തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്ന സംഘട്ടനത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കാൻ സിപിഎമ്മും സർക്കാറും വലിയ തോതിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേരളാ പൊലീസിന്റെ വാദം. അതേസമയം പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങൾ സിപിഎമ്മിന്റെ വാദഗതികളെ തള്ളിക്കളയുന്നതാണ്. ഇരുകൂട്ടരുടെയും കൈയിൽ വാളുകൾ ഉണ്ടായിരുന്നതായും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള കൊലപാതകമാണ് ഇതെന്ന വാദം അംഗീകരിക്കാൻ പൊലീസും ഇപ്പോൾ വൈമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ചർച്ചയാകുമ്പോൾ തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്ന വിവരമാണ് വിവരാവകാശ രേഖയിൽ ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നത്. കണ്ണൂർ ജില്ലയിലെ കാര്യം ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യം ഉന്നയിക്കുന്നത്. വിവരാവകാശ രേഖകൾ സഹിതമാണ് ഉമ്മൻ ചാണ്ടി കേരളത്തിലെ കൊലായാളി പാർട്ടി സിപിഎം തന്നെയാണെന്ന് സമർത്ഥിക്കുന്നത്.

പുറത്തുവരുന്ന വിവരാവകാശ രേഖകൾ പ്രകാരം കണ്ണൂർ ജില്ലയിൽ 1984 മുതൽ 2018 മെയ് വരെ 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷത്തിലും പ്രതിസ്ഥാനത്തുള്ളത് സിപിഎമ്മാണ്. ബിജെപി പ്രതിസ്ഥാനത്തുള്ള 39 രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികൾ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിസ്ഥാനത്തു നിൽക്കുന്നു. അതേസമയം കോൺഗ്രസ് ഒരേയൊരു കേസിൽ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത് എന്നതും ശ്രദ്ധേയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിനെ നേരിടുന്നത്. തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിലും ഇതു കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

ഏറ്റവും കൂടുതൽ രാഷ്ട്രീയകൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോൺഗ്രസും. ഈ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം. വിവരാവകാശ നിയമപ്രകാരം കണ്ണൂർ ജില്ലാ പൊലീസിൽ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയിൽ 1984 മുതൽ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.

125 കൊലപാതകങ്ങളിൽ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തിൽ. മറ്റു പാർട്ടികൾ 7. എന്നാൽ കോൺഗ്രസ് ഒരേയൊരു കേസിൽ മാത്രമാണ് പ്രതി. ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേർ. സിപിഎം- 46, കോൺഗ്രസ്- 19, മറ്റു പാർട്ടികൾ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്വ്. അമ്പതു വർഷമായി കണ്ണൂരിൽ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങൾക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മിൽ ഒട്ടും പൊരുത്തപ്പെടുന്നില്ല.

ഏതാണ്ട് 225 പേർ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാൽ സർക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ രാഷ്ട്രീയകൊലപാതകങ്ങൾ കുറയുകയും ഇടതുസർക്കാർ അധികാരത്തിലിരിക്കുമ്പോൾ അതു പതിന്മടങ്ങ് വർധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയിൽ വ്യക്തം. ഇടതുസർക്കാരിന്റെ 1996-2001 കാലയളവിൽ കണ്ണൂരിൽ 30 പേർ കൊല്ലപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാരിന്റെ 2001-2006 കാലയളവിൽ 10 പേരാണു കൊല്ലപ്പെട്ടത്.

തുടർന്നുള്ള ഇടതുസർക്കാരിന്റെ 2006-2011 കാലയളവിൽ 30 പേരായി വീണ്ടും കുതിച്ചുയർന്നു. യുഡിഎഫ് സർക്കാരിന്റെ 2011- 16ൽ അത് 11 ആയി കുറഞ്ഞു. പിണറായി സർക്കാരിന്റെ ആദ്യത്തെ രണ്ടു വർഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്.
കേരളത്തിൽ ക്രമസമാധാനം പാലിക്കാൻ യുഡിഎഫ് സർക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകൾ വ്യക്തമാക്കുന്നു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോൾ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. 2016 ൽ ഒൻപതും 2017 ൽ അഞ്ചും 2018 ൽ നാലും 2019 ൽ രണ്ടും കൊലപാതകങ്ങൾ ഉണ്ടായി. കൊല്ലപ്പെട്ടവരിലേറെയും ബിജെപി പ്രവർത്തകർ. ഭൂരിഭാഗം കേസിലും പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകരും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 36 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കാസർകോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ എറണാകുളം സിറ്റിയിൽ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.