തിരുവവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം മുട്ടുമ്പോൾ പതിവായി പറയുന്ന വാക്കാണ് 'എനക്കറയില്ല' എന്നത്. സൈബർ ഇടത്തിൽ ട്രോൾ രൂപത്തിലായി കഴിഞ്ഞു ഈവാക്കും. മുല്ലപ്പെരിയാർ വിവാദം കത്തി നിൽക്കുമ്പോൾ ബേബി ഡാമിലെ മരം വെട്ടാൻ അനുമതി കൊടുത്ത സംഭവത്തിലും മുഖ്യമന്ത്രി താൻ ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. എന്നാൽ, മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ടി കെ ജോസ് എല്ലാം അറിഞ്ഞിരുന്നു. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ലെന്ന ചോദ്യം ഉയരുകയാണ്.

സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ ഏക പ്രതിനിധി കൂടിയായ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനും വിവാദ ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നാണു രേഖകൾ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹവും ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിനു മറുപടിയില്ല. അതോ മുഖ്യമന്ത്രിയെ സ്വാധീനിക്കാനും തമിഴ്‌നാടിന് സാധിച്ചോ എന്നും അറിയേണ്ടിയിരിക്കുന്നു. സിപിഎമ്മും ഡിഎംകെയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം ഇതോടെ ചർച്ചാ വിഷയമായിട്ടുണ്ട്. കോൺഗ്രസും മറ്റു പാർട്ടികളും ഈ വിഷയവും സജീവമായി ചർച്ചയാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെയും വനം ജലവിഭവ മന്ത്രിമാരെയും അറിയിക്കാതെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയതെന്ന സൂചനയാണു മന്ത്രിമാരുടെ പ്രതികരണത്തിലുള്ളത്. എന്നാൽ ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി മാത്രം വച്ചു സുപ്രധാന ഉത്തരവ് പുറത്തിറക്കാനാകുമോയെന്ന ചോദ്യവും ഉയരുന്നു. ഈ മാസം ഒന്നിന് ജോസിന്റെ ചേംബറിൽ നടന്ന യോഗത്തിലാണു മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനമെടുത്തത്. നടപടിക്രമങ്ങളുടെയും മരംമുറിക്കാൻ അനുമതി നൽകിയതിന്റെയും കത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൂടിയായ ചീഫ് വൈൽഡ് വാർഡൻ ബെന്നിച്ചൻ തോമസ് 5 ന് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്കും ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിട്ടും വനം മന്ത്രിയെ അറിയിച്ചില്ല.

ബേബി ഡാം ബലപ്പെടുത്തുന്നതിനായി 23 മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ടു തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എൻജിനീയർ 2015ലാണു സംസ്ഥാന വനംവകുപ്പിന് അപേക്ഷ നൽകിയത്. ഇതു പരിശോധിച്ച പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ, 19 മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകുന്നതിൽ തടസ്സമില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 30 ന് ചീഫ് വൈൽഡ് ലൈഫ് വാർഡനു കത്തയച്ചു.

മുല്ലപ്പെരിയാർ പാട്ടക്കരാറിലെ അഞ്ചാമത്തെ വ്യവസ്ഥ പ്രകാരം മെയ്ന്റനൻസ് ജോലികൾക്കായി തമിഴ്‌നാടിനു മരം മുറിക്കാം. എന്നാൽ മുറിച്ച മരങ്ങൾ ഉപയോഗിക്കാനോ, പെരിയാർ കടുവ സങ്കേതത്തിനു പുറത്തേക്കു കൊണ്ടുപോകാനോ പാടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ച ശേഷമാണ് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകി ചീഫ് വൈൽഡ് വാർഡൻ ഉത്തരവിറക്കിയത്. മുറിച്ചു മാറ്റുന്ന തടിയും വിറകും പാട്ടഭൂമിക്കു പുറത്തു തടയണ നിർമ്മാണത്തിനും മറ്റുമായി ഉപയോഗിക്കാൻ പെരിയാർ കടുവ സങ്കേതം (ഈസ്റ്റ് ഡിവിഷൻ) ഡപ്യൂട്ടി ഡയറക്ടർക്ക് ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.

മരം മുറിക്കാൻ അനുമതി നൽകിയ കേരള സർക്കാരിനെ അഭിനന്ദിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനു ശനിയാഴ്ച കത്തയച്ചപ്പോൾ മാത്രമാണു മുഖ്യമന്ത്രിയും വനംമന്ത്രി എ.കെ.ശശീന്ദ്രനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.

അതേസമയം പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പുള്ള വിഷയത്തിൽ സർക്കാറുമായി ഇടഞ്ഞ് സിപിഐയും രംഗത്തുവന്നിട്ടുണ്ട്. വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേ?ഹം കൂട്ടിച്ചേർത്തു. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നും കാനം കൂട്ടിച്ചേർത്തു. കേരളത്തിൽ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറക്കുകയും ചെയ്തു. കൂട്ടിയവർ കുറക്കട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.