യെരുശലേം: ഗസ്സയിലെ ഏതാനും ബന്ദികളെ മോചിപ്പിക്കാൻ, അമേരിക്കയും, ഇസ്രയേലും, ഹമാസും തമ്മിൽ ധാരണയിലെത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ്. അഞ്ചുദിവസത്തേക്ക് ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിന് പകരമായാണ് ബന്ദികളെ വിട്ടയയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. ഓരോ 24 മണിക്കൂറിലും, 50 ഓ അതിലധികമോ ബന്ദികളെ വിട്ടയയ്ക്കുന്ന രീതിയിലായിരിക്കും ധാരണയെന്ന് റിപ്പോർട്ടിൽ പറഞ്ഞു. വ്യോമനിരീക്ഷണത്തിന്റെ സഹായത്തോടെ, ഗസ്സയിൽ മാനുഷിക സഹായം എത്തിക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ഹമാസ് ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ 239 പേരിൽ എത്ര പേരെ വിട്ടയയ്ക്കുമെന്ന് വ്യക്തമല്ലെന്നും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഈ ധാരണ ഉരുത്തിരിഞ്ഞതെന്നാണ് മുതിർന്ന നയതന്ത്രപ്രതിനിധികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ബന്ദികളെ വിട്ടയയ്ക്കാൻ കരാറില്ലെന്ന് ഇസ്രയേലും അമേരിക്കയും

എന്നാൽ, ബന്ദികളെ വിട്ടയയ്ക്കുന്നതിന് ധാരണ നിലവിലില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹു വ്യക്തമാക്കി. ' എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് നമ്മുടെ താൽപര്യം. അതിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുകയാണ്. ഘട്ടം ഘട്ടം ആയെങ്കിലും. ഇക്കാര്യത്തിൽ നമ്മൾ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിക്കുകയാണ് നമ്മളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു ധാരണയിൽ എത്തിയെന്ന വാർത്ത അമേരിക്കയും നിഷേധിച്ചു. ' അത്തരമൊരു ധാരണയിൽ ഇതുവരെയെത്തിയിട്ടില്ല. എങ്കിലും, അതിനുവേണ്ടിയുള്ള കഠിന പ്രയത്‌നം തുടരുകയാണ്'. വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൊൺസിൽ വക്താവ് ആഡ്രീൻ വാട്‌സൺ എക്‌സിൽ പ്രതികരിച്ചു.

ഏറ്റുമുട്ടലിന് ഏതാനും ദിവസത്തെ അവധി നൽകുകയും, ചില ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കുകയും, ഗസ്സയിലേക്ക് കൂടുതൽ ഇന്ധനം എത്തിക്കുകയും വഴി ഏതാനും ബന്ദികളെ വിട്ടയ്ക്കുന്നതിന് കളമൊരുക്കാനാണ് ഇസ്രയേൽ ശ്രമമെന്ന് ചാനൽ 12 ഉം റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ഇത്രയും ദിവസം പിന്നിട്ടിട്ടും ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ ജനരോഷം ഇരമ്പുന്നുണ്ട്. അതുപോലെ ഗസ്സയിലെ കൂട്ടക്കുരുതിയിൽ അന്താരാഷ്ട്ര തലത്തിലും ശക്തമായ എതിർപ്പും ആശങ്കയും ഉണ്ട്. 11,000 ത്തിലേറെ പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.