കാസർകോട്: പെരിയ ഇരട്ടക്കൊലപാത കേസിലെ സിബിഐ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. സിബിഐ അന്വേഷണത്തിൽ അറസ്റ്റിലാകാതെ ചിലർ ഇപ്പോഴും പുറത്തുണ്ടെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. ഏതെങ്കിലും തരത്തിൽ നിയമ നടപടി സാധ്യമാണെങ്കിൽ അതിനും തയാറാണ് .ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. കൃത്യം നടന്നിട്ട് മൂന്നു വർഷമായി. തെളിവുകൾ പലതും നശിപ്പിക്കപ്പെട്ടുവെന്നും കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നര കോടിയിലധികം ചിലവഴിച്ച് നിതീക്കായി പോരാടുന്ന ഞങ്ങൾക്കെതിരെ സർക്കാർ പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നു കുറ്റപത്രത്തിലുണ്ട്. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ 24 പേർക്കെതിരെയാണു കുറ്റപത്രം.കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ചു മുറിവേൽപ്പിക്കൽ തെളിവ് നശിപ്പിക്കൽ, പ്രതികൾക്കു സംരക്ഷണം നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

സിപിഐഎം മുൻ പേരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.കുപ്രസിദ്ധ തീവ്രവാദ സംഘടനകളെ പോലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സിപിഐഎമെന്ന് പ്രതിപക്ഷ നേതാവ് സതീശൻ ആരോപിച്ചിരുന്നു. കൊലപാതകം നടത്തിയാൽ സംരക്ഷണം നൽകുമെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്. സംസ്ഥാന സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാകും എന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.