ചണ്ഡീഗഡ്: ജനഹിതം മനസ്സിലാക്കിയുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയാണ് പഞ്ചാബിലെ ആം ആദ്മി സർക്കാർ. സുരക്ഷയെന്ന പേരിൽ ഖജനാവിനെ കൊള്ളയടിക്കുന്ന നേതാക്കളുടെ സുരക്ഷ വെട്ടിച്ചുരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. മുൻ മന്ത്രിമാരും എംഎ‍ൽഎമാരും ഉൾപ്പെടെ 424 വി.െഎ.പികളുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും നിരവധി മതനേതാക്കളും രാഷ്ട്രീയ പ്രമുഖരും അടക്കമുള്ളവർക്കാണ് സുരക്ഷ നഷ്ടമായിരിക്കുന്നത്.

പഞ്ചാബ് മുൻ ഡി.ജി.പി പി.സി ദോഗ്ര, മജിത എംഎ‍ൽഎ ഗനീവ് കൗർ എന്നിവർ പുതിയ പട്ടികയിലുണ്ട്. ഈ മാസം ആദ്യം അകാലിദൾ ലോക്സഭാ എംപി ഹർസിമ്രത് കൗർ ബാദൽ, മുൻ കോൺഗ്രസ് എംപിയും ഇപ്പോഴത്തെ ബിജെപി നേതാവുമായ സുനിൽ ജാഖർ, പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി ഒ.പി സോണി, എംപി. ഹർസിമ്രത് കൗർ ബാദൽ, മുൻ ക്യാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിങ്ല എന്നിവരുടെയും ഉൾപ്പെടെ എട്ടുപേരുടെ സുരക്ഷയാണ് പിൻവലിച്ചിരുന്നത്.

അതിൽ പർമീന്ദർ സിങ് പിങ്കി, രജീന്ദർ കൗർ ഭട്ടൽ, നവതേജ് സിങ് ചീമ, കേവൽ സിങ് ധില്ല്യോൺ എന്നിങ്ങനെ നാല് മുൻ എംഎ‍ൽഎമാരും ഉൾപ്പെടും. ഈ എട്ട് പേരിൽ അഞ്ച് പേർക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേർക്ക് വൈ പ്ലസും ഉണ്ടായിരുന്നു. 127 പൊലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരെ സംരക്ഷിച്ചത്. പഞ്ചാബിലെ വി.ഐ.പികളുടെ സുരക്ഷ എ.എ.പി സർക്കാർ നീക്കം ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ആദ്യ രണ്ട് ഉത്തരവുകളിൽ മുൻ എംഎ‍ൽഎമാരും എംപിമാരും മന്ത്രിമാരും ഉൾപ്പെടെ 184 പേരുടെ സുരക്ഷ സംസ്ഥാനം പിൻവലിച്ചിരുന്നു.

അതിനിടെ, അമൃത്സർ-കൊൽക്കത്ത സംയോജിത ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള 6.66 കോടി രൂപയുടെ പഞ്ചായത്ത് ഭൂമി നഷ്ടപരിഹാരം തിരിമറി നടത്തിയതിന് രണ്ട് സർപഞ്ചുമാർ, എട്ട് പഞ്ചുമാർ, രണ്ട് പഞ്ചായത്ത് സെക്രട്ടറിമാർ, ഒരു ജൂനിയർ എൻജിനീയർ, 10 സ്ഥാപനങ്ങൾ, നാല് സ്വകാര്യ വ്യക്തികൾ എന്നിവർക്കെതിരെ കേസെടുത്തതായി സംസ്ഥാന സർക്കാർ അറിയിച്ചു.