തൃശ്ശൂർ: കേരളത്തിലെ പ്രമുഖരെ കൂട്ടത്തോടെ പറ്റിച്ച മോൻസൻ മാവുങ്കലിന് കൂട്ടാളികൾ ആരുമില്ലേ? എല്ലാം മോൻസൻ ഒറ്റക്കാണ് ചെയ്തത് എന്ന തിയറി വരുമ്പോഴും ചരിത്രത്തെ കുറിച്ചും പുരാവസ്തുക്കളെ കുറിച്ചും അറിവുള്ള ആരെങ്കിലും ഒപ്പമുണ്ടാകുമെന്ന സൂചനകൾ നേരത്തെയുമുണ്ടായിരുന്നു. തൃശ്ശൂരിലെ പുരാവസ്തു വിൽപ്പനക്കാരനായ സുഹൃത്ത് മോൻസന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചോ എന്ന സംശയം ശക്തമായിട്ടുണ്ട്. ഇയാളിലേക്കാണ് പൊലീസ് അന്വേഷണം ഇപ്പോൾ നീങ്ങുന്നത്.

തൃശ്ശൂർ കേച്ചേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമയുമായിച്ചേർന്നു മോൻസൻ പുരാവസ്തുകച്ചവടം നടത്തിയതിനെക്കുറിച്ചു പരാതികൾ ഉയർന്നതിനാലാണിത് ഇയാളെ കുറിച്ചും അന്വേഷിക്കുന്നത്. കോഴിക്കോട് സ്വദേശി യാക്കൂബിനു 10 കോടി രൂപയുടെ വായ്പ നൽകാമെന്നു മോൻസൻ വാഗ്ദാനം ചെയ്തത് ഈ സ്ഥാപന ഉടമ വഴിയായിരുന്നെന്നാണു വിവരം. വ്യാജ പുരാവസ്തുക്കൾ വിൽക്കാൻ സഹായിച്ചത് തൃശൂരിലെ സുഹൃത്താണെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു വിഹിതം സുഹൃത്തിനും നൽകിയതായാണ് സംശയിക്കുന്നത്. ഇതുപയോഗിച്ചു കമ്പനിയുടെ കൂടുതൽ ശാഖകൾ തുടങ്ങി. പറവട്ടാനിയിൽ കഴിഞ്ഞ മാസം തുടങ്ങിയ പുതിയ സ്ഥാപനത്തിൽ മോൻസന്റെ പണം കൂടി നിക്ഷേപിച്ചിട്ടുണ്ടോ എന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിനു മുഴുവൻ സമയവും മോൻസൻ ഉണ്ടായിരുന്നു. മാന്ദാമംഗലം സ്വദേശിയായ ഈ സുഹൃത്ത് തൃശൂർ മിഷൻ ക്വാർട്ടേഴ്‌സിലാണ് താമസം.

നിരോധിച്ച നോട്ട് മാറ്റിയെടുക്കാൻ ആലപ്പുഴയ്ക്കു പോകുംവഴി അറസ്റ്റിലായതടക്കമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. കയറ്റുമതി ഏജൻസിയുള്ള ഇയാൾ വഴി ഒട്ടേറെ സാധനങ്ങൾ വിദേശത്തേക്കു കടത്തിയതായും സൂചനയുണ്ട്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.

അതേസമയം മോൻസന്റെ ചേർത്തലയിലെ വീട്ടിൽ ഇന്നലെ വൈകിട്ടു തുടങ്ങിയ ക്രൈം ബ്രാഞ്ച്, മോട്ടർവാഹന വകുപ്പുകൾ നടത്തിയ പരിശോധന രാത്രി എട്ടോടെയാണ് അവസാനിച്ചത്. ഡിവൈഎസ്‌പി റെക്‌സ് ബോബി അർവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹനങ്ങൾ സംബന്ധിച്ചായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ പരിശോധന. വീടിനു സമീപം 2 ആഡംബര കാറുകൾ കിടപ്പുണ്ട്. ഒന്ന് മധ്യപ്രദേശ് റജിസ്‌ട്രേഷനും മറ്റൊന്ന് ന്യൂഡൽഹി റജിസ്‌ട്രേഷനുമുള്ളതാണ്.

മധ്യപ്രദേശ് റജിസ്‌ട്രേഷനുള്ള കാർ മോൻസന്റെ പേരിലല്ല. ഇതിന്റെ രേഖകൾ പരിവാഹൻ വെബ്‌സൈറ്റിലുണ്ട്. എന്നാൽ ന്യൂഡൽഹി റജിസ്‌ട്രേഷനുള്ള കാറിന്റെ വിവരങ്ങൾ ലഭ്യമല്ല. കലൂരിലെ വസതിക്കു മുന്നിൽ പ്രദർശിപ്പിച്ചിരുന്ന മോൻസന്റെ വ്യാജ പദവികൾ സംബന്ധിച്ചുള്ള ബോർഡുകൾ ക്രൈംബ്രാഞ്ച് സംഘം നീക്കം ചെയ്തു.

അതേസമയം, മോൻസന് ശിൽപങ്ങൾ നിർമ്മിച്ചുനൽകിയ സുരേഷ് വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന് മൊഴി നൽകും. വിൽപനയ്‌ക്കെന്ന് കരുതിയാണ് ശിൽപങ്ങൾ നിർമ്മിച്ചു നൽകിയതെന്നും മേൻസന്റെ വീട്ടിൽ ആരൊക്കെ വരാറുണ്ടെന്നത് ശ്രദ്ധിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. മോൻസനിൽനിന്ന് 70 ലക്ഷം രൂപ കിട്ടാനുണ്ടെന്നും താൻ ചികിത്സയിലായിരുന്നപ്പോൾ 7 ലക്ഷം രൂപ നൽകിയെന്നും സുരേഷ് പറഞ്ഞു.