തിരുവനന്തപുരം: സംയുക്ത കർഷക സമിതിയുടെ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും. ഗവർണ്ണർ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിൽ പങ്കാളികളായത്.ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് രക്ത സാക്ഷി മണ്ഡപത്തിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.കേന്ദ്രസർക്കാർ കർഷകർക്ക് നൽകേണ്ട ആദരവും അംഗീകാരവും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

നമ്മുടെ രാജ്യം ഐതിഹാസികമായ നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷിയായിരുന്നു, അതിൽ ശ്രദ്ധേയമായ സമരങ്ങൾ രാജ്യത്ത് സംഘടിപ്പിച്ചത് കർഷകരാണ്. നമ്മുടെ നാട്ടിലും അത്തരം പ്രക്ഷോഭങ്ങൾ നടന്ന ചരിത്രമുണ്ട്. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കർഷകപ്രക്ഷോഭമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഇതിൽ അണിനിരന്ന കർഷകർ ഉയർത്തുന്ന മുദ്രാവാക്യം രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അന്നദാതാവായ കർഷകർക്ക് സാധാരണ നിലയിൽ നൽകേണ്ട അംഗീകാരവും ആദരവും നൽകാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കാർഷികോൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്ന കാര്യത്തിൽ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം അവർ അപ്പോൾ തന്നെ ഉപേക്ഷിച്ചു. പിന്നീട് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അക്കാര്യം അവർ വീണ്ടും ഓർത്തെടുത്തു. പിന്നീട് ഉപേക്ഷിച്ചു. അതേസമയം കർഷക ദ്രോഹ നടപടികൾ തുടരെ ആവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷികവൃത്തി ആദായമാകുന്നില്ല, ഇതിന് സർക്കാറിന്റെ ഇടപെടൽ ആവശ്യമാണ്. കർഷകർക്ക് നൽകിവന്ന ആനുകൂല്യങ്ങൾ പടിപടിയായി ഇല്ലാതാക്കി. പൊതുവിതരണ സംവിധാനം താറുമാറാക്കി. കേന്ദ്രം കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നില്ല. വടക്കേ ഇന്ത്യയിൽ കർഷകരുടെ താൽപര്യത്തിന് അനുസരിച്ച് നടത്തിവന്നിരുന്ന 'മണ്ഡികൾ' ഇല്ലാതാക്കാൻ നോക്കുന്നു. കോർപറേറ്റുകളുടെ താൽപര്യമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നാണ് ബിജെപിയുടെ നിലപാട്. മണ്ഡി സമ്പ്രദായത്തിലെ ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ല എന്നാൽ ഇവ എടുത്തുകളയാനാണ് സർക്കാറിന്റെ താൽപര്യം.

ഈ പ്രക്ഷോഭത്തിന്റെ പ്രധാന പ്രത്യേകത എല്ലാവരും ഒരുമിച്ച് അണിനിരന്നിരിക്കുന്നു എന്നതാണ്. വർഗീയമായി ചേരിതിരിച്ച് മിക്ക സമരങ്ങളും പൊളിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. എന്നാൽ ഇത്തരത്തിലുള്ള ശ്രമം കർഷകരുടെ അടുത്ത് ചെലവായില്ല. എല്ലാവരും ഏകോപനത്തോടെ പ്രക്ഷോഭ രംഗത്ത് അണിനിരന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.