കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കൽ അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പും ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി. 17 വയസ്സു മുതൽ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരേ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പെൺകുട്ടിയുടെ മാതാവ് മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു. 17 വയസ്സു മുതൽ അമ്മയ്‌ക്കൊപ്പം മോൻസന്റെ ചികിൽസാ കേന്ദ്രത്തിൽ സഹായത്തിനു പോയിരുന്നെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോൻസൻ ചികിൽസയുടെ ചിത്രങ്ങൾ എന്ന പേരിൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗർഭിണിയായപ്പോൾ, പരാതിപ്പെടരുതെന്നും പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞു.

പിന്നീട് കലൂരുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗർഭച്ഛിദ്രം നടത്തി. 2019 മുതൽ പലവട്ടം പീഡിപ്പിച്ചു. മോൻസന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു. പരാതി നൽകാനൊരുങ്ങിയപ്പോൾ മോൻസന്റെ ഗുണ്ടകൾ വീട്ടിലെത്തി തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയാണ് പരാതി നൽകാൻ ധൈര്യം നൽകിയതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു

മോൻസൻ അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാർ നിരുൽസാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു.

മോൻസനെതിരെ പരാതി നൽകിയ ചിലർ നിർദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.

വിദ്യാഭ്യാസ സഹായം വാഗ്ദാനം നൽകി മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയാതായാണ് വിവരം.

കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡനം നടന്നു. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയിരിക്കുന്ന മൊഴി.

ക്രൈം ബ്രാഞ്ചാണ് മോൻസനെതിരായ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ. തട്ടിപ്പ് കേസിന്റെ ചുരുളഴിയാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസനുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം മോൻസൺ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നൽകും. പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ കേസിലാണിത്. മ്യൂസിയം നിർമ്മിക്കാനെന്ന് വിശ്വസിപ്പിച്ച് മൂന്നുകോടി രൂപയുടെ പുരാവസ്തു മോൻസൺ കൈക്കലാക്കിയെന്നാണ് സന്തോഷ് നൽകിയ പരാതി. മോശയുടെ അംശവടിയെന്ന് മോൻസൺ അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും അടക്കം എഴുപത് ശതമാനം വസ്തുക്കളും സന്തോഷ് നൽകിയതാണ്. മോൻസണെയും സന്തോഷിനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ അന്ന് മൊഴിയും നൽകിയിരുന്നു.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക.