കോവിഡിന്റെ പിടിയിൽ ഞെരിഞ്ഞമരുമ്പോഴും ചൈനയുടെ യുദ്ധക്കൊതി തീരുന്നില്ല. തായ് വാന്റെ ആകാശത്തേക്ക് 71 യുദ്ധവിമാനങ്ങൾ പറപ്പിച്ച് സൈനിക പ്രകടനം നടത്തിയിരിക്കുകയാണ് ചൈന. മാത്രമല്ല, തായ് വ്വാനുമായുള്ള പ്രശ്നം ഗുരുതരമാക്കുന്നതിൽ അമേരിക്കയെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അറുപത് ഫൈറ്റർ ജെറ്റുകളാണ് ഈ സൈനിക പ്രകടനത്തിൽ പങ്കെടുത്തത്. അതിൽ ചൈനയുടെ ഏറ്റവും ആധുനിക വിമാനങ്ങളായ സു-30 വിമാനങ്ങൾ ആറെണ്ണം ഉണ്ടായിരുന്നു.

അമേരിക്കയുടെയും തായ് വാന്റെയും പ്രകോപനത്തിനുള്ള മറുപടിയാണ് ഇന്നലത്തെ സൈനിക പ്രകടനം എന്നാണ് ചൈനയുടെ ഭാഷ്യം. എന്നാൽ ഏത് തരം പ്രകോപനമാണ് അമേരിക്ക ഉണ്ടാക്കിയത് എന്ന് വ്യക്തമാക്കുന്നില്ല. തായ്വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമുള്ള കണക്കുകൾ പ്രകാരം ഇത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സൈനിക പ്രകടനമാണ്.

ജനാധിപത്യ ഭരണകൂടത്തിൻ കീഴിലുള്ള തായ് വാൻ ചൈനയിൽ നിന്നും നിരന്തരം ഭീഷണി ഏറ്റുവാങ്ങുന്ന രാജ്യമാണ്. ചൈന തായ് വാനെ ആക്രമിക്കുകയാണെങ്കിൽ, അമേരിക്കൻ സൈന്യം തായ് വാനെ പ്രതിരോധിക്കാൻ ഇറങ്ങുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജോ ബൈഡൻ രേഖാ മൂലംതന്നെ പറഞ്ഞിരുന്നു. ഈ പ്രസ്താവന ചൈനയെ അന്ന് ഏറെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇത് തായ് വാന്റെ കാര്യത്തിൽ അമേരിക്ക ഇതുവരെ പുലർത്തി വന്ന നിലപാടുകളിൽ നിന്നുള്ള പിന്മാറ്റം കൂടിയായിരുന്നു.

പ്രസിഡണ്ട് ഷീ ജിൻപിങ് അധികാരത്തിലെത്തിയതോടെ തായ് വാനുമായുള്ള ചൈനയുടെ ബന്ധം ഏറ്റവും മോശം നിലയിൽ എത്തിയിരുന്നു. സൈനികമായും നയതന്ത്രപരമായും സാമ്പത്തികമായും ചൈന തായ് വാന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുവാൻ തുടങ്ങിയത് അതിനു ശേഷമായിരുന്നു. ഈ വർഷം ഇതുവരെ 1700 ഓളം സൈനിക പ്രകടനങ്ങളാണ് ചിയന തായ് വാൻ അതിർത്തിക്കുള്ളിൽ നടത്തിയത്. 2021-ൽ ഇത് 969 ആയിരുന്നെങ്കിൽ 2020-ൽ 146 പ്രകടനങ്ങളായിരുന്നു നടത്തിയത്.

ചൈന അധികം വൈകാതെ തായ്വാനെ ആക്രമിച്ചേക്കും എന്ന ആശങ്ക പാശ്ചാത്യ ലോകത്തും ചൈനയുടെ അയൽരാജ്യങ്ങളിലും ശക്തമായി കഴിഞ്ഞു. മാത്രമല്ല, ചൈനയുടെ സർവ്വാധികാരിയായ ഷീ ജിൻ പിങ് ഇക്കാര്യത്തിൽ ചില സൂചനകൾ നൽകുകയും ചെയ്തിട്ടുണ്ട്. തായ് വാനെ ചൈനയുമായി യോജിപ്പിക്കുന്നത് അടുത്ത തലമുറക്ക് വിട്ടുകൊടുക്കാൻ ആവില്ല എന്നായിരുന്നു ഷീ പറഞ്ഞത്. റഷ്യയുടെ യുക്രെയിൻ ആക്രമണവും, ചൈന സമാനമായ രീതിയിലേക്ക് നീങ്ങിയേക്കും എന്ന തോന്നലുണ്ടാക്കാൻ ഇടയായിട്ടുണ്ട്.

അതിനിടയിൽ അമേരിക്ക തായ് വാനുള്ള സഹായം വർദ്ധിപ്പിച്ചിട്ടുണ്ട്. തായ് വാന് 10 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകുന്ന ബിൽ ഈ മാസമായിരുന്നു അമേരിക്ക പാസ്സാക്കിയത്. ചൈനയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചായിരുന്നു ഇത് പാസ്സാക്കിയത്. അതിനു മുൻപായി അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ് വാൻ സന്ദർശനവും ചൈന - അമേരിക്കൻ ബന്ധത്തിന് ഉലച്ചിൽ തട്ടാൻ ഇടയാക്കിയിരുന്നു.