പന്തളം: മുട്ടിന് മുട്ടിന് ദളിത് സ്്നേഹവും സ്ത്രീ സ്വാതന്ത്ര്യവും ഉദ്ഘോഷിക്കുകയും കാര്യത്തോട് അടുക്കുമ്പോൾ വിധം മാറുകയും ചെയ്യുന്ന എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. സിപിഎം പ്രായം കുറഞ്ഞ മേയറെയും പഞ്ചായത്ത് പ്രസിഡന്റിനെയും കാണിച്ച് ഞെട്ടിച്ചെങ്കിൽ അതിനേക്കാൾ മാസായിരിക്കുകയാണ് ബിജെപി പന്തളം നഗരസഭയിൽ. അധ്യക്ഷ പദം ജനറൽ ആയ ഇവിടെ പട്ടികജാതി വനിതയെ ചെയർപേഴസൺ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ജനറൽ വാർഡിൽ നിന്ന് വിജയിച്ച സുശീല സന്തോഷാകും ഇവിടെ ചെയർപേഴ്സൺ. 50 വോട്ടിനായിരുന്നു മുടിയൂർക്കോണം വാർഡിൽ നിന്നും സുശീലയുടെ വിജയം. കേവല ഭൂരിപക്ഷത്തോടെയാണ് ഇവിടെ ബിജെപി ഭരണം പിടിച്ചത്. 33 അംഗ കൗൺസിലിൽ 18 സീറ്റ് നേടി കേവലഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് അഞ്ചും സീറ്റാണുള്ളത്. ഒരു സ്വതന്ത്രനുംവിജയിച്ചു. ബിജെപിയിൽ നിന്ന് വിജയിച്ചവരിൽ ഏറെയും വനിതകളാണ്.

സുശീല ജയിച്ച 33-ാം വാർഡ് ജനറൽ ആണ്. ഡിസിസി ജനറൽ സെക്രട്ടറി ഡിഎൻ ത്രീദീപിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടായിരുന്നു വിജയം. നാലു ജനറൽ പുരുഷന്മാരോടായിരുന്നു സുശീലയുടെ മത്സരം. പട്ടികജാതിക്കാർ ഏറെയുള്ള വാർഡിൽ മറ്റുള്ളവർ ജനറൽ വിഭാഗക്കാരെ മറ്റു മുന്നണികൾ സ്ഥാനാർത്ഥി ആക്കിയപ്പോൾ പട്ടികജാതി വനിതയെ പരിഗണിച്ച ബിജെപി തന്ത്രം വിജയിക്കുകയായിരുന്നു.

25ാം വാർഡിൽ നിന്ന്വിജയിച്ച് യു രമ്യയാണ് വൈസ് ചെയർപേഴ്സൺ. അധ്യക്ഷ പദവി രണ്ടും വനിതകൾക്ക് നൽകിയ ബിജെപിയുടെ നീക്കം മറ്റു മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ സുശീല എംഎസ്എസി ബിരുദധാരിണിയാണ്. ഭർത്താവ് സന്തോഷ് ഈഴവ സമുദായത്തിൽപ്പെട്ടയാളാണ്. നായർ സമുദായാംഗങ്ങൾ ഏറെയുള്ള പന്തളത്ത് ബിജെപി ഏറെയും വിജയിച്ചത് പിന്നാക്ക-പട്ടിക ജാതിക്കാർ കൂടുതലുള്ള വാർഡുകളിലാണ്. സുശീലയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിമണിക്കാൻ ഇതും കാരണമായി.