പത്തനംതിട്ട: ശബരിമല സംഭവം വോട്ടാക്കി മാറ്റാനുറച്ച് സംഘപരിവാർ. ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഹി​ന്ദു​വേ​ട്ട​യെ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ പന്തളത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ പേ​രി​ലാണ് ഫ്ലക്സുകൾ. മ​റ​ക്ക​രു​ത്, മ​ണ്ഡ​ല​കാ​ല​ത്ത് ആ​രാ​യി​രു​ന്നു ന​മു​ക്കൊ​പ്പം എ​ന്ന ത​ല​ക്കെ​ട്ടോടെയുള്ള ഫ്ലെ​ക്സി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡന്റ് കെ. ​സു​രേ​ന്ദ്രന്റെയും ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെയും ഫോട്ടോകളുമുണ്ട്.

കെ സുരേന്ദ്രന്റെ വി​വി​ധ ഭാ​വ​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​വു​മാ​യി ബന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും ഫ്ലെക്സിൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കൂ​ടാ​തെ പൊ​ലീ​സ് ഭീ​ക​ര​ത​യി​ലും ഇ​രു​മു​ടി​ക്കെ​ട്ട് കൈ​വി​ടാ​തെ ശ​ശി​ക​ല​യെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇതിനിടെ, ശബരിമലയിൽ ഇടതു സർക്കാർ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ. ശബരിമല കർമ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 20 മുതൽ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങൾ. മുഴുവൻ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കിയും മർദനമുറകൾ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയിൽ ഭക്തർക്കുമേൽ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തർക്കെതിരെ ക്രിമിനൽക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തർക്ക് കോടതികളിൽ നിന്ന് ജാമ്യം ലഭിച്ചത്. മുൻ ഡിജിപി സെൻകുമാർ, മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷണൻ, ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെകട്ടറി എസ്.ജെ.ആർ. കുമാർ, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല എന്നിവർക്കെതിരെ ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

മാർച്ച് 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ അയ്യപ്പഭക്ത സംഗമത്തോടെയാണ് സംഗമങ്ങൾ തുടങ്ങുക. 21ന് രാവിലെ ഒൻപതിന് കൊല്ലം, വൈകിട്ട് നാലിന് കോട്ടയം. 22ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് നാലിന് എറണാകുളം, 23ന് രാവിലെ ഒൻപതിന് തൃശൂർ, 24ന് വൈകിട്ട് നാലിന് കോഴിക്കോട്, 25ന് രാവിലെ 10ന് വയനാട്, വൈകിട്ട് അഞ്ചിന് കണ്ണൂർ 26ന് രാവിലെ 10ന് കാസർകോട്, 27ന് പത്തനംതിട്ട പന്തളത്ത് അയ്യപ്പഭക്തസംഗമത്തിന്റെ സമാപന സംഗമവും നടക്കും.

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, സന്ന്യാസിവര്യന്മാർ, ആചാര്യശ്രേഷ്ഠന്മാർ, സമുദായ സംഘടനാ നേതാക്കൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.