തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ ഒടുവിൽ കുറ്റസമ്മതം നടത്തി സംസ്ഥാന സർക്കാർ. എ പ്ലസ് ലഭിച്ച 5,812 കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. താൽക്കാലിക ബാച്ച് അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. 50 താലൂക്കളിൽ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി നിയസമഭയിൽ പറഞ്ഞു

10 മുതൽ 20 ശതമാനം വരെ സീറ്റ് വർദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് ഒൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്റ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചു.

പ്ലസ് വൺ സീറ്റുകൾ എല്ലാവർക്കും ലഭിക്കുന്നതിനു വേണ്ട പരിഹാര മാർഗങ്ങൾ

1. പരിപൂർണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും.

2. നിലവിൽ 20% സീറ്റ് വർധനവ് ഏർപ്പെടുത്തിയ ജില്ലയിൽ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10% സീറ്റ് വർധനവും കൂടി അനുവദിക്കുന്നതാണ്.

3. മുൻപ് മാർജിനൽ സീറ്റ് വർധനവ് നൽകാത്ത ജില്ലയാണെങ്കിൽ ആവശ്യകത പഠിച്ച് എല്ലാ സർക്കാർ സ്‌കൂളുകളിലും 20% അല്ലെങ്കിൽ 10% സീറ്റ് വർധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിബന്ധനകൾക്ക് വിധേയമായി (മാർജിനൽ വർധനവിന്റെ 20% മാനേജ്‌മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകൾ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കിൽ 10 % സീറ്റ് വർധിപ്പിക്കും.

4. സീറ്റ് വർധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കും.

5. സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ കോഴ്‌സ് അടിസ്ഥാനത്തിൽ എത്ര പേർക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വർധനവ് നടത്തും. എന്നാൽ, കൂട്ടികൾ ഏറ്റവും കൂടുതൽ താൽപ്പര്യപ്പെടുന്ന സയൻസ് ഗ്രൂപ്പിൽ വേണ്ടി വന്നാൽ തൽക്കാലിക ബാച്ചുകൾ അനുവദിക്കും.

6. പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂർനാട് അംബേദ്കർ മെമോറിയൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവൺമെന്റ് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ് കൽപ്പറ്റയിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ തോത് വെച്ചു കൊണ്ട്, അലോട്ട്‌മെന്റ് പൂർത്തിയായാൽ സീറ്റുകൾ ബാക്കിയാവുമെന്നാണ് സർക്കാർ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയത്. ഇതുപ്രകാരം 30,000ലധികം സീറ്റുകൾ ബാക്കിയുണ്ടാവുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞിരുന്നത്.