കണ്ണൂർ: ഇടതുമുന്നണിക്ക് ഭരണ തുടർച്ചയെന്ന ചരിത്രനേട്ടം സമ്മാനിച്ച ക്യാപ്റ്റന് കണ്ണുരിന്റെ ചുവന്ന മണ്ണിൽ ആവേശകരമായ സ്വീകരണംജന്മനാടിന്റെ വഴിയോരങ്ങളിൽ രക്തപതാകയേന്തിയ പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കി സ്വീകരണം നൽകി. മുഖ്യമന്ത്രിയായതിനു മൂന്ന് മാസത്തിന് ശേഷം ആദ്യമായി നാട്ടിലെത്തിയ പിണറായി വിജയന് ആവേശകരമായ സ്വീകരണമാണ് വഴിയോരങ്ങളിൽ നൽകിയത്.

എൽ.ഡി.എഎഫ് ഭരണത്തുടർച്ചയെത്തുടർന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് വിമാനത്താവളത്തിലും വഴിയോരങ്ങളിലും പാർട്ടി നേതാക്കളും പ്രവർത്തകരും അണിനിരന്ന് സ്വീകരണം നൽകുകയായിരുന്നു. തുടർന്ന് ജന്മനാടായ പിണറായിയിലേ വീട്ടിലേക്ക് മുഖ്യമന്ത്രിയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികൾ എംഎ‍ൽഎമാർ തുടങ്ങി നിരവധിയാളുകളാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത്.

കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം നേതാക്കളായ എം വി ജയരാജൻ, പി ജയരാജൻ, പി കെ ശ്രീമതി, സി എൻ ചന്ദ്രൻ , കെ പി മോഹനൻ , കെ പി സഹദേവൻ, കെ കെ ശൈലജ എന്നിവർ ഉൾപ്പെടെയുള്ള എൽ ഡി എഫ് നേതാക്കൾ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാരപേരാവൂർ, പാലയോട്, കീഴല്ലൂർ, തട്ടാരി, ചമ്പാട്, ഓടക്കാട് മമ്പറം, പിണറായി കമ്പിനിമെട്ട, പാണ്ട്യാലമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ, സഹകരണ ബാങ്ക് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ മുഖ്യമന്ത്രിയെ ചെങ്കൊടി ഉയർത്തി അഭിവാദ്യം ചെയ്തു.

.മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രി മുഹമ്മദ് റിയാസുമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ കെ.പി സഹദേവൻ അറിയിച്ചു. നാളെ കണ്ണൂർ ജില്ലയിൽ നടക്കുന്ന പാർട്ടി പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും