തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവായ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകളും ഐടി വിദഗ്ധയുമായ വീണ വിജയനും വിവാഹിതരായത് ജൂൺ 15ന് തിരുവനന്തപുരത്തു വച്ചാണ്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളാണ് നടന്നത്.

ഇരുവരുടെയും വിവാഹ വാർത്ത പുറത്തു വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഒരുവിഭാഗം അവരുടെ സ്വകാര്യ ജീവിതത്തെയും കല്യാണത്തെയും ഒക്കെ ട്രോൾ ചെയ്തു. ചിലർ ഇക്കാര്യത്തിന് വർഗീയമായ മാനം നൽകികൊണ്ട് അങ്ങേയറ്റം മോശമായി ഇരുവരെയും അപഹസിക്കുകയും ചെയ്തു. ഇത്തരത്തിലെ മോശം പ്രതികരണങ്ങളെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു

ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനി വാരികയ്ക്ക് നൽകിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

''രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികൾ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാൻ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല.''

ലാവ്ലിൻ കാലത്ത് ഉയർന്ന കമല ഇന്റർനാഷണൽ കഥയെക്കുറിച്ച് ഭാര്യ കമല ടീച്ചർ നേരിട്ടതും പിണറായി പറയുന്നു:

''അവർ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവർക്കറിയാം. അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേൾക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാൻ മുഴുവൻ സമയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാർട്ടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവർക്ക് അന്നേ അറിയാം. അസത്യങ്ങൾ തുടരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവർക്കു ബോധ്യമുണ്ട്. അത് കാലം തെളിയുക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജൻസികൾ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റർനാഷണൽ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താൻ കഴിഞ്ഞോ? ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയക്കേണ്ട.''

പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. വിവേക് കിരൺ സഹോദരനാണ്. ഐടി ബിരുദധാരിയായ വീണ 6 വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുന്നു.

മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം.അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളർന്നു സിപിഎം യുവനേതൃത്വനിരയിൽ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2017ൽ അഖിലേന്ത്യാ അധ്യക്ഷനായി. 2009ൽ കോഴിക്കോട് ലോക്സഭാ സീറ്റിൽ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.