കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ പാർട്ടികൾ തീറ്റിപ്പോറ്റി വെള്ളവും വളവും നൽകിയ ക്രിമിനലുകൾ ഇപ്പോൾ പുരയ്ക്കു മേലെ ചായുന്ന വന്മരങ്ങളായി മാറി. ഏഴുപതിറ്റാണ്ടായി നടമാടുന്ന കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ രണ്ടുപതിറ്റാണ്ടുകൾക്കു മുൻപാണ് കൊലപാതകം മാത്രം ചെയ്യാൻ പരിശീലനം ലഭിച്ച പ്രൊഫഷനൽ സംഘം അരങ്ങുവാഴാൻ തുടങ്ങിയത്. കില്ലർ സ്‌ക്വാഡായി അറിയപ്പെടുന്ന ഇവരെ സംരക്ഷിക്കുകയും സംഘർഷവേളകളിൽ ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു പാർട്ടി നേതാക്കളുടെ രീതി.

എന്നാൽ കണ്ണൂരിൽ കഴിഞ്ഞ കുറേക്കാലമായി അക്രമരാഷ്ട്രീയത്തിന് സാധ്യത മങ്ങിയതോടെ ഇവർ സ്വർണ-കുഴൽപ്പണ കടത്തിലേക്കും മദ്യ- ഇറച്ചിക്കോഴിക്കടത്തിലേക്കും തിരിഞ്ഞു. ഇതോടെയാണ് പാർട്ടികൾക്കതീതമായ വൻസാമ്പത്തിക ശക്തിയായി ഇവർ മാറാൻ തുടങ്ങിയത്. സാമ്പത്തിക താൽപര്യമുള്ള ചില പ്രാദേശിക നേതൃത്വവും ഇവരോടൊപ്പം ചേർന്നതോടെ ഭരണത്തിലും രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലത്തിലും ആഴത്തിൽ വേരുള്ള വൻ മാഫിയ തന്നെ കണ്ണൂരിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. േ

കാഴിക്കോട് വിമാനത്താവളം മുതൽ മംഗളൂര് വരെ നീളുന്ന ഒരു അധോലോക ഇടനാഴി തന്നെ ഇവരുണ്ടാക്കിയിട്ടുണ്ട്. ഇതുകൂടാതെ തൃശൂർ മുതൽ തിരുവനന്തപുരം വരെ ക്വട്ടേഷൻ പണിക്കും പോകുന്നുണ്ട്.

രാഷ്ട്രീയ ഗുണ്ടയിൽ നിന്നും അധോലോക നായകനിലേക്ക്

രാഷ്ട്രീയ ഗുണ്ടയിൽ അധോലോക നായകനിലേക്ക് വളർന്ന ചരിത്രമാണ് കൊടിസുനിയടക്കമുള്ള രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾക്കുള്ളത്്. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ നേടിയെടുത്ത കുപ്രസിദ്ധി മൂലധനമാക്കിയാണ് ഇവർ സ്വർണക്കടത്ത്-കുഴൽപ്പണ ബ്ളേഡ് ഇടപാടുകളിൽ ഇറങ്ങിയത്.

നിഗൂഡമായ സ്വർണക്കടത്തുകളും സ്വർണം തട്ടിക്കൊണ്ടുപോവലുമായി കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടകൾ മുംബൈ അണ്ടർ വേൾഡിനെ അനുസ്മരിക്കുന്ന വിധത്തിൽ വളർന്നു കഴിഞ്ഞു.നിഗൂഡമായ സ്വർണക്കടത്തു ബന്ധങ്ങളും സ്വർണം തട്ടിക്കൊണ്ടുപോവലുകളുമായി മുന്നേറുകയാണ് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങൾ.

ചില പ്രമുഖപാർട്ടികൾക്കു വേണ്ടി എതിരാളികളെ അരും കൊലചെയ്തവരാണ് ഇപ്പോൾ അധോലോക സംഘാംഗങ്ങളായി പരിണമിച്ചിരിക്കുന്നത്. സ്വർണ- കുഴൽപ്പണക്കടത്തിന് അകമ്പടി പോകുന്നതു മാത്രമല്ല ഇവ തട്ടിയെടുക്കുന്നതിനും ഇവർ തന്നെയാണ് നേതൃത്വം നൽകുന്നത്. രാഷ്ട്രീയ പാർട്ടികൾക്കായി കൊല്ലാൻ വാളെടുത്തിറങ്ങിയവർ ഇപ്പോൾ വിവിധ ലീഡർമാർ നയിക്കുന്ന അധോലോക സംഘങ്ങളായി മാറിയിരിക്കുകയാണ്.

എന്നാൽ പരസ്പരം ഏറ്റുമുട്ടാതെ നല്ല ധാരണയിലാണ് കമ്മിഷനും ലാഭവിഹിതവും വീതംവച്ചു ഇവർ മുൻപോട്ടുപോകുന്നത്. ഏറെ വിവാദവമായ കൊടകര കുഴൽപ്പണ കേസിലും രാമനാട്ടുകര വാഹനാപകട കേസിലും ഉയർന്നു കേൾക്കുന്നത് കണ്ണൂർ കേന്ദ്രീകരിച്ചുള്ള കവർച്ചാ സംഘങ്ങങ്ങളുടെ പേരുകളാണ്. കൊടകര കള്ളപ്പണകേസിൽ ഇതുവരെ പിടിയിലായവരിൽ കണ്ണൂർ സ്വദേശികളുമുണ്ട്. ഇവരുടെ നേതാവ് ഷിഗ്ലിനെ പൊലിസ് തെരയുയകയാണ്.

ഇതിനു സമാനമായാണ് രാമനാട്ടുകാരയിലെ സ്വർണക്കടത്ത് സംഘവുമായി അഴീക്കൽ കപ്പക്കടവിൽ സ്വദേശിയായ അർജുന്റെ ബന്ധം.കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് കേന്ദ്രീകരിച്ചു സി.പി. എമ്മിനായി പ്രവർത്തിക്കുന്ന ഡിഫൻസ് സംഘത്തിന് നേതൃത്വം നൽകുന്ന അർജുൻ ഒടുവിൽ അധോലോക നായകനായപ്പോൾ പാർട്ടി തന്നെ തള്ളിപ്പറയുകയായിരുന്നു.

പാർട്ടിക്കൊടി പിടിച്ച് കവർച്ചയിലേക്ക്

രാഷ്ട്രീയ അക്രമകേസുകളിലും കൊലപാതക കേസുകളിലും പ്രതികളാണ് എല്ലാ ക്വട്ടേഷൻ സംഘത്തിലുമുള്ളത്. ഇവർ എല്ലാത്തിലും കയറി ഇടപെട്ട് പേരു നാറ്റിക്കാൻ തുടങ്ങിയതോടെയാണ് പാർട്ടികൾ അവഗണിക്കാൻ തുടങ്ങിയത്. ഇതോടെയാണ് ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവരൊക്കെ ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞു തുടങ്ങിയത്. ഇതോടെ സ്വർണക്കടത്തും കുഴൽപണം കടത്തുമായി ഇഷ്ടരംഗങ്ങൾ. കൊടിസുനിയുടെ നേതൃത്വത്തിൽ മാഹിയിലെ ബാറുകൾക്ക് സംരക്ഷണവും മദ്യവിൽപനയുടെ സംരക്ഷണവും ഏറ്റെടുത്തു.

ലക്ഷങ്ങൾ കൈമെയ് മറിയാൻ തുടങ്ങിയതോടെ ഇവർ സ്വർണം കടത്തുന്നവരെയും കുഴൽപ്പണ കാരിയർമാരെയും അക്രമിച്ച് പണം കൈക്കലാക്കാൻ തുടങ്ങി. ഇതോടെ സിനിമാ സ്ൈറ്റലിൽ വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോകലും രഹസ്യ കേന്ദ്രങ്ങളിൽ ബന്ദിയാക്കി ഒളിപ്പിക്കലും തുടങ്ങി. രാഷ്ട്രീയ ക്വട്ടേഷൻ ടീമുകളുടെ ഉന്നതരാഷ്ട്രീയ ബന്ധം മറയാക്കിയാണ് പരിപാടി തുടങ്ങിയത്.കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇവർക്കു ചാകരയുമായി.

രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ബന്ധം കാരണം ഇവർക്കെതിരെ പരാതി നൽകാൻ അക്രമിക്കപ്പെട്ടവർ തയ്യാറാകാറില്ല. മാത്രമല്ല കോടികളുടെ സാമ്പത്തിക തർക്കത്തിൽ മധ്യസ്ഥരായി നിന്നും റെന്റ് എ കാറെടുത്ത് മദ്യവും കഞ്ചാവും കടത്തിയും ഇവർ പണം കൊയ്യുന്നുണ്ട്.

വാളെടുത്തവർ ഒരേ സംഘത്തിൽ

മട്ടന്നൂർ ഉളിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു ഗുണ്ടാ സംഘത്തെ തപ്പിയറങ്ങിയ പൊലിസ് രണ്ടു പാർട്ടികളിൽ നിന്നു കൊല്ലും കൊലയും നടത്തിയവർ ഭായി ഭായി മാരായി ഒരുമിച്ചിരിക്കുന്നതു കണ്ടപ്പോൾ ഞെട്ടിപ്പോയതായി ഒരു കഥയുണ്ട്. പാർട്ടികൾക്കു വേണ്ടി വെട്ടാനും കൊല്ലാനും എന്തിനുമേതിനും പോയവർ ജയിലിലെത്തിയാൽ ഉറ്റചങ്ങാതിമാരായാണ്. പുറത്തിറങ്ങിയാൽ പണമുണ്ടാക്കേണ്ട പ്ലാനുകളാണ് ഇവർ ജയിലിൽ വെച്ചു ചർച്ച ചെയ്്തിരുന്നത്.

പുറംപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനം മാന്യമായി പങ്കിടാനും ഇവർ ശ്രദ്ധിക്കാറുണ്ട്. ഇവർ ചേരിതിരിഞ്ഞ് സ്വർണക്കടത്ത്, കുഴൽപണത്തിന് കൂട്ടുപോവുകയും മറ്റേസംഘം വിവരം തട്ടിക്കൊണ്ടുപോകാനെത്തുവർക്ക് കൈമാറുകയും ചെയ്യുന്നതാണ് രീതി.ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനിയും സംഘവും ജയിലിൽ കിടക്കുമ്പോൾ പോലും ലക്ഷങ്ങളാണ് പുറത്ത് ആളെവെച്ചു ഇങ്ങനെ സമ്പാദിച്ചത്. ജയിലുള്ള ഇവർ കവർച്ച ആസൂത്രണം ചെയ്യുകയും പുറത്തുള്ള ടീമംഗങ്ങൾ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്.

ഇങ്ങനെ തട്ടിയെടുത്ത സ്വർണം കണ്ടെത്താനായി സ്വർണക്കടത്ത് സംഘങ്ങൾ തലശേരി, കോഴിക്കോട് എന്നിവടങ്ങളിൽ ഹോട്ടലുകളിൽ മുറികളെടുത്ത് മധ്യസ്ഥ ചർച്ച നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇത്തരം പ്രശ്നങ്ങളിൽ ചില ഉന്നത നേതാക്കൾ വരെ പങ്കെടുക്കാറുണ്ട്. അതിവിപുലമായ ബന്ധങ്ങളാണ് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളുടെത്. ചാവക്കാടും തൃശൂരും കൊച്ചിയിലും തിരുവനന്തപുരത്തും ബാംഗൽരിലും ഇവർക്ക് കൂട്ടാളികളുണ്ട്. അഴീക്കൽ അർജുന്റെ സംഘത്തിന് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവായ അനസിന്റെ സംഘവുമായി അടുത്ത ബന്ധമുണ്ട്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തമായ ശൃംഖല തന്നെ രൂപപ്പെട്ടതായാണ് പൊലിസ് റിപ്പോർട്ട്.