മറയൂർ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിന് നേരെ കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് നടത്തിയ ആക്രമണത്തിൽ തലയോട്ടി തകർന്ന മറയൂർ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ അരോഗ്യനിലയിൽ നേരിയ ആശ്വാസം. ആലുവ രാജഗിരി ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാക്കിയ 33 കാരനായ അജീഷിനെ ഇന്ന് രാവിലെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഇപ്പോൾ ഐസിയുവിൽ നീരീക്ഷണത്തിൽ കിടത്തിയിരിക്കുകയാണ്. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലങ്കിൽ നാളെ മുറിയിലേയ്ക്ക് മാറ്റാനാവുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.

തലയുടെ പിൻഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളിൽ ക്ഷതമേറ്റിരുന്നു. ഈ ഭാഗത്ത് ഓപ്പറേഷൻ നടത്തി. കുറച്ചുഭാഗം വയറുകീറി ഉള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങൾക്കു ശേഷമാവും ഇത് ഓപ്പറേഷൻ നടത്തി പുനഃസ്ഥാപിക്കുക.

തലയ്ക്കുള്ളിൽ ക്ഷതമേറ്റിട്ടുള്ളതിനാൽ ഓർമ്മ ശക്തിക്കോ കാഴ്ചയ്ക്കോ തകരാറുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന.സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കോവിൽക്കാവ് സ്വദേശി സുലൈമാന്റെ പേരിൽ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇയാളിപ്പോൾ റിമാന്റിലാണ്. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂർ സി ഐ ജി എസ് രതീഷാണ് സുലൈമാനെ ആദ്യം കാണുന്നത്.ഈ സമയം ഇയാൾ മാസ്‌ക് ധരിച്ചിരുന്നില്ല. സി ഐ വാഹനത്തിലിരുന്നുകൊണ്ട് ഇത് ചോദ്യം ചെയ്തു.ഈ സമയം സുലൈമാൻ സി ഐ യെ അസഭ്യം പറഞ്ഞു. ഇതോടെ സി ഐ വാഹനത്തിൽ നിന്നും ഇറങ്ങി ഇയാളുടെ അടുത്തേയ്ക്ക് നടന്നടുത്തു.

ഉടൻ സുലൈമാൻ കയ്യിൽകിട്ടിയ കല്ലെടുത്ത് സി ഐയ്ക്കുനേരെ ഏറിഞ്ഞു. ഏറ് തലയിൽ കൊണ്ടു. ഇതിനിടെ വാഹനത്തിലിറങ്ങി സുലൈമാന്റെ നേരെ അജീഷ് പാഞ്ഞടുത്തു. തൊട്ടടുത്തെത്തിയപ്പോൾ കയ്യിലിരുന്ന കോൺക്രീറ്റ് കഷണം കൊണ്ട് സുലൈമാൻ അജീഷിന്റെ തലയിൽ ആഞ്ഞിടിക്കുകയായിരുന്നു. ഇടിയേറ്റയുടൻ അജീഷ് ബോധരഹിതനായി നിലം പതിച്ചു. സി ഐയ്ക്കും തലയ്ക്ക് നല്ലവേദന അനുഭവപ്പെട്ടിരുന്നു.

പിന്നീട് പൊലീസ് സംഘം സുലൈമാനെ കീഴടക്ക് കസ്റ്റഡിയിൽ എടുത്തു. അജീഷീനെയും സി ഐ രതീഷിനെയും കൊണ്ട് ഉടൻ പൊലീസ് സംഘം ആലുവ രാജഗിരി ആശുപത്രിക്ക് തിരിച്ചു. ഇടയ്ക്ക് അജീഷ് ഒന്നുരണ്ടുവട്ടം ശർദ്ദിച്ചത് കൂടെയുണ്ടായിരുന്നവരുടെ ആശങ്ക വർദ്ധിപ്പിച്ചു.
ഓപ്പറേഷന് ശേഷമെ രക്ഷപെടുമോ എന്നകാര്യത്തിൽ എന്തെങ്കിലും പറായൻ കഴിയു എന്നായിരുന്നു മെഡിക്കൽ സംഘം സപ്രവർത്തകരെ അറിയിച്ചത്.

പിന്നെ പ്രാർത്ഥനോടെയുള്ള മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഓപ്പറേഷൻ കഴിഞ്ഞെന്നും വെന്റിലേറ്ററിൽ കിടത്തിയിരിക്കുകയാണെന്നും ഉള്ള വിവരം പുറത്തുവന്നതോടെ കൂടെയെത്തിയവരുടെ ഭയപ്പാടിന് ചെറിയ ആശ്വാസമായി. ഇന്ന് കുടൂതൽ ശുഭകരമായി വിവരം കിട്ടിയതോടെ ഇവരെല്ലാം വലിയ ആശ്വാസത്തിലും പ്രാർത്ഥിനയിലുമാണ്. കുഴപ്പങ്ങളൊന്നുമില്ലാതെ അജീഷ് വീണ്ടും ജോലിക്കെത്തണമെന്ന ആഗ്രഹമാണ് ഇവർക്കെല്ലാമുള്ളത്.

പരിശോധനയിൽ സി ഐ രതീഷിന്റെ തലയോട്ടിയിലും പൊട്ടലുണ്ടെന്ന് വ്യക്തമായി. ഇന്നലെ വരെ ചികത്സയിലായിരുന്നു.വീട്ടിലെത്തി വിശ്രമമെടുക്കണമെന്നുള്ള നിർദ്ദേശത്തോടെ ഇന്ന് ഡീസ്ചാർജ്ജ് ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഇരുവരെയും സന്ദർശിച്ചു. സംഭവം പ്രദേശത്താകെ ഞെട്ടലുണ്ടാക്കിയിരുന്നു.