ഈരാറ്റുപേട്ട: വിദ്വേഷ പ്രസംഗത്തിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജിനു വേണ്ടി പൊലീസ് തിരച്ചിൽ ശക്തം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ ബന്ധുവിന്റെ കാറിലാണു ജോർജ് വീട്ടിൽനിന്നു പോയതെന്നു പൊലീസ് കണ്ടെത്തി. ഈ കാർ ഉച്ചയ്ക്ക് രണ്ടിനു തിരിച്ചെത്തി. ജോർജിന്റെ ഗൺമാൻ നൈനാനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. പിറ്റേന്നു ജോലിക്കു വരേണ്ടതില്ലെന്നു ജോർജ് പറഞ്ഞതായി ഗൺമാൻ പൊലീസിനെ അറിയിച്ചു. വീട്ടിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാരിവട്ടം പൊലീസാണു കേസ് അന്വേഷിക്കുന്നത്.

അതേസമയം പി.സി. ജോർജ് കൊച്ചിയിലെത്തിയതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ജോർജിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആണ്. ഹൈക്കോടതിയിൽ പി.സി. ജോർജിനായി തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി നൽകിയേക്കുമെന്ന് സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നേരത്തേ സെഷൻസ് കോടതി തള്ളിയിരുന്നു. ജോർജിന്റെ ഗൺമാൻ നൈനാനെ കൊച്ചിയിലെത്തിച്ച് അന്വേഷണസംഘം ചോദ്യംചെയ്തു.

പാലാരിവട്ടം വെണ്ണലയിലെ ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗവും മതവിദ്വേഷം വളർത്തുന്നതാണെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് കേസെടുത്തതും അറസ്റ്റ് അനിവാര്യമാകുമെന്ന തോന്നലുണ്ടായതിനും പിന്നാലെയാണ് പി.സി. ജോർജ് ഒളിവിൽപ്പോയത്. സ്വന്തം കാർ ഉപേക്ഷിച്ച് ബന്ധുവിന്റെ കാറിലാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പി.സി.ജോർജ് ഒളിച്ചോടിയതല്ലെന്നും എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടികൾക്കു വഴങ്ങില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് പറഞ്ഞു. പി.സി. ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ജോർജിനെ വേട്ടയാടാനും ആക്രമിക്കാനുമാണു ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം ഏത് പാർട്ടിക്കാരനാണെന്ന് നോക്കാതെ സംരക്ഷണം നൽകും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, നേരത്തേ ശബരിമല വിഷയത്തിൽ നിലപാടു മാറ്റിയ പോലെ സിൽവർ ലൈനിലും സർക്കാരിനു പിന്നോട്ടു പോകേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.