തൃശൂർ: കേരളത്തിൽ നിന്നുള്ള എട്ട് വിനോദ സഞ്ചാരികൾക്കാണ് നേപ്പാളിലെ റിസോർട്ടിൽ ഉറക്കത്തിനിടയിൽ ജീവൻ നഷ്ടമായത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചായിരുന്നു. കടുത്ത തണുപ്പിനെ അതിജീവിക്കാൻ മുറിയിൽ പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് മരണത്തിനു കാരണമായത്. മലയാളികളായ എട്ടുപേർക്ക് അന്യനാട്ടിൽ ജീവൻ നഷ്ടപ്പെടുത്തിയ ആ വാതകം അന്ന് മാധ്യമങ്ങളിൽ നിറഞ്ഞു. അതിന് മുമ്പ് തിരുവനന്തപുരത്ത് വഞ്ചിയൂരിലും സമാനമായ മരണം സംഭവിച്ചു. കൂട്ടുകാരായ വിദ്യാർത്ഥികളായിരുന്നു മരിച്ചത്. കാറിൽ നിന്ന് പുറത്തു വന്ന വായു ശ്വസിച്ചായിരുന്നു മരണം. എന്നാൽ കൊടുങ്ങല്ലൂരിലെ കുടുംബത്തിലെ നാലു പേരുടെ മരണം മനപ്പൂർവ്വമായി കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ്.

കൊടുങ്ങല്ലൂർ ഉഴവത്ത് കടവിൽ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുമ്പോൾ ആ കൊലയാളി വാതകം വീണ്ടും ചർച്ചയാകുകയാണ്. . സോഫ്റ്റ് വെയർ എഞ്ചിനീയർ ആഷിക്(41) ഭാര്യ അബീറ, മക്കളായ അസ്റ(14) അനൈനുനിസ്സ(7)  എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തുമ്പോഴാ് വിഷവാതകത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്. ഈ വാതകം എങ്ങനെ വീട്ടിനുള്ളിൽ നിറച്ചു എന്നതിൽ ഉൾപ്പെടെ വിശദ അന്വേഷണം ഇനി പൊലീസ് നടത്തേണ്ടി വരും. ഒരു സൂചന പോലും നൽകാതെ, ഇരകളെ അവർ പോലും അറിയാതെ മരണത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംഭീകരനാണ് കാർബൺ മോണോക്‌സൈഡ്.

കാർബണും, ഓക്‌സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്സൈഡ്. കുറഞ്ഞ അളവിൽ പോലും വളരെ മാരകമായ ഒരു വാതകമായതിനാൽ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്. കാർബൺ മോണോക്സൈഡ് രക്തത്തിൽ കലർന്ന് കാർബോക്സി ഹിമോഗ്ലോബിൻ ഉണ്ടാകുന്നു. ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാർബൺ മോണോക്സൈഡ് രക്തത്തിൽ കലരുകയും, ഓക്‌സിജന്റെ അഭാവം രക്തത്തിൽ വരികയും ചെയ്യുമ്പോൾ ആണ് മരണകാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവിൽ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്.

കാറിന്റെ എ സി ഓൺ ആക്കി ഇട്ടു ഉള്ളിൽ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നത്. കാറിന്റെ എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോ ഈ വാതകം അൽപ്പാൽപ്പം ആയി ഉണ്ടാവുന്നുണ്ട്. പക്ഷെ ഓടിക്കൊണ്ടിരിക്കുമ്പോ ഇത് പുറത്തേക്കു പോവും. പക്ഷെ നിർത്തിയിട്ടിരിക്കുമ്പോ ഈ വാതകം നമ്മൾ അറിയാതെ ഉള്ളിൽ വന്നു നിറയാൻ സാധ്യത ഉണ്ട്. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ കാറിനുള്ള കൂട്ടുകാരായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇത്തരത്തിലുണ്ടായ ദുരന്ത ഫലമാണ്. നേപ്പാളിലെ മലയാളികളുടെ മരണത്തിലും ഈ വാതകമായിരുന്നു.

അതിശൈത്യമായ തണുപ്പായിരുന്നതിനാൽ റിസോർട്ട് മുറിയിൽ ഇവർ ഗ്യാസ് ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഈ ഹീറ്ററിന് ഉണ്ടായ ചില തകരാറാണ് കാർബൺ മോണോക്‌സൈഡ് ചോരാൻ കാരണമായത്. തണുപ്പായതിനാൽ തന്നെ മുറിയിലെ ജനലുകളും വാതിലുകളും അടച്ചു പൂട്ടിയിരുന്നു. പുറത്തുനിന്നുള്ള വായു മുറിയിലേക്ക് കയറാത്തതും ശ്വാസം മുട്ടലിന് ഒരു കാരണമായി. ഇതേ രീതിയിലാണ് കൊടുങ്ങല്ലൂരിലെ ആത്മഹത്യയും. ജനലുകലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പിച്ച് വീട്ടിൽ വിഷവാതകം നിറച്ചു.

ഓക്‌സിജൻ നമ്മുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടു പിടിച്ചാണ്. എന്നാൽ, ഓക്‌സിജന്റെ ഒപ്പം കാർബൺ മോണോക്‌സൈഡ് ശരീരത്തിൽ എത്തിയാൽ കാർബൺ മോണോക്‌സൈഡിനാണ് ഹീമോഗ്ലോബിൻ കൂടുതൽ പരിഗണന കൊടുക്കുക. ഇങ്ങനെ കാർബൺ മോണോക്‌സൈഡ് ശരീരത്തിൽ എത്തുന്നതോടെ ഓക്‌സിജൻ ലഭിക്കാതെ ശരീരത്തിലെ കോശങ്ങൾ നശിക്കും. കൂടിയ തോതിൽ ശരീരത്തിലേക്ക് കാർബൺ മോണോക്‌സൈഡ് എത്തിയാൽ ബോധക്ഷയം ഉണ്ടാകും. മനുഷ്യനെ മരണത്തിലേക്ക് തള്ളിയിടാൻ കാർബൺ മോണോക്‌സൈഡിന് മിനിറ്റുകൾ മാത്രം മതി.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനാൽ കൊടുങ്ങല്ലൂരിലെ മരണത്തിൽ മരിച്ചവർ തന്നെ വാതകം വീട്ടിൽ നിറയ്ക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. ഇത് എങ്ങനെ സാധിച്ചെടുത്തുവെന്നതാണ് ഇനി കണ്ടത്തേണ്ടത്.