പെരുമ്പാവൂർ: പണം നൽകാനുള്ളവള്ളവരോട് ഇന്ന് വീട്ടിലെത്താൻ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ. ചിലരോടൊക്കെ നേരിലും മറ്റുചിലരോട് ഫോണിലും വിവരമറിയിച്ചിരുന്നതായും സൂചന. സ്ത്രീകളടക്കമുള്ളവർ വീട്ടിലെത്തി ബഹളം വച്ചിരുന്നതും താങ്ങാനായില്ല. കുടംബക്കാരുമായി അകൽച്ചയിലായിരുന്നതിനാൽ ആരും തിരിഞ്ഞുനോക്കാനുമുണ്ടായിരുന്നില്ല. കൂട്ടമരണം പുറത്തറിഞ്ഞത് അയൽക്കാരൻ പാല് വാങ്ങാൻ എത്തിയപ്പോൾ.

ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടം കയറിയാണ് ആത്മഹത്യയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായും കടക്കാരിൽ ചിലർ വീട്ടിലെത്തി ബഹളം വച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇവരിൽ ചിലരോട് ഡിസംബർ 31 നകം നൽകാമെന്ന് പറഞ്ഞാണ് ബിജു തിരിച്ചയച്ചതെന്നും ഇതിനെത്തുടർന്നുള്ള അപമാനത്താലും വിഷമത്താലുമാണ് കുടംബം ജീവനൊടുക്കിയതെന്നുമാണ് നിഗമനം.

ഹാളിലെ ഹുക്കിൽ പിതാവും മകനും കിടപ്പുമുറിയിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങിയ നിലിയിൽ കാണപ്പെട്ടിട്ടുള്ളത്. വീടിന്റെ ചുമരിൽ മൂന്നിടത്ത് തന്റെ ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പായി ഇതിനെ പൊലീസ് കാണുന്നു.

ബിജു അയൽവീടുകളിൽ പാൽ നൽകിയിരുന്നെന്നും സമയം കഴിഞ്ഞിട്ടും പാൽ ലഭിക്കാത്തതിനാൽ അയൽക്കാരിൽ ഒരാൾ വീട്ടിലെത്തിയപ്പോൾ ഭിത്തിയിലെ എഴുത്ത് കണ്ടെന്നും തുടർന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നെന്നുമാണ് അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.താമസിയാതെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.