തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന സൂചന തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകും. മാറി വരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന ആരോപണം അദ്ദേഹം വീണ്ടും ആവർത്തിച്ചു. എൽഡിഎഫിനെ തോൽപ്പിക്കാൻ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. ബിജെപി എന്ന പേര് ഉച്ചരിക്കാൻ പോലും യുഡിഎഫ് ഭയപ്പെടുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വാതിലിൽ മുട്ടുന്നത് രാഷ്ട്രീയ മാന്യതയല്ല. കോൺഗ്രസിന്റെ സമ്പൂർണ്ണ തകർച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.