തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കേരളത്തിലെത്തും. തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം വരുന്നതെങ്കിലും മോദിയുടെ ഇപ്പോഴത്തെ കേരള സന്ദർശനത്തിന് ചില രാഷ്ട്രീയ മാനങ്ങൾ ഉണ്ട്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന 164 പ്രകാരംനടത്തിയ രഹസ്യമൊഴിയും വെളിപ്പെടുത്തലുകളും കേരള രാഷ്ട്രീയത്തിലെ കാലാവസ്ഥയെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ കേസിനെ കുറിച്ചും പുതിയ വെളിപ്പെടുത്തലിനെ കുറിച്ചും മോദി എന്ത് പറയും എന്നാകും എല്ലാവരും ഉറ്റുനോക്കുക.

പിണറായിയും സി പി എം ഉം പ്രതിരോധത്തിലായിരിക്കുന്ന ഈ സാഹചര്യം പ്രധാനമന്ത്രി എങ്ങനെ രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം മോദിയും പിണറായും തമ്മിലൊരു സൗഹൃദമുണ്ട്. ആ ഇക്വേഷന് വിള്ളൽ വീഴുമെന്ന കണക്കുകൂട്ടൽ തന്നെയാണ് എല്ലാവർക്കുമുള്ളത്. പൊതുപരിപാടിയിൽ വികസനം പറയുമ്പോൾ രാഷ്ട്രീയം പറയാതെ മോദിക്ക് പ്രസംഗം അവസാനിപ്പിക്കാൻ ആകില്ല. ഇടതു ക്യാമ്പുകളിലും മോദിയുടെ വരവ് അസഹിഷ്ണത ഉണ്ടാക്കിയേക്കാം.

കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച്, സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കേന്ദ്രസർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്.
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് 50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിന് പുറമെ കൊല്ലം റെയിൽവേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും കൊച്ചിൻ ഷിപ്പ് യാർഡിനോട് ചേർന്നുള്ള ഹാർബർ ടെർമിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി നടപ്പിലാക്കും. കൊല്ലം, എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ 400 കോടിയുടെ പദ്ധതികളും ഹാർബർ ടെർമിനസിൽ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. ചിങ്ങവനം-കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവുംനരേന്ദ്ര മോദി നടത്തുന്നുണ്ട്.

പ്രധാനമന്ത്രി നേരെ തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതിനാൽ സന്ദർശനത്തിന് മറ്റൊരു രാഷ്ട്രീയ മാനം കൂടി ഉണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അദ്ദേഹം ചർച്ച നടത്തിയേക്കും. പ്രവാചക നിന്ദ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സൗഹൃദം തിരികെ പിടിക്കാനും ദൃഢമാക്കാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രിസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തലത്തിൽ ആലോചനയുണ്ട്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ അമർഷം ഉണ്ട്. ആ അമർഷം തണുപ്പിക്കാനും ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്നത് സഹായിക്കുമെന്ന വിലയിരുത്തൽ ബിജെപി നേതാക്കൾക്കിടയിൽ ഉണ്ട്.

ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളത്. പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 29 ആണ്. ജൂലൈ 18നാണ് തെരെഞ്ഞടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണൽ. പ്രസിഡന്റിനെ തെരെഞ്ഞടുക്കാനായി എംപിമാരും എംഎ‍ൽഎ മാരും ഉൾപ്പെടെ 4809 വോട്ടർമാരാണുള്ളത്. നിലവിലെ പ്രസിഡന്റ് രാനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് കഴിയും.