അടൂർ: പത്തനാപുരത്ത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമായി പിഴ ഈടാക്കിയതിനെ ചൊല്ലി തർക്കിച്ച ടിപ്പർ ലോറി ഉടമയ്ക്കെതിരേ പൊലീസ് കേസെടുത്തു. കൂടൽ ഇഞ്ചപ്പാറ സ്വദേശി സുമേഷിനെതിരേയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് അടൂർ പൊലീസ് കേസെടുത്തത്. സംഭവം നടന്നത് അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയായ പുതുവലിൽ വച്ചായതു കാരണമാണ് ഇവിടെ കേസ് എടുത്തത്.

പത്തനാപുരം സ്റ്റേഷൻ ലിമിറ്റിൽ വച്ചാണ് പരിശോധന നടത്തിക്കൊണ്ടിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സുമേഷിന്റെ ലോറി കസ്റ്റഡിയിൽ എടുത്തത്. അമിതഭാരം കയറ്റിയതിനായിരുന്നു ലോറി പിടികൂടിയത്. പുതുവലിലുള്ള വേ ബ്രിഡ്ജിൽ വച്ചാണ് ലോറിയുടെ തൂക്കം നോക്കിയത്. 21 ടൺ മാത്രം കയറ്റാൻ നിയമം അനുവദിക്കുന്ന ലോറിയിൽ 42 ടൺ കയറ്റി എന്നതാണ് കുറ്റം.

ഇതിന് 25,000 രൂപ മോട്ടോർ വാഹന വകുപ്പ് ഈടാക്കി. തൊട്ടുപിന്നാലെ സംഭവം വിവാദമാവുകയും ചെയ്തു. ഗണേശ് കുമാർ എംഎൽഎ വിഷയത്തിൽ ഇടപെടുകയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരേ രംഗത്ത് വരികയും ചെയ്തു. മണേഷിന്റെ നിലപാടിനോട് വകുപ്് മന്ത്രി ആന്റണി രാജുവിനും എതിരഭിപ്രായമായിരുന്നു. നിയമം നടപ്പാക്കും, അതിന് ഉദ്യോഗസ്ഥരെ പഴിക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

ടിപ്പർ ലോറി പിടിച്ചെടുക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നുമാണ് ഉടമയുടെ പരാതി. നേരത്തെ ലോറിയിലെ അധിക ഭാരത്തിന്റെ പേരിൽ കൊല്ലത്തു വച്ച് സുമേഷിന് 25,000 രൂപ പിഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചു ദിവസത്തിന് ശേഷം പത്തനാപുരത്ത് വച്ച് വീണ്ടും എംവിഐ വണ്ടി പിടികൂടിയത്. സംഭവത്തിൽ ഇടപെട്ട ഗണേശ് കുമാർ എംഎൽഎ എംവിഐയെ ഫോണിൽ വിളിക്കുകയും കോവിഡ് കാലത്ത് നിരന്തരം ഡ്രൈവർമാരെ ദ്രോഹിക്കരുതെന്ന് ആവശ്യപ്പെടുകയും പിടിച്ചെടുത്ത വണ്ടി വിട്ടു കൊടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കെബി ഗണേശ്കുമാർ എംഎൽഎ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.പിന്നാലെയാണ് വിഷയത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്. പത്തനാപുരത്ത് പിഴയിട്ട ലോറി വീണ്ടും പിടിച്ചെടുത്തതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിയമം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. തെറ്റ് ആവർത്തിച്ചാൽ പിഴ ഈടാക്കാതിരിക്കുന്നത് എങ്ങനെയാണ്. നിയമം നടപ്പാക്കുമെന്നും വ്യക്തമാക്കുക ആയിരുന്നു.