ന്യൂഡൽഹി: തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ഡൽഹിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി.

ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് കേന്ദ്രസർക്കാറിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്. ഒഴിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. ഹിമാചലിലും രാജസ്ഥാനിലും എത്തിയ ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ മടങ്ങാൻ ഇസ്രയേൽ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.

അതേസമയം സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ എന്ന നിലയിൽ ഏകദേശം സമാനമായ വെല്ലുവിളികൾ സമുദ്രസുരക്ഷയുടെ കാര്യത്തിൽ നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ടാൻസാനിയയും ധാരണയായി. രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങൾ തമ്മിലുള്ള പരസ്പരപ്രവർത്തനക്ഷമത വർധിപ്പിക്കുന്നതി നെക്കുറിച്ചും ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശയവിനിമയം നടത്തി. വൈറ്റ് ഷിപ്പിങ് വിവരങ്ങൾ പങ്കിടുന്നതിനുള്ള സാങ്കേതിക കരാറിൽ ഒപ്പുവച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു.

പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള താൽപ്പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു. ടാൻസാനിയൻ സേനയുടെയും വ്യവസായത്തിന്റെയും ശേഷി വർധിപ്പിക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതിയിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും, എപ്പോൾ, എവിടെയായിരുന്നാലും, ആരു ചെയ്താലും, അതിർത്തി കടന്നുള്ള ഭീകരതയ്ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിനെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു.

ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരതയെന്നും അതിനെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവർ സമ്മതിച്ചു. ടാൻസാനിയയിലെ പ്രധാന തുറമുഖങ്ങളിൽ സമീപ വർഷങ്ങളിലായി ഇന്ത്യ നടത്തിയ ഹൈഡ്രോഗ്രാഫിക് സർവേകളെ ടാൻസാനിയ അഭിനന്ദിച്ചു. അതോടൊപ്പം, ഈ മേഖലയിലെ സഹകരണം തുടരാനും സംയുക്തപ്രസ്താവനയിൽ ഇരുപക്ഷവും സമ്മതിച്ചു.

ദക്ഷിണ ലോകത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, സ്മാർട്ട് തുറമുഖങ്ങൾ, ബഹിരാകാശം, ബയോടെക്നോളജി, നിർമ്മിതബുദ്ധി, ഏവിയേഷൻ മാനേജ്മെന്റ് മുതലായ പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ 5 വർഷ കാലയളവിൽ ഉപയോഗിക്കുന്നതിനായി ടാൻസാനിയയ്ക്കായി 1000 അധിക സാമ്പത്തിക സാങ്കേതിക ഇനങ്ങൾ ഭാരതം പ്രഖ്യാപിച്ചു.

വിനോദസഞ്ചാരം, സമുദ്രവ്യാപാരം, സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും, സമുദ്രശാസ്ത്ര ഗവേഷണം, കടൽത്തീര ഖനന ശേഷി, സമുദ്രസംരക്ഷണം, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെ നീല സമ്പദ് വ്യവസ്ഥയിൽ ഭാരതവുമായി സഹകരിക്കാൻ ടാൻസാനിയ താൽപ്പര്യം പ്രകടിപ്പിച്ചു. സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ഇന്ത്യൻ മഹാസമുദ്ര മേഖല ഉറപ്പാക്കാൻ ഇന്ത്യൻ മഹാസമുദ്ര റിം അസോസിയേഷന്റെ (ഐഒആർഎ) ചട്ടക്കൂടിന് കീഴിൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയാകുകയും ചെയ്തു.

വ്യാപാര പ്രതിനിധികളുടെ സന്ദർശനങ്ങൾ, വ്യാവസായിക പ്രദർശനങ്ങൾ, വ്യാവസായിക സമൂഹവുമായുള്ള ആശയവിനിമയം എന്നിവ സംഘടിപ്പിച്ച് വ്യാപാര വ്യാപ്തി വിവരങ്ങൾ സമന്വയിപ്പിക്കണമെന്നും ഉഭയകക്ഷി വ്യാപാരവ്യാപ്തി കൂടുതൽ വർധിപ്പിക്കുന്നതിന് മുൻകൈയെടുക്കണമെന്നും ഇരുപക്ഷവും ധാരണയായി.