പന്തളം: വാഴയില വെട്ടാൻ വന്നവർ വയോധികയെ കെട്ടിയിട്ടു സ്വർണവും പണവും കവർന്നു. കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻ പിള്ളയുടെ ഭാര്യ റിട്ട. അദ്ധ്യാപിക ശാന്തകുമാരി(72)യുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് മോഷണം നടന്നത്.

ക്ഷേത്രത്തിൽ സദ്യയ്ക്കായി വാഴയില വേണമെന്നാവശ്യപ്പെട്ടാണു മോഷ്ടാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാൻ പിച്ചാത്തി എടുത്തു നല്കാനായി വീടിനുള്ളിലേക്കു കയറിയ വൃദ്ധയുടെ പിന്നാലെ ചെന്ന ഇരുവരും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് വൃദ്ധയെ പിടികൂടി കൈകൾ ബന്ധിക്കുകയും തോർത്തുപയോഗിച്ച വായ മൂടിക്കെട്ടുകയും ചെയ്തു.

ആദ്യം മുക്കാൽ പവൻ വീതമുള്ള മൂന്നു വളകൾ, കമ്മൽ, മോതിരം ഉൾപ്പെടെയുള്ള നാലു പവൻ സ്വർണ്ണാഭരണങ്ങൾ ഊരി വാങ്ങി. തുടർന്ന് അലമാരയുടെ താക്കോൽ കൈക്കലാക്കി അതിൽ നൂക്ഷിച്ചിരുന്ന 8,000 രൂപയും കവർന്നു. തന്നെ ഉപദ്രവിക്കരുതെന്നു ശാന്തകുമാരി അപേക്ഷിച്ചതിനേത്തുടർന്നു കവർച്ചക്കാർ കെട്ടഴിച്ചു വിട്ടു.

1000 രൂപ തിരിച്ചു നല്കിയ മോഷ്ടാക്കളിലൊരാൾ ശാന്തകുമാരിയുടെ കാലിൽ തൊട്ടു വന്ദിച്ചിട്ടാണു പോയത്. ശാന്തകുമാരി മക്കളായ ചെങ്ങന്നൂരിലുള്ള സീമയെയും ചാരുംമൂട്ടിലുള്ള സ്മിതയെയും വിവരമറിയിച്ചു. അവർ അറിയിച്ചതിനേത്തുടർന്നു പന്തളം പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പരിസരവാസികളായ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പ്രതികളിൽ ഒരാൾ ഇടതു നേതാവിന്റെ സഹോദരനാണെന്നും പറയപ്പെടുന്നു.