കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയം വീണ്ടും കലുഷിതമാകുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വ്യാപകമായി അക്രമണങ്ങളാണ് അരങ്ങേറുന്നത്. ബിജെപിയും സിപിഎമ്മും ഒരുവശത്തും തൃണമൂൽ കോൺഗ്രസ് മറുവശത്തുമായാണ് മത്സരം. പലയിടങ്ങളിലും തൃണമൂലിന്റെ ഏകാധിപത്യമാണെന്നതാണ് വസ്തുത. മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത വിധത്തിലാണ് മമതയുടെ പാർട്ടിയുടെ ഇടപെടലുകൾ.

അക്രമം പലയിടത്തായി വ്യാപിക്കുന്നതിനിടെ സമാധാനം ഉറപ്പാക്കാൻ പരിശ്രമവുമായി ഗവർണർ സി.വി.ആനന്ദബോസും രംഗത്തുവന്നു. ഗവർണറുടെ ഇടപെടലിൽ രാജ് ഭവനിൽ 'പീസ് റൂം' തുറന്നു. പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനായാണ് പീസ് റൂം തുറന്നത്. ഇവിടെ സ്വീകരിക്കുന്ന പരാതികൾ തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കൈമാറും.

ആക്രമബാധിത മേഖലകളിൽ ഗവർണർ കഴിഞ്ഞ രണ്ടു ദിവസമായി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാനമുറപ്പാക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾ. ''എന്താണ് സംഭവിച്ചതെന്ന് ഞാൻ നേരിട്ട് കണ്ടു. കലാപം അംഗീകരിക്കാനാകില്ല. സാധാരണ ജനങ്ങൾക്ക് അവരുടേതായ അവകാശങ്ങളുണ്ട്'' ഗവർണർ പ്രതികരിച്ചു.

ആനന്ദബോസിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ക്രമസമാധാന ചുമതല സംസ്ഥാനത്തിനാണെന്ന് തൃണമൂൽ നേതാവ് സൗഗത റോയ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഗവർണർക്ക് വലിയ ചുമതലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികകളുമായി ബന്ധപ്പെട്ട് വിവിധ അക്രമസംഭവങ്ങളിലായി ബംഗാളിൽ 7 പേരാണ് കൊല്ലപ്പെട്ടത്.

ബംഗാളിലെ കുച്ച് ബിഹാറിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിനെ കുത്തിക്കൊന്ന സംഭവവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ശംഭു ദാസ് എന്നയാളാണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണു സംഭവം. ശംഭുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ അക്രമികൾ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്നു മണിക്കൂറുകൾക്കു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ആരോപിച്ചു.

ബംഗാളിലെ മാൽദ ജില്ലയിലെ ടിഎംസി സ്ഥാനാർത്ഥി ശനിയാഴ്ച കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണു മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. വീട്ടിലേക്കു പോകുന്നതിനിടെയാണു ടിഎംസി സ്ഥാനാർത്ഥി മുസ്തഫ ഷ്യെ്ഖ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളിൽ വ്യാപക അക്രമങ്ങളാണു റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ബംഗാളിൽ സുഗമമായി തദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഡോ. സി.വി.ആനന്ദബോസ് വ്യക്തമാക്കി. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക നൽകാനായില്ല. ആയുധധാരികൾ അവരെ തടഞ്ഞുവച്ചു. അതുകൊണ്ടാണ് തെരുവിലിറങ്ങി നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘർഷമുണ്ടായ മേഖലകളിൽ ഗവർണർ സന്ദർശനം നടത്തിയിരുന്നു.

അതേസമയം സി വി ആനന്ദബോസ് സമാധാന ശ്രമങ്ങൾക്കായി രംഗത്തിറങ്ങിയതോടെ തൃണമൂൽ ഗവർണർക്ക് എതിരായിട്ടുണ്ട. ആനന്ദബോസിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ക്രമസമാധാന ചുമതല സംസ്ഥാനത്തിനാണെന്ന് തൃണമൂൽ നേതാവ് നേതാവ് സൗഗത റോയ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഗവർണർക്ക് വലിയ ചുമതലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഗവർണറുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി മമത ബാനർജിയും ആശയക്കുഴപ്പത്തിലാണ്. മമതയുമായി ആനന്ദ ബോസിന് വളരെ നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഗവർണറെ കുറ്റം പറയാനും പറ്റാത്ത അവസ്ഥയാണ്. ബംഗാൾ രാഷ്ട്രീയത്തിൽ രണ്ട് ചേരികളിൽ നിൽക്കുന്നവരെയും അനുനയ പാതയിൽ കൊണ്ടുവന്നാണ് ആനന്ദബോസ് ആദ്യം തന്റെ നയതന്ത്രരീതി പരീക്ഷിച്ചത്. ആ രീതിയാണ് അദ്ദേഹം വീണ്ടും തുടരുന്നത്. സ്വന്തം ചെലവുകൾ വഹിക്കാൻ സർക്കാർ പണം വേണ്ട പോക്കറ്റിൽ നിന്നും പണം മതിയെന്ന രീതി പരീക്ഷിച്ചു കൊണ്ടൃും ഗവർണർ രംഗത്തുവന്നിരുന്നു.

ദന്ത ചികിത്സ ആവശ്യം വന്നപ്പോൾ അതിനായി ലക്ഷങ്ങളുടെ ക്വട്ടേഷനുമായി സ്വകാര്യ ആശുപത്രി വന്നപ്പോഴും അത് വേണ്ടെന്ന് വെച്ച് സർക്കാർ ആശുപത്രിയുടെ സൗകര്യം ഉപയോഗിക്കുകയാണ് സി വി ആനന്ദബോസ് ചെയ്തത്. ഇതും ബംഗാളിൽ വലിയ വാർത്തയായി മാറുകയായിരുന്നു. തന്റെ ഔദ്യോഗിക ആവശ്യങ്ങൾ ഒഴികെയുള്ള കാര്യങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവഴിക്കാം എന്നതാണ് ആനന്ദബോസിന്റെ ലൈൻ. സുഹൃത്തുക്കൾ അടക്കമുള്ളവർ വന്നാൽ സമ്മാനം നൽകുന്നതും പോലും സ്വന്തം പോക്കറ്റിൽ നിന്നുമാണ് പണം ചെലവാക്കുന്നത്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരിക്കൽ മാത്രമാണ് അദ്ദേഹം ഹെലികോപ്ടർ ഉപയോഗിച്ചതും. ഗവർണറുടെ ഭാര്യയുടെ ചെലവ് അടക്കം പൂർണമായും സ്വന്തം പോക്കറ്റിൽ നിന്നുമെടുത്താണ് ചിലവഴിക്കുന്നത്. സി വി ആനന്ദബോസിന്റെ ലളിത ജീവിതം ബംഗാളുകാർക്ക് തന്നെ അത്ഭുതമാകുകയാണ്. അനുനയവും സമന്വയവുമാണ് ബംഗാൾ ഗവർണ്ണർ സിവി ആനന്ദബോസിന്റെ പാതയെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമക്കിയിുന്നു. ജയിക്കുന്നത് ആനന്ദബോസാണ്. പക്ഷേ മമതയെ തോൽപ്പിക്കുന്നുമില്ലെന്നതാണ് അദ്ദേഹത്തിന്റെ ലൈൻ.