കൊച്ചി: എട്ടു വയസുകാരിയെ പിങ്ക് പൊലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ. രേഖാമൂലമാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്. കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ മറുപടിയിൽ പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ എടുത്തിട്ടുണ്ട്.നഷ്ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമില്ലെന്നുമാണ് സർക്കാർ നിലപാട്. ഇതോടൊപ്പം നാല് സാക്ഷി മൊഴികളും സർക്കാർ കോടതിയിൽ സമർപ്പിച്ചു.

പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന മൊഴികളാണ് എല്ലാം. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഈ കേസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ കോടതി സർക്കാരിനെ പലഘട്ടങ്ങളിലായി വിമർശിച്ചിരുന്നു.

കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പിങ്ക് പൊലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ആവുമോ എന്നുള്ളത് ഇന്ന് സർക്കാർ അറിയിക്കണം.

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് അവർക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരെ സംരക്ഷിക്കാൻ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോൾ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകൻ എന്തിനാണ് വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയല്ല. എന്തുകൊണ്ടാണ് അച്ചടക്ക നടപടിയെടുക്കാൻ മടിക്കുന്നത് എന്നാണ് കോടതിയുടെ ചോദ്യം. കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കുട്ടിക്കാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛൻ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ. നമ്പി നാരായണന് കൊടുത്തത് പോലെ നഷ്ടപരിഹാരം കൊടുക്കണമെന്നും അത് എത്ര എന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

കുട്ടിയെ ചികിത്സിച്ച ഡോക്ടർ വീഡിയോ കോൺഫ്രൻസിലൂടെ കോടതിയിൽ ഹാജരായിരുന്നു. ഇപ്പോൾ കുട്ടിയുടെ മാനസിക ആരോഗ്യത്തിൽ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടർ കോടതിയെ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുട്ടിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു, എന്നാൽ ഈ മാപ്പ് അംഗീകരിക്കുന്നില്ലെന്നാണ് അഭിഭാഷക കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരിൽ നിന്നും നീതി കിട്ടിയില്ലെന്നുമാണ് അഭിഭാഷകയുടെ വിശദീകരണം. പൊലീസ് അവരുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥയെ രക്ഷിക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. നിരവിധി വകുപ്പുകൾ പ്രകാരം കേസുകൾ എടുക്കാവുന്നതാണെന്നും ഇത് ചെയ്തില്ലെന്നുമാണ് പരാതി.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി.