തിരുവനന്തപുരം: തുടർഭരണത്തിന്റെ ചരിത്ര നേട്ടവുമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 2 മാസം തികയുന്നു. നിപ്പ. പ്രളയം, കോവിഡ് പോലുള്ള പ്രതിസന്ധികളെ അവസരമാക്കിക്കൊണ്ടാണ് പിണറായി സർക്കാർ തുടർഭരണത്തിലേയ്ക്ക് കൈപിടിച്ചുകയറിയത്. തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒട്ടുമുക്കാലും യാഥാർത്ഥ്യമാക്കിയെന്ന നേട്ടവും തുടർഭരണത്തിലേയ്ക്കുള്ള പാത സുഗമമാക്കി. എന്നാൽ തുടർഭരണമായതുകൊണ്ടുതന്നെ പതിവിന് വിപരീതമായി മധുവിധു കാലത്തിന്റെ ഇളവ് പോലുമില്ലാതെയാണ് വിവാദങ്ങളുടെ പെരുമഴയുണ്ടായത്.

പുതിയ സർക്കാർ അധികാരത്തിലെത്തി പുതുമോടി കഴിയുംമുമ്പാണ് മരംകൊള്ള വിവാദമാകുന്നത്. കഴിഞ്ഞ വനം- റവന്യു മന്ത്രിമാരും നിലവിടെ വനം- റവന്യു മന്ത്രിമാരും പ്രതിക്കൂട്ടിൽ നിൽക്കുന്ന മരംകൊള്ളയുടെ അനുരണനങ്ങൾ ഇതുവരെയും ശമിച്ചിട്ടില്ല. ആ വിഷയത്തിൽ പ്രവർത്തകരെ പോലും വിശ്വസിപ്പിക്കാൻ കഴിയുന്ന മറുപടി സർക്കാരിനില്ല. മാത്രമല്ല അടിക്കടി ഉണ്ടാകുന്ന പീഡന- തട്ടിപ്പ് കേസുകളിൽ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളാകുന്നതും സ്വർണക്കടത്ത് കേസിലെ പാർട്ടി ബന്ധവും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ദേശീയതലത്തിൽ ചർച്ചയായ കിറ്റെക്സ് വിവാദം സർക്കാരിനും കേരളത്തിനാകെയും തിരിച്ചടിയായി. കോവിഡ് മരണക്കണക്കിലെ പൊരുത്തക്കേടുകള് പുറത്തുവന്നതും സർക്കാരിന്റെ അവകാശവാദങ്ങളെ സംശയ നിഴലിലാക്കിട്ടുണ്ട്.

രണ്ട് മാസത്തെ ഭരണനേട്ടങ്ങൾ

രണ്ടാമത് അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യകൂടിക്കാഴ്ചയിൽ തന്നെ തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച ഉറപ്പ് വാങ്ങാൻ സാധിച്ചത് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നേട്ടമായി. സിൽവർലൈൻ വേഗ റെയിൽപാതയ്ക്കു പിന്തുണ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ ബജറ്റിലെ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമായിരുന്നു. അതിൽ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ജനപിന്തുണ നേടിയെടുത്തു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ, 100 ദിവസം കൊണ്ട് 77,350 പേർക്കു തൊഴിൽ, 10,000 പേർക്കു വീട് എന്നീ ബജറ്റ് പ്രഖ്യാപനങ്ങളും ജനങ്ങൾ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. പ്രതിമാസം 30 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് സൗജന്യ വൈദ്യുതി സാധാരണക്കാരന്റെ ആവശ്യമറിയുന്ന പ്രഖ്യാപനമായിരുന്നു. 7000 അദ്ധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകിയതും ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വളരെ വ്യാപകമായി ഉയർന്നുവന്ന ആവശ്യമായിരുന്നു ഇത്. ചെറുകിട വ്യവസായത്തിന് 1416 കോടിയുടെ സഹായവാഗ്ദാനവും പ്രശംസിക്കപ്പെട്ടു. സൗജന്യ കിറ്റ് വിതരണത്തിന്റെ തുടർച്ചയും പരക്കെ കയ്യടി നേടി.

കോവിഡ് വ്യാപനത്തിനിടയിലും വിജയകരമായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ നടത്താൻ സർക്കാരിന് സാധിച്ചിരുന്നു. ഒരുപാട് വിമർശനങ്ങൾ പരീക്ഷാനടത്തിപ്പിനെ പറ്റി ഉയർന്നിരുന്നെങ്കിലും അത് വിജയകരമായി നടത്താൻ സാധിച്ചത് സർക്കാരിന്റെ നേട്ടമായി കാണുന്നവരുണ്ട.

റവന്യു സെക്രട്ടേറിയറ്റ് രൂപീകരിച്ചതും എട്ട് ജില്ലകളിൽ കളക്ടർമാരായി വനിതകളെ നിയമിച്ചതും കൈയടി നേടിയിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഭൂരിപക്ഷം ജില്ലകളും വനിതകളാൽ നയിക്കപ്പെടുന്നത്. ഈ സർക്കാരിന്റെ സ്ത്രീസൗഹൃദനിലപാടിന്റെ അടയാളമായാണ് ഭരണാനുകൂലികൾ ഈ നേട്ടത്തെ കാണുന്നത്.

രണ്ട് മാസത്തിനുള്ളിൽ സർക്കാരിനെ ഉലച്ച വിവാദങ്ങൾ

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യത്തെ വിവാദം സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടായിരുന്നു. കല്യാണങ്ങൾക്ക് പോലും അമ്പതുപേരിൽ അധികം കൂടാൻ പാടില്ലെന്ന നിയന്ത്രണമുള്ളപ്പോഴാണ് അഞ്ഞൂറുപേരെ കൂട്ടി സത്യപ്രതിജ്ഞ ചടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സാധാരണക്കാർക്ക് ഇല്ലാത്ത പ്രിവിലേജുകൾ ഉപയോഗിച്ച് കോവിഡ് വ്യാപനത്തിന് സർക്കാർ തന്നെ കാരണമാകുന്നു എന്നായിരുന്നു അന്നത്തെ ആരോപണം. വിവാദങ്ങളെ തുടർന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കൃത്യമായ ശാരീരിക അകലം പാലിച്ചെങ്കിൽ അതിന് മുന്നോടിയായി നടന്ന രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചയിൽ മുഖ്യമന്ത്രിയടക്കം ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന വീഡിയോ ഏറെ വിവാദമായിരുന്നു.

അനധികൃത മരം മുറി അഴിമതിയിലെ സർക്കാർ ബന്ധം റവന്യു- വനം മന്ത്രിമാരെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കി. ഭരണകക്ഷിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്ക് ഈ അഴിമതിയിൽ നേരിട്ട് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവർ ഇടതുമുന്നണിയിൽ തന്നെയുണ്ട്. സർക്കാർ അധികാരത്തിലേറെ ആദ്യ ആഴ്‌ച്ചകളിൽ തന്നെ പുറത്തുവന്ന മരമുറി കേസിന്റെ അനുരണനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഹൈക്കോടതി വിധി ഇപ്പോൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാരിന്റെ പുതിയ നയത്തെ എതിർത്ത് ഇടതുപക്ഷത്തെ അനുകൂലിക്കുന്ന മുസ്ലിം സംഘടനകൾ പോലും രംഗത്തെത്തിയിട്ടുണ്ട്. ഒരു വശത്ത് മുസ്ലിം സംഘടനകളും മറുവശത്ത് ക്രിസ്ത്യൻ സഭകളും സമ്മർദ്ദതന്ത്രവുമായി നിൽക്കുമ്പോൾ നിസഹായരാണ് ഭരണമുന്നണി.

വണ്ടിപ്പെരിയാറും വടകരയിലുമടക്കം പുറത്തുവന്ന പീഡനക്കേസുകളിൽ പ്രതിസ്ഥാനത്ത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നുള്ളത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കരിപ്പൂരിലെ സ്വർണക്കടത്ത് കേസിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകർ തന്നെ. ഏറ്റവുമൊടുവിൽ സിപിഎം ഭരിക്കുന്ന കരവണ്ണൂർ സഹകരണ ബാങ്കിൽ നടന്ന 100 കോടി തട്ടിപ്പ് കേസിലും സർക്കാരിന് തലവേദനയായിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനവും മൂന്ന് മാസത്തിനിടെയുണ്ടായ 10,000 മരണങ്ങളും സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ സൽപ്പേര് പൂർണമായും ഇല്ലാതാക്കി എന്നുതന്നെ പറയാം. കോവിഡ് മരണക്കണക്കുകൾ മറച്ചുവച്ചെന്ന ആക്ഷേപവും സുപ്രീം കോടതി വിധി വന്നതോടെ തള്ളിക്കളഞ്ഞവ ഉൾപ്പെടുത്താനുള്ള തീരുമാനവുമൊക്കെ സർക്കിന് തിരിച്ചടിയായെന്ന് തന്നെ പറയാം. കോവിഡ് മരണക്കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ ആരോപിച്ചപ്പോൾ അതിനെ അധിക്ഷേപിച്ച ആരോഗ്യമന്ത്രിക്ക് തന്നെ പിന്നീടത് തിരുത്തിപ്പറയേണ്ടി വന്നു. ആരോഗ്യമന്ത്രിയുടെ പരിചയക്കുറവും ഈ വിവാദത്തിൽ സർക്കാരിനെ പൂർണമായും പ്രതിസന്ധിയിലാക്കി.

വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈന്റെ സ്ത്രീവിരുദ്ധ പരാമർശവും രാജിയും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. മറ്റൊരു വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വ്യാജ ഡോക്ടറേറ്റും വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രാ വിവാദവുമൊക്കെ എന്തിനാണ് ഇത്തരം കമ്മീഷനുകൾ എന്ന ചിന്തയിലേയ്ക്ക് വരെ ജനങ്ങളെ നയിച്ചിട്ടുണ്ട്.

കിറ്റെക്സ് വിവാദവും പ്രഖ്യാപിച്ച പദ്ധതിയിൽ നിന്നുള്ള അവരുടെ പിന്മാറ്റവും കേരളത്തിന്റെ വ്യവസായ വിരുദ്ധ മനോഭാവത്തെ പറ്റി ദേശിയതലത്തിൽ തന്നെ ചർച്ചകൾ സൃഷ്ടിച്ച സംഭവമാണ്. ഇക്കാര്യത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായിരുന്നെങ്കിലും തിരിച്ചടി കിട്ടിയത് ഭരണപക്ഷമായ ഇടതുമുന്നണിക്കാണ്. പ്രത്യേകിച്ച് വിവിധ വികസനപദ്ധതികളിൽ സിപിഎം എടുത്ത എതിർനിലപാടുകൾ ഈ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

നിയമസഭാ അതിക്രമക്കേസ് പിൻവലിക്കാനുള്ള നീക്കത്തിനു സുപ്രീം കോടതിയിൽ നിന്നുള്ള തിരിച്ചടിയും സർക്കാരിന് ഈ കാലയളവിൽ നാണക്കേടായി. സർക്കാർ വക്കീൽ പ്രതികൾക്ക് വേണ്ടി വാദിക്കുന്നതിനെ കോടതി ചോദ്യം ചെയ്തു. കെഎം മാണിയെ അഴിമതിക്കാരനെന്ന് പറഞ്ഞ പ്രോസിക്യൂട്ടറും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി. കോടതിയുടെ അന്തിമഉത്തരവ് സർക്കാർ വാദങ്ങൾക്ക് വിരുദ്ധമായാൽ മന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കേണ്ടി വരുമെന്ന് കരുതുന്നവരുണ്ട്.

സംസ്ഥാനത്ത് അടുത്തകാലത്ത് ഏറെ ചർച്ചയായ സ്ത്രീധന പീഡനങ്ങളും അതിന്റെ പേരിലുള്ള ആത്മഹത്യകളും ജനശ്രദ്ധയിലെത്തിയ വിഷയങ്ങളാണ്. ആ വിഷയത്തിൽ ഗവർണർ നടത്തിയ നിരാഹാരം അക്ഷരാർത്ഥത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി. സർക്കാരിനെതിരെ സംസ്ഥാനത്തെ ഭരണത്തലവൻ എന്ന അർത്ഥത്തിൽ അത് വ്യാഖ്യാനിക്കപ്പെട്ടു.

അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങളും വേണ്ടപ്പെട്ടവർക്ക് നൽകുന്ന ഇളവുകളുമൊക്കെ സർക്കാരിന്റെ ജനപ്രീയത കുറച്ചു എന്ന് കരുതുന്നവരുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് ഇരുപതിൽ താഴെപേരെ പാടുള്ളു എന്ന നിയമമിരിക്കെ രാഷ്ട്രീയ നേതാക്കളുടെ മരണങ്ങൾക്ക് ഇളവ് നൽകിയത് സാധാരണജനങ്ങളിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ബക്രീദിന് സംസ്ഥാന സർക്കാർ നൽകിയ ഇളവിനെതിരെ സുപ്രീംകോടതി തന്നെ രംഗത്തെത്തി. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോടതി ഇന്ന് നടത്തിയത്. അതേസമയം നിയന്ത്രണങ്ങൾ മൂലം വരുമാനം മുട്ടിയ സാധാരണക്കാർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നതും ജനങ്ങളിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്നുണ്ട്.