തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ക്രെഡിബിലിറ്റി തകർക്കുന്ന വിധത്തിൽ വിവാദങ്ങൾ അരങ്ങേറുമ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു. ഇന്ന് ഉന്നത പൊലീസുകാർ പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി രംഗത്തുവന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ലോക്ഡൗൺ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളിൽ കർശന നടപടി വേണമെന്നും കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ഉദ്യോഗസ്ഥർ മോശപ്പെട്ട പ്രവർത്തനത്തിൽ ചെന്ന് വീഴരുതെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മുകളിൽ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. പൊലീസുകാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികൾക്ക് രസീത് നൽകണം. പൊതുജനങ്ങളോടുള്ള പൊലീസിൻഫെ പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി വെണമെന്നും പിണറായി വിജയൻ നിർദ്ദേശം നൽകി.

മോൺസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്. ഓൺലൈൻ യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപിമാർ വരെ ഉള്ളവർ പങ്കെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൺസണറെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചർച്ചാ വിഷയം. ലോക്‌നാഥ് ബെഹ്‌റ മോൺസന്റെ വീട് സന്ദർശിച്ചതും വൻ വിവാദമായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസണിന്റെ വീടിന് സംരക്ഷണം നൽകാൻ ബെഹ്‌റ നിർദ്ദേശിച്ചതും മുൻ ഡിഐജി സുരേന്ദ്രനും മോൺസണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസും, പെൺകുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പൊലീസിന്റെ ക്രൂരത അടക്കം അടുത്തിടെ പൊലീസ് ചെന്നുപെട്ട വിവാദ പരമ്പരകൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ യോഗം. എസ് എച്ച് ഒ മുതൽ ഡിജിപിമാർ വരെ യോഗത്തിൽ പങ്കെടുത്തു. എസ്‌പിമാർ മുതലുള്ള ഉദ്യോഗസ്ഥർ മതിയെന്ന് രാവിലെ അറിയിപ്പ് വന്നത് ആശയക്കുഴപ്പമുണ്ടാക്കി.