മലപ്പുറം: പന്താവൂരിൽ ആറ് മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട ഇർഷാദിന്റെതെന്ന് കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് ദിവസമായി ഇവിടെ തിരച്ചിൽ തുടരുകയായിരുന്നു. ഇർഷാദിന്റെ മൃതദേഹം ഈ കിണറ്റിലാണ് തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. കിണറ്റിൽ രണ്ട് ദിവസമായി നടക്കുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. നടുവട്ടത്തെ മാലിന്യങ്ങൾ തള്ളുന്ന കിണറ്റിൽ കൊന്ന് തള്ളി എന്നാണ് പ്രതികൾ പറഞ്ഞത്.

ഇതേത്തുടർന്ന് ഇന്നും മാലിന്യം നീക്കി കിണറ്റിൽ തിരച്ചിൽ തുടരുകയായിരുന്നു. ഇർഷാദിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം, മൃതദേഹം നടുവട്ടം പൂക്കരത്തറയിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളായ സുഭാഷ്, എബിൻ എന്നിവർ പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കളായിരുന്ന മരിച്ച ഇർഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഇർഷാദ് പണം തിരിച്ചു ചോദിച്ചു.ഇതാണ് കൊലക്ക് കാരണം.പൂജ നടത്താനെന്ന പേരിൽ കണ്ണും കൈകളും കെട്ടിയശേഷം തലയ്ക്കടിച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു.

അതേ സമയം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഇർഷാദിന്റേത് തന്നെയാണോയെന്ന് തിരിച്ചറിയാൻ രാസപരിശോധനകളും ഡിഎൻഎ പരിശോധനകളും നടത്തും. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ മൃതദേഹം കണ്ടെത്തുകയെന്നത് ഏറെ നിർണായകമായിരുന്നു.
അറസ്റ്റിലായ വട്ടംകുളം സ്വദേശികളും ഇർഷാദിന്റെ സുഹൃത്തുക്കളുമായ അധികാരിപ്പടി വീട്ടിൽ സുഭാഷ് (35), മേനോംപറമ്പിൽ എബിൻ (27) എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇർഷാദിന്റെ മരണം ഉറപ്പാക്കിയ ശേഷം ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് ചാക്കിലുമാക്കി പുലർച്ചെ മൃതദേഹം കാറിൽ കൊണ്ടുപോയി പൂക്കരത്തറയിലെ കിണറ്റിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇർഷാദിന് പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് നേരത്തേ 5 ലക്ഷം രൂപ സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്ന് വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂൺ 11ന് രാത്രി 9ന് ഇർഷാദ് ഒന്നരലക്ഷം രൂപയുമായി പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാർട്ടേഴ്‌സിൽ എത്തി. പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇർഷാദിന്റെ കണ്ണും കൈകളും കെട്ടി. മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കും പുറകിൽ അടിച്ചുവീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊണ്ടു പോയത് വാടകയ്ക്ക് എടുത്ത കാറിലാണെന്നും പൊലീസ് പറഞ്ഞു.