വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ആറു വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അർജ്ജുനെ പിടികൂടിയതിന് പിന്നിൽ കേരളാ പൊലീസിന്റെ മികച്ച അന്വേഷണ മികവു തന്നെയാണ്. വാളയാർ കേസ് അന്വേഷണത്തിൽ തുടക്കത്തിൽ പൊലീസ് വരുത്തിയ പാളിച്ചയാണ് ആ കേസിനെ ദുർബലമാക്കിയത് എങ്കിൽ അത്തരം സാധ്യതകളുടെ പഴുതടച്ചുകൊണ്ട് കൃത്യമായ പൊലീസ് ബ്രില്ല്യൻസ് തന്നെയാണ് വണ്ടിപ്പെരിയാറിൽ ഉണ്ടായത്. അതുകൊണ്ട് തന്നെയാണ് കളിക്കിടയിൽ അബദ്ധത്തിൽ ഉണ്ടായ മരണം എന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയ സംഭവം അതിക്രൂര കൊലപാതകമാണെന്ന് തെളിയിച്ചത്.

അർജുൻ എന്ന പകൽമാന്യനിലെ ക്രിമിനലിനെ പുറത്തുകൊണ്ടു വന്നതിൽ വണ്ടിപ്പെരിയാർ പൊലീസ് തുടക്കത്തിൽ കാണിച്ച ജാഗ്രത എങ്ങും വാഴ്‌ത്തപ്പെടുന്നുണ്ട്. എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴാലാളി ലയത്തിൽ ആറു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്ന സംഭവം അറിഞ്ഞാണ് വണ്ടിപ്പെരിയാൾ സിഐ സി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. കയറ് കഴുത്തിൽ മുറുകിയ മൃതദേഹം കണ്ടമാത്രയിൽ തന്നെ സിഐക്കും സംഘത്തിനും കൊലപാതകമാണെന്ന സംശയം തോന്നി.

അതേസമയം ബന്ധുക്കളും നാട്ടുകാരും കരുതിയത് അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി പെൺകുട്ടി മരിച്ചതാണ് എന്നായിരുന്നു. അതുകൊണ്ടായിരുന്നു അവർ പോസ്റ്റുമോർട്ടം കൂടാതെ മൃതദേഹം വിട്ടുകിട്ടുമോ എന്ന ചോദ്യം പൊലീസിനോട് ഉന്നയിച്ചതും. കൊല്ലപ്പെട്ട പെൺകുട്ടി കഴുത്തിൽ ഷാൾ ഇട്ടു നടക്കുന്നതും ഊഞ്ഞാൽ ആടുന്നതുമൊക്കെ പതിവാണ്. അതുകൊണ്ട് അത്തലത്തിൽ കളിക്കുന്നതിനിടെ അപകടം ഉണ്ടായി കുരുക്കു മുറുകി മരിച്ചുവെന്നായിരുന്നു ലയത്തിലുള്ളവർ കരുതിയത്.

എന്നാൽ, കഴുത്തിൽ കയറു മുറുകിയ രീതിയും അതിന്റെ പൊസിഷനും കണ്ട് സിഐ സുനിൽകുമാറിന് സംഭവം അബദ്ധത്തിൽ സംഭവിച്ചത് അല്ലെന്ന് ബോധ്യമായി. മുറി അടച്ചിട്ടിരുന്നത് അടക്കം സംശയത്തിന് ഇടയക്കി. ഇതൊക്കെ ഒരു പിഞ്ചുകുഞ്ഞ് ചെയ്യില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് ലയത്തിൽ ഒളിഞ്ഞിരിക്കുന്ന കൊലയാളിയെ പൊലീസ് തിരയാൻ ആരംഭിച്ചതും. ഇൻക്വസ്റ്റ് നടത്തവേ പെൺകുട്ടിയുടെ ദേവത്ത് നഖക്ഷതങ്ങളും ചെറിയപാടുകളും കണ്ടിരുന്നു.

കഴുത്തിലും വയറിന്റെ വലതു ഭാഗത്തും ജനനേന്ദ്രിയത്തിന്റെ ഭാഗത്തുമായിരുന്നു മുറിപ്പാടുകൾ കണ്ടത്. ഇതോടെ കൊലപാതകമെന്ന് ഉറപ്പിച്ചു. ഇൻക്വസ്റ്റിൽ ശ്രദ്ധയിൽപെട്ട കാര്യങ്ങൾ പൊലീസ് സംഘം പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടറോടും പറഞ്ഞു. ഇതിനിലെ കൊലയാളിയെ കണ്ടെത്താൻ പൊലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു. 170തോളം പേരെ ആദ്യ ദിവസം തന്നെ ചോദ്യം ചെയ്തു. കൊലപാതകമാണ് നടന്നതെന്ന് ഉറപ്പിച്ചതോടെ പൊലീസ് ഉന്നതരെയും അറിയിച്ചു. ഇടുക്കി എസ്‌പി ആർ കറുപ്പുസ്വാമി, പീരുമേട് ഡിവൈഎസ്‌പിയായിരുന്നു കെ ലാൽജി, പിന്നീട് എത്തിയ ഡിവൈഎസ്‌പി സനൽകുമാർ സിജി, എസ്‌ഐ ജമാലുദ്ദീൻ ഉൾപ്പടെ 17 അംഗ ടീം ഊർജ്ജിതമായി തന്നെ അന്വേഷണം നടത്തി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും ബോധ്യതമായി. ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം നടന്നത്. ഇതോടെ കുടുംബവുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ അടുത്ത സുഹൃത്തായിരുന്നു അർജ്ജുൻ. ഇയാൾ അടക്കം നാലംഗ യുവാക്കളുടെ സംഘം ലയത്തിൽ സുഹൃത്തുക്കളായി ഉണ്ടായി. പെൺകുട്ടിയുടെ ബോഡി അഴിച്ചപ്പോൾ അടക്കം കരഞ്ഞു നിലവിളിച്ചത് അർജ്ജുനായിരുന്നു. അപ്പോൾ തന്നെ പൊലീസ് സംശയം അർജ്ജുനിൽ വീണു.

ഇതിനിടെ പൊലീസ് കുറച്ചു ചോദ്യം ചെയ്തു, പിന്നെ അവരുടെ വഴിക്ക് പോകും എന്നു അടുപ്പക്കാരോട് അടക്കം അർജ്ജുന് പറഞ്ഞു. നാല് പേരും ഒരുമിച്ചായിരുന്നു എന്നു പൊലീസിനോട് പറയണമെന്നും മറ്റുള്ളവരോട് ഇയാൾ പറഞ്ഞു. ഇതോടെ അർജ്ജുനിലേക്ക് കൂടുതൽ അന്വേഷിക്കാൻ എത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനാണ് അതിക്രൂര പീഡന കൊലാപാതകത്തെ കുറിച്ചുള്ള ചുരുൾ അഴിഞ്ഞത്. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണം നടത്തിയത്.

മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു. മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്‌കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചതും പൊലീസ് നോട്ടു ചെയ്തു. കളിക്കുന്നതിനിടെ കുരുങ്ങി മരിച്ചെന്ന പ്രചരണം നടത്തിയതും അർജ്ജുനായിരുന്നു.

30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയിൽ കയറിയത്. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു. ക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കുകയാണ് ഉണ്ടായത്.

നാട്ടിൽ ജനകീയ പരിവേഷത്തിൽ ആണ് അർജുൻ വിലസിയിരുന്നത്. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽനിന്നു എത്തിയ ബന്ധുക്കൾക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്പുന്നതിനും അർജുൻ നേതൃത്വം നൽകി. സംസ്‌കാര ചടങ്ങിനിടെ പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് സി ഐ സുനിൽ കുമാറും സംഘം കസ്റ്റഡിയിൽ എടുത്തതും.

കേസ് അന്വേഷണത്തിൽ ഒരു കണ്ണിയും വിട്ടുപോകാതെ നടത്തിയ പഴുതടച്ച അന്വേഷണമാണ് ഈ കേസ് തെളിയിക്കാൻ ഇടയാക്കിയത്. മുമ്പ് എസ്റ്റേറ്റ് തൊഴിലാളിയായ വിജയമ്മയെ കൊലപ്പെടുത്തിയ കേസ് അടക്കമുള്ള കൊലാപാതകങ്ങൾ സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് തെളിയിക്കുകയുണ്ടായി. കുറ്റാന്വേഷകൻ എന്ന നിലയിൽ മികച്ച പേരെടുക്കാൻ മുണ്ടക്കയം കരിതല സ്വദേശിയായ സി ഐ സി ഡി സുനിൽകുമാറിന് സാധിച്ചിട്ടുണ്ട്.

നേരത്തെ എരുമേലി സ്റ്റേഷനിൽ ഇരിക്കുമ്പോഴും കുറ്റാന്വേഷണത്തിൽ മികവും പുലർത്താൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ കേരളാ പൊലീസിന്റെ കുറ്റാന്വേഷണ മികവിന് തെളിവായി കേസ് ഈ കേസും മാറുകയാണ്. വണ്ടിപ്പെരിയാറില കൊലയാളിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഈ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. അതിനായുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വനേഷണ സംഘം.