കൊൽക്കത്ത: ബിജെപിയെ പ്രതിരോധത്തിലാക്കി ബംഗാളിൽ യുവനേതാവ് മയക്കുമരുന്നു കേസിൽ അറസ്റ്റിൽ. ബിജെപി യുവനേതാവ് പമേല ഗോസ്വാമിയാണ് മയക്കുമരുന്നുമായി കൊൽക്കത്തയിൽ അറസ്റ്റിൽ. ലക്ഷങ്ങൾ വിലമതിക്കുന്ന കൊക്കെയ്‌നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കൈവശം 100 ഗ്രാം കൊക്കൈയിനാണ് ഉണ്ടായിരുന്നത്. കാറിലെ സീറ്റിനടിയിൽ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ലക്ഷങ്ങൾ വില വരുന്ന മയക്കമരുന്നാണ് ഗോസ്വാമിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് യുവമോർച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് പ്രോബിർ കുമാർ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിട്ടുണ്ട്. പമേല മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

കൊൽക്കത്തയിലെ അലിപോര ഏരിയയിൽ എൻ.ആർ അവന്യുവിന് സമീപമായിരുന്നു കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. അതേസമയം, പമേലയുടെ അറസ്റ്റിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.