വഴി പരിചയപ്പെട്ട് ഇവർ കായംകുളത്തെ ഒരു അഗ്രികൾച്ചർ ഫാമിൽ ജോലി ചെയ്യുമ്പോൾ ബന്ധം ഊഷ്മളമാക്കുകയായിരുന്നു. പിന്നീട് പ്രണയമായി ബന്ധം വളർന്നപ്പോൾ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു വരികയായിരുന്നു.

ആലത്തൂരിലുള്ള ഒരു അഗ്രികൾച്ചർ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ പ്രഭീഷിൽ നിന്നും ഗർഭിണിയാകുകയും ചെയ്തു. ഈ കാലയളവിൽ ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു. പ്രബീഷിൽ നിന്നും
ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല.

ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രണ്ട് കാമികുമാർക്കുമൊപ്പം കഴിയാനാണ് പ്രബീഷ് ആഗ്രഹിച്ചത്. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതിനായി ആസൂത്രിത നീക്കമാണ് പ്രബീഷ് നടത്തിയത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. രജനിയുടെ വീട്ടിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്.

ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. വീടിനു സമീപത്തെ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. ഇതാണ് പ്രബീഷിന്റെ കണക്കു കൂട്ടൽ തെറ്റിച്ചത്. മൃതദേഹം ഉദ്ദേശിച്ച സ്ഥലത്ത് ഉപേക്ഷിക്കാൻ സാധിച്ചില്ല. ഇതേതുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്.

മരണം കൊലപാതകമാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ ശേഷം 5 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രബീഷ് പലരെയും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തോക്കുകൾ, കൃത്യം നടത്തിയപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പ്രതികളുടെയും അനിതയുടെയും ഫോണുകൾ, മൃതദേഹം ആറ്റിൽ തള്ളാൻ ഉപയോഗിച്ച വള്ളം എന്നിവയും കസ്റ്റഡിയിലെടുത്തു.

അമ്പലപ്പുഴ ഡിവൈഎസ്‌പി എസ്‌പി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നെടുമുടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്ഥിരീകരണം ലഭിച്ച് 5 മണിക്കുറിനകം പ്രതികളെ പിടികൂടാനായതായി ഡിവൈഎസ്‌പി പറഞ്ഞു. അനിതയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുന്നപ്രയിലെ പൊതു ശ്മശാനത്തിൽ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മറവ് ചെയ്തു.