കൊല്ലം: ഈസ്റ്റർ, വിഷു, റംസാൻ എന്നിവയോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ കിറ്റും അരിയും പെൻഷനും വിതരണം ചെയ്യുന്നതിനെ എതിർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷം ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

പ്രളയ കാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബിജെപിക്കൊപ്പം നിന്നവരാണ് കോൺഗ്രസുകാർ. സ്‌കൂൾ കുട്ടികൾക്കുള്ള അരിവിതരണവും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു.പ്രതിപക്ഷത്തിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? വിഷുവും റംസാൻ വ്രതാരംഭവും വരുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജനങ്ങൾ കഷ്ടപ്പെടണമെന്ന് പ്രതിപക്ഷം എങ്ങനെയാണ് ചിന്തിക്കുന്നത്. വോട്ടിന് വേണ്ടിയിട്ടല്ല കിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ കടന്നുകയറ്റമാണ്. തെറ്റായ ഇടപെടലിന് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രഭരണകക്ഷി വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനും ഇതിൽ ഉത്തരം നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ യു ഡി എഫ് തയ്യാറല്ല.

എൽ ഡി എഫിന് തിരഞ്ഞെടുപ്പ് ജയിക്കാൻ ഒരു വർഗീയ ശക്തികളുടേയും സഹായം വേണ്ട. നാല് വോട്ടിന് വേണ്ടി നാടിനെ ബിജെപിക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. ഒരു കരിനിയമത്തിന് മുന്നിലും എൽ ഡി എഫ് വഴങ്ങില്ല. എൽ ഡി എഫിന് തീരദേശ മേഖലയിലുള്ള സ്വാധീനം കണ്ട് അത് എങ്ങനെയില്ലാതാക്കാമെന്നാണ് യു ഡി എഫ് ആലോചിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ എൽഡി എഫിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബിജെപി സഖ്യമെന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. മൂന്നുമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതിന് പിറകിലുള്ള രഹസ്യം ഈ ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു.

'ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചത് ബിജെപിയുമായുള്ള ഡീൽ ഉറപ്പിച്ചുവെന്നുള്ളതിന്റെ സ്ഥിരീകരണമാണ്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ മൂന്നുസീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥികളിടെ പത്രിക തള്ളിയതിന് പിന്നിലുള്ള രഹസ്യവും ഈ ഒത്തുകളിയാണ്. ഞങ്ങൾ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് മറയില്ലാതെയാണ്. ഞങ്ങൾക്ക് ഒരു വർഗീയ ശക്തിയുടെയും സഹായം വേണ്ട തിരഞ്ഞെടുപ്പിൽ ജയിക്കാൻ. വർഗീയതയോട് ഇടതുപക്ഷത്തിനും എൽഡിഎഫിനും ഒരു സന്ധിയുമില്ല. നാല് വോട്ടിന് വേണ്ടി അത്തരം നിലപാട് എടുക്കാൻ കഴിയില്ല.' മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ ബിജെപിക്ക് അടിയറ വെക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ബിജെപി പൗരത്വനിയമമുൾപ്പടെയുള്ള കാര്യങ്ങളുമായാണ് ഇറങ്ങിത്തിരിക്കുന്നത്. അസം തിരഞ്ഞെുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കിയ ബിജെപി. ദേശീയ അധ്യക്ഷൻ സൂചിപ്പിച്ചത് പൗരത്വനിയമം നടപ്പാക്കും എന്നാണ് പൗരത്വ രജിസ്റ്റർ പുതുക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ബംഗാളിൽ ബിജെപി പറയുന്നത് ആദ്യനിയമസഭാ യോഗത്തിൽ തന്നെ സിഎഎ നടപ്പാക്കാൻ തീരുമാനമെടുക്കുമെന്നാണ്. പൗരത്വ നിയമഭേദഗതിയുമായി അതിന്റെ ഭാഗമായ പൗരത്വ രജിസറ്ററുമായി മുന്നോട്ടുപോകുന്നമെന്നാണ് സംഘപരിവാർ പ്രഖ്യാപിക്കുന്നത്.'

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ വളരെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും എന്താണ് അത്തരമൊരു ഉറച്ച നിലപാട് എടുക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. 'എല്ലാ പൗരന്മാരും സമന്മാരാണ്. പൗരന്മാരെ തരംതിരിക്കാനാണ് ആർഎസ് എസിന്റെ നീക്കം കേരളത്തിൽ ചെലവാകില്ല. സിഎഎ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മേൽ കേന്ദ്രസർക്കാർ ഏൽപ്പിച്ച കനത്ത ആഘാതമാണ്.മതം പൗരത്വത്തിന്റെ അടിസ്ഥാനമാകരുത്. അതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ഇളക്കം തട്ടിയാൽ മതനിരപേക്ഷതയും ജനാധിപത്യവും തകരും.' മുഖ്യമന്ത്രി പറഞ്ഞു.