തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലമായതിനാൽ മത്സ്യത്തൊഴിലാളികളുടെ വികാരം ഭയന്ന് ഇഎംസിസിയുമായി ഉണ്ടാക്കായി ധാരണാ പത്രത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ടു പോകുകയാണ്. പുറമേ നിന്നും നോക്കിയാൽ ഈ കരാറിൽ നിന്നും സർക്കാർ പിന്മാറുന്നതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നു കരുതും. എന്നാൽ, സംഭവത്തിലെ വാസ്തവം മറിച്ചാണ്. 

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ഇഎംസിസി കമ്പനിയെ സർക്കാറിന്റെ നിക്ഷേപ സംഗമ പരിപാടിയായ അസൻഡിലേക്ക് ക്ഷണിച്ചത് കെഎസ്‌ഐഡിസിയാണ്. ഇവരുമായി ഉണ്ടാക്കിയ കരാർ ഇനിയും റദ്ദാക്കിയിട്ടില്ല. മറിച്ച്, ഈ കരാറിന്റെ പിന്തുടർച്ചയായി കേരള സർക്കാർ സ്ഥാപനമായ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഇഎംസിസിയും ഒപ്പിട്ട ധാരണാപത്രമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. 

ഈ കരാർ റദ്ദാക്കുന്നതിലൂടെ കേരളത്തിലെ ഒരു പൊതുമേഖലാ കമ്പനിക്ക് ലഭിക്കുന്ന വലിയൊരു കരാറാണ് നഷ്ടമാകുന്നത്. ഇഎംസിസി കേരളത്തിൽ തന്നെ തുടരുന്ന പക്ഷം 400 ട്രോളറുകൾ നിർമ്മിക്കാനുള്ള കരാർ ഇനി സ്വകാര്യ മേഖലയിലേക്ക് പോകാനാണ് സാധ്യത കൂടുതൽ. ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്രയും വലിയ കരാർ ലഭിച്ചതോടെ ഇത് അട്ടിമറിക്കാൻ വലിയ ശ്രമങ്ങൾ തന്നെ നടന്നിരുന്നു. അവരുടെ നീക്കമാണ് ഇതോടെ വിജയം കാണുന്നതും. ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ കെഎസ്‌ഐഡിയുമായി കരാർ ഉണ്ടാക്കിയിരുന്നു. 2019 ഒക്ടോബർ നാലിന് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കേന്ദ്ര സർക്കാരിന് അയച്ച കത്താണ് പുറത്തു വന്നിരുന്നു.

മുഖ്യമന്ത്രിക്ക് ഈ പദ്ധതിയെക്കുറിച്ച് അറിവില്ലായിരുന്നു, മന്ത്രിമാർക്ക് അറിവില്ലായിരുന്നു എന്നൊക്കെയാണല്ലോ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് ഈ പദ്ധതിസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്. 3.10.2019 ൽ സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് ഈ പദ്ധതി സംബന്ധിച്ച് കത്തെഴുതിയിരുന്നു. അമേരിക്കയിൽ ന്യൂയോർക്ക് ആസ്ഥാനമാക്കിയിട്ടുള്ള ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യത്തിന്റെ സബ്സിഡയറി കമ്പനിയായ ഇ.എം.സി.സി. ഇന്റർനാഷണൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടൽ മത്സ്യബന്ധനം പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കൺസെപ്റ്റ് ലെറ്റർ സമർപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ ഈ കമ്പനിയുടെ ക്രെഡൻഷ്യൽസ് അന്വേഷിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്.

ഇതിൽ നിന്നു തന്നെ സംസ്ഥാന സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണ്. സംസ്ഥാന സർക്കാറിന്റെ നയംമാറ്റിയിരുന്നുവെന്നും ഇതിൽ നിന്നും വ്യക്തമാണ്. കെഎസ്‌ഐഡിസിയാണ് ഇക്കാര്യത്തിൽ കരാറിൽ ഏർപ്പെട്ടത്. ഈ ധാരണാപത്രം നിലനിൽക്കുന്നത്. ഇഎംസിസിയുമായി ആദ്യമുണ്ടാക്കി മന്ത്രിതലത്തിൽ ധാരണയിൽ എത്തിയ ശേഷമാണ് കരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഇഎംസിസി ധാരണയിൽ എത്തിയത്. ഇത് പ്രകാരം വലിയൊരു നിർമ്മാണ കരാർ പൊതുമേഖലാ സ്ഥാപനത്തിലേക്ക് കൊണ്ടുവരികയാണ് എംഡി പ്രശാന്ത് ചെയ്തത്. എന്നാൽ, ഈ കരാർ ലഭിക്കാൻ വേണ്ടി പിടിവലി നടത്തി മറ്റ് സ്വകാര്യ കമ്പനികളും രംഗത്തുണ്ടായിരുന്നു. ഇപ്പോൾ നിർമ്മാണ കരാർ റദ്ദാക്കുകയും ആഴക്കടലിൽ മീൻപിടിക്കാനുള്ള അനുമതി റദ്ദാക്കാതിരിക്കുകയും ചെയ്തതോടെ പൊതുമേഖലാ സ്ഥാപനത്തിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

സർക്കാർ പദ്ധതി വിശദമായി പരിശോധിക്കുകയും, കേന്ദ്രത്തോട് എഴുതി ചോദിക്കുകയും ചെയ്തശേഷമാണ് ഈ പദ്ധതി അസന്റിൽ വയ്ക്കുയും ധാരാണപത്രം ഒപ്പിടുകയുമൊക്കെ ചെയ്തത്. അല്ലാതെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പോലെ ഒരു ദിവസം ആകാശത്ത് നിന്ന് പൊട്ടിവീണതായിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ്.പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ കരാർ റദ്ദാക്കിയതിലും നിഴലിക്കുന്നത് കള്ളക്കളി തന്നെയാണ്.

കേരളത്തിലെ മൽസ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതകുന്ന പദ്ധതി എന്ന വിധത്തിലായിരുന്നു 2950 കോടി രൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലും ഒപ്പുവെച്ചിരുന്നു. കെഎസ്ഐഎൻസി എം. ഡി എൻപ്രശാന്തും ഇഎംസിസി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസുമായിരുന്നു ധാരണാപത്രത്തിൽ ഒപ്പുവെച്ചവർ.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'അസൻഡ് 2020' നിക്ഷേപസമാഹരണ പരിപാടിയിൽ ഇഎംസിസിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നതെന്ന് അന്ന് തന്നെ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ അറിയിക്കുകയുണ്ടായി. ആഴക്കടൽ മൽസ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമ്മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. മൽസ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെഎസ്ഐഎൻസിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തിൽ നിർമ്മിക്കുക. നിലവിൽ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്. ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്ന ഈ മത്സ്യബന്ധന പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിൽ പൂർണമായും കേരളത്തിന്റെ കയ്യൊപ്പു പതിയുമെന്നായുന്നു ധാരണ.

ഇഎംസിസിക്ക് ട്രോളറുകൾ നിർമ്മിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് കെഎസ്ഐഎൻസി ഒരുക്കിക്കൊടുക്കുന്നത്. ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളർ നിർമ്മിക്കാൻ ഉണ്ടാകുന്ന ചെലവ്. ഇവ നിലവിലെ മൽസ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യാനുമാണ് ഉദ്ദേശിച്ചിരുന്നത്. ഇത്രയും ട്രോളറുകൾ മൽസ്യബന്ധനം നടത്തി തിരിച്ചെത്തുമ്പോൾ അവയ്ക്ക് അടുക്കാൻ നിലവിൽ കേരളത്തിലെ ഹാർബറുകളിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാണ് പുതിയ ഹാർബറുകളും കെഎസ്ഐഎൻസി വികസിപ്പിക്കാൻ തയ്യാറെടുത്തത്. ഇത്തരത്തിൽ ആഴക്കടൽ മൽസ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മൽസ്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇഎംസിസി കേരളത്തിൽ യൂണിറ്റുകൾ തുറക്കുംമെന്നുമായിരുന്നു ധാരണ.

കെഎസ്ഐഎൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വർക്ക് ഓർഡറായിരുന്നു 400 ട്രോളറുകൾ നിർമ്മിക്കാനുള്ളത്. ഇതാണ് ഇപ്പോൾ വിവാദങ്ങളെ തുടർന്ന് റദ്ദാക്കാൻ ഒരുങ്ങുന്നത്. പൊതുമേഖല കൈവിട്ടാലും ഇഎംസിസി സ്വകാര്യ മേഖലയെ സമീപിക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന സൂചന.