കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടിന് പുറമേ സംഘടനയുമായി ബന്ധപ്പെട്ട ഓഫീസുകളിലും വ്യാപക റെയ്ഡാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് നടത്തുന്നത്. അതേസമയം ഡൽഹിയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരാണ് നടപടികൾ എന്നാണ് ലഭിക്കുന്ന സൂചന. ഡൽഹി കലാപത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കേസും രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്.

നേതാക്കളുടെ പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെടുക്കുന്നതിനാണു പരിശോധന എന്നാണ് അറിയുന്നത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേതാക്കളുടെ വീടുകളിൽ റെയ്ഡ് ആരംഭിച്ചത്. കൊച്ചി കളമശേരിയിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ.എം. അബ്ദുൽ റഹ്മാന്റെ വീട്ടിൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റസ്രുദീൻ ഇളമരത്തിന്റെ മലപ്പുറത്തുള്ള വീട്ടിലും കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.

കൊച്ചിയിൽനിന്നുള്ള സംഘമാണ് ഇവിടങ്ങളിൽ പരിശോധന നടത്തുന്നത് എന്നാണ് അറിയുന്നത്. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളിൽനിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുൻനിര നേതാക്കളുടെ എല്ലാം വീടുകളിൽ ഒരേസമയം പരിശോധന നടത്തുന്നത്. കൂടുതൽ നേതാക്കളുടെ വീടുകളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

പോപ്പുലർ ഫ്രണ്ടിന്റെ 7 ദേശീയ കൗൺസിൽ അംഗങ്ങളുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഒപ്പം പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാന മന്ദിരമായ കോഴിക്കോട് മീഞ്ചന്തയിലെ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേരളത്തിൽ ആദ്യമായാണ് പോപ്പുലർ ഫ്രണ്ടിന്റെ ഇത്രയധികം കേന്ദ്രങ്ങളിൽ ഒരേ സമയം വ്യാപക റെയ്ഡ് നടക്കുന്നത്.

നേരത്തെ തന്നെ പോപ്പുലർ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സംഘടനയെയും ചേർത്ത് ഫെബ്രുവരിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നിരുന്നു. അതിനുശേഷമാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടിലും ഇപ്പോൾ പരിശോധന നടക്കുന്നത്.

ഡൽഹി കലാപം ആസൂത്രണം ചെയ്തവർക്ക് സാമ്പത്തിക സഹായം നൽകിയെന്നും ഇത്തരത്തിൽ സഹായങ്ങൾ നൽകിയ സംഘടനകൾക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള പരാതികളാണ് ഇ.ഡി അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അതേസമയം ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരേ കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരാഴ്ച പിന്നിടുകയും ശക്തമാവുകയും ചെയ്യുന്നതിനിടെ, ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപക റെയ്‌ഡെന്ന ആരോപണമാണ് നസറുദ്ദീൻ എളമരം ഉന്നയിക്കുന്നത്.

കർഷകർ നടത്തുന്ന 'ഡൽഹി ഛലോ' മാർച്ചിന് ആദ്യഘട്ടത്തിൽ തന്നെ പോപുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം ഐക്യദാർഢ്യം അർപ്പിച്ചിരുന്നു. ഫാഷിസ്റ്റ ഭരണകൂടത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന കർഷക വിരുദ്ധ ബില്ലുകൾക്കെതിരേ രാജ്യത്തെ പൗരന്മാരെല്ലാം രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.