കൊച്ചി: പെരുമ്പൂരിൽ നിന്നും കഴിഞ്ഞ ദിവസം വൻതോതിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. 250 കിലോ കഞ്ചാവ് എത്തിച്ച കേസിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇടനിലക്കാരെ തേടിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഒഡിഷയിൽ നിന്ന് ടാങ്കർലോറിയിൽ കടത്തിയ ലക്ഷങ്ങൾ വിലയുള്ള കഞ്ചാവാണ് വെള്ളിയാഴ്ച കുറുപ്പംപടിയിൽനിന്ന് പിടികൂടിയത്.

ലോറിഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് കേരളത്തിൽ വിതരണം നടത്തുന്ന ഇടനിലക്കാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സെൽവകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരം ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് ഇടുക്കിയിലെത്തിച്ച്, ഇടുക്കി ബ്രാൻഡിന്റെ പേരിൽ വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചും വിവരം ലഭിച്ചു.

വിനോദസഞ്ചാരകേന്ദ്രമായ ഇടുക്കിയിൽ കഞ്ചാവിനും ഹഷീഷ് ഓയിലിനും ആവശ്യക്കാർ കൂടുതലായതിനാൽ വിൽപ്പനയും വർധിച്ചുവെന്നാണ് എക്‌സൈസ് കണ്ടെത്തൽ. കമ്പം--തേനി വഴിയും അങ്കമാലി--പെരുമ്പാവൂർ വഴിയും ആലുവ--പെരുമ്പാവൂർ മേഖലയിലും കഞ്ചാവ് കടത്തുന്നതിന് പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി എക്‌സൈസ് വ്യക്തമാക്കി. ആന്ധ്രയിലെ പഡേരു ഗ്രാമത്തിൽനിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കൂടുതലായും എത്തിക്കുന്നത്. ഇവിടെ മലയാളികൾക്കും കഞ്ചാവുകൃഷി ഉണ്ടെന്നാണ് സൂചന.

രണ്ടുവർഷത്തിനിടെ എറണാകുളം റൂറൽ ജില്ലയിൽമാത്രം 800 കിലോ കഞ്ചാവാണ് പിടികൂടിയത്. കറുകുറ്റിയിൽനിന്ന് 370 കിലോ കഞ്ചാവും തടിയിട്ടപറമ്പിൽനിന്ന് 75 കിലോയും കല്ലൂർക്കാട്ടുനിന്ന് 45 കിലോയും പിടികൂടി. 70 പേരെ അറസ്റ്റ് ചെയ്തു. 37 വാഹനങ്ങളും പിടികൂടി. പെരുമ്പാവൂരിലെ ഉൾപ്പെടെ 12 പ്രധാന കഞ്ചാവുവേട്ട നടന്നതും രണ്ടുവർഷത്തിനിടെയാണ്.