തിരുവനന്തപുരം: വാക്‌സിൻ വിഷയത്തിൽ സുപ്രധാന നീക്കവുമായി കേരളാ മുഖ്യമന്ത്രി പിണറായ വിജയൻ. വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിനാണ് പിണറായി തുടക്കമിട്ടത്. ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അദ്ദേഹം കത്തയച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യർത്ഥനയാണ് കത്തിൽ പ്രധാനമായു അദ്ദേഹം മുന്നോട്ടുവെച്ചത്.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്റെത്. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിൻ കണ്ടെത്തണം എന്നതാണ് കേന്ദ്ര നിലപാട്. എന്നാൽ വളരെ പരിമിതമായ അളവിൽ മാത്രമേ വാക്സിൻ ലഭിക്കുന്നുള്ളു.

വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്സിൻ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ധാരണയിൽ ഏർപ്പെടാൻ താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്സിൻ ആവശ്യകത കണക്കിൽ എടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബൽ ടെണ്ടർ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

''രണ്ടാം തരംഗത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുക എന്നത് അനിവാര്യമാണ്. അതിന് സാർവത്രികമായ വാക്സിനേഷനിലൂടെ ഹേർഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ പൊതുനന്മയ്ക്കായി സാർവത്രികമായി വാക്സിൻ ലഭ്യമാക്കേണ്ടതുണ്ട്. പണം ഇല്ലാത്തതിന്റെ പേരിൽ ആർക്കും വാക്സിൻ നിഷേധിക്കപ്പെട്ട് കൂടാ. വാക്സിൻ സംഭരിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ വീണാൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലിൽ ആകും. ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഹേർഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. '

'ഹേർഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണമെങ്കിൽ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വാക്സിനേഷൻ ലഭിക്കണം. എന്നാൽ, രാജ്യത്ത് 3.1% ആളുകൾക്ക് മാത്രമേ ഇതുവരെ വാക്സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ആകട്ടെ വാക്സിൻ ലഭ്യതയുടെ ദൗർലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. വാക്സിൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഉണ്ട്. പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ട വാക്സിന്റെ നിർമ്മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസ്സമാകുന്നില്ല എന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം. നിർബന്ധിത ലൈസൻസിങ് ഉൾപ്പെടെയുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ ആരായണം.''

'വാക്സിൻ ലഭ്യമാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഈ ഘട്ടത്തിൽ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്ഥാനങ്ങൾക്ക് ആവശ്യമായ അത്രയും വാക്സിൻ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കുക എന്നതാണ്. ഇത് ചെലവ് കുറയ്ക്കുകയും ചെയ്യും.''-മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.