തിരുവനന്തപുരം: എല്ലാ നിയമനങ്ങൾക്കും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക-അനധ്യാപക നിയമനത്തിനും പൊലീസ് വെരിഫിക്കേഷൻ വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയ്ക്കും നിയമം ബാധകമാണ്.

ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇതിനായി ഉടൻ ചട്ടഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സർവേ നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 75 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. കുടുംബശ്രീയെയാണ് സർവേ നടത്താൻ നിയോഗിച്ചിരിക്കുന്നത്. തദ്ദേശവാർഡ് അടിസ്ഥാനത്തിലാകും സാമൂഹിത സാമ്പത്തിക സർവേ നടത്തുക. ുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സർവ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നൽകി.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ:

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി കൈമാറ്റം

ഇരിട്ടി, കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും ലാന്റ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.6241 ഹെക്ടർ ഭൂമി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നൽകാൻ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണിത്. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതൽ ഒരുവർഷത്തിനകം നിർദ്ദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.

സ്റ്റാഫ് പാറ്റേൺ പുതുക്കും

വിനോദസഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലെ സ്റ്റാഫ് പാറ്റേൺ നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി മാർഗരേഖ പ്രകാരം പുതുക്കാൻ തീരുമാനിച്ചു.

അഭിഭാഷക പാനൽ

സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ രഞ്ജിത്ത് തമ്പാനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.