ന്യൂഡൽഹി/നാഗ്പൂർ: ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ മോഹൻ ഭാഗവിന്റെ വാക്കുകൾ വിവാദമാകുന്നു. മുസ്ലീങ്ങൾ തങ്ങളുടെ മേൽക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണം എന്ന മോഹൻ ഭാഗവതിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഓർഗനൈസർ, പാഞ്ചജന്യ എഡിറ്റർമാർക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം എന്നും രാജ്യത്ത് ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഇല്ല എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

മോഹൻ ഭാഗവതിന്റെ പരാമർശങ്ങൾ രാഷ്ട്രീയമായും ചൂടുപിടിച്ചു. മജ്ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഉവൈസിയും മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും സിപിഎമ്മും ഭഗവതിനെതിരെ രംഗത്തുവന്നു. ഇന്ത്യയിൽ താമസിക്കാൻ മുസ്ലിങ്ങൾക്ക് അനുമതി നൽകുന്നു എന്ന് പറയാൻ ആരാണ് മോഹൻ ഭാഗവത് എന്ന് ഉവൈസി ചോദിച്ചു. ''മുസ്ലിങ്ങൾക്ക് ജീവിക്കാനും വിശ്വാസം അനുസരിച്ച് മുന്നോട്ട് പോകാനും അനുമതി നൽകുന്നു എന്ന് പറയാൻ ഭാഗവത് ആരാണ്.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇന്ത്യക്കാരാണ്. ഞങ്ങളുടെ പൗരത്വത്തിന് ഉപാധികൾ വയ്ക്കാൻ ഭാഗവതിന് എങ്ങനെ ധൈര്യം വന്നു. വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്തല്ല ഞങ്ങൾ ഇവിടെ ജീവിക്കുന്നത്. സ്വന്തം രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന ആർഎസ്എസിന് ലോകത്തോട് വസുദൈവ കുടുംബകം എന്ന് പറയാൻ സാധിക്കില്ല. മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്നു. എന്നാൽ സ്വന്തം രാജ്യത്തെ മുസ്ലിങ്ങളെ അദ്ദേഹം എന്തുകൊണ്ട് ആലിംഗനം ചെയ്യുന്നില്ലെന്നും ഉവൈസി ചോദിച്ചു. മനുഷ്യനെ മനുഷ്യനായി കാണണമെന്ന് കപിൽ സിബൽ പ്രതികരിച്ചു. മോഹൻ ഭാഗവത്, ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം, സമ്മതിക്കുന്നു, എന്നാൽ മനുഷ്യൻ മനുഷ്യനായി തുടരണം എന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.

അതേസമയം മോഹൻ ഭാഗവതിനെതിരെ സിപിഎം പോളിറ്റ്ബ്യൂറോയും രംഗത്തുവന്നു. ആർഎസ്എസ് പ്രസിദ്ധീകരണങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ തലവൻ മോഹൻ ഭഗവത് നടത്തിയ നിഷ്ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്ലിങ്ങൾ അവരുടെ 'മേൽക്കോയ്മ മനോഭാവം' ഉപേക്ഷിക്കണമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഹിന്ദുക്കൾ 'യുദ്ധത്തിലാണെന്ന്' പറയുന്ന അദ്ദേഹം ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ 'ഹിന്ദു സമൂഹത്തിന്റെ' ആക്രമണങ്ങളെ ന്യായീകരിക്കുന്നു. ഫലത്തിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ് ആർഎസ്എസ് തലവൻ. സത്യത്തിൽ 'ഹിന്ദു സമൂഹം' അല്ല, ആർഎസ്എസ് ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഹിന്ദുത്വ സംഘങ്ങളാണ് ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്ടിക്കുന്നത്.

കീഴ്പ്പെട്ടവരെന്ന് അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ജീവിക്കാൻ കഴിയൂ എന്ന് ആർഎസ്എസ് ആദ്യകാല നേതാക്കളായ ഹെഗ്ഡെവാറും ഗോൾവർക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ് ഭഗവതിന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനെതിരെ ഒന്നിച്ച് അണിനിരക്കാൻ ദേശാഭിമാനബോധമുള്ള വ്യക്തികളോടും ശക്തികളോടും പിബി ആഹ്വാനം ചെയ്തു.

മോഹൻ ഭഗവത് അഭിമുഖത്തിൽ പറഞ്ഞത്:

ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ല എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. എന്നാൽ മുസ്ലീങ്ങൾ തങ്ങളുടെ മേൽക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണം എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം എന്നും രാജ്യത്ത് ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഇല്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാം ഭയപ്പെടേണ്ട കാര്യമില്ല. എന്നാൽ അതേ സമയം, മുസ്ലീങ്ങൾ തങ്ങളുടെ മേൽക്കോയ്മയുടെ വാചാടോപങ്ങൾ ഉപേക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഉന്നതമായ വംശമാണ് എന്നും ഒരിക്കൽ തങ്ങളിവിടെ ഭരിച്ചു എന്നും വീണ്ടും ഭരിക്കും എന്നുമുള്ള ചിന്ത ഒഴിവാക്കണം. അവരുടെ പാത മാത്രമാണ് ശരി ബാക്കിയെല്ലാം തെറ്റാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല.

നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന തരത്തിലുള്ള യുക്തി മുസ്ലീങ്ങൾ ഉപേക്ഷിക്കണം. ഇവിടെ താമസിക്കുന്ന ഹിന്ദുവോ കമ്മ്യൂണിസ്റ്റോ ആകട്ടെ ഈ യുക്തി ഉപേക്ഷിക്കണം എന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ് എന്നും അത് ദേശീയതയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാവരേയും നമ്മുടേതായി കണക്കാക്കുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന ഒരു സ്വഭാവമാണ് അത്.

ഞങ്ങൾ ഒരിക്കലും ഞങ്ങളുടേത് മാത്രമാണ് സത്യം എന്നും ബാക്കിയെല്ലാം തെറ്റാണ് എന്നും പറയില്ല. എന്തിന് പരസ്പരം പോരാടണം, നമുക്ക് ഒരുമിച്ച് നീങ്ങാം.ഇതാണ് ഹിന്ദുത്വ എന്നും മോഹൻ ഭഗവത് പറഞ്ഞു. എൽ ജി ബി ടി കമ്യൂണിറ്റിയെ കുറിച്ചും ആർഎസ്എസ് മേധാവി പറഞ്ഞു. എൽ ജി ബി ടി ജീവിതങ്ങൾ ജൈവികമാണ് എന്നും അവർക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ അഗ്രസീവ് ആകുന്നതിന് പിന്നിൽ 1000 വർഷത്തിലേറെയായി യുദ്ധം ചെയ്യുന്ന സമൂഹത്തിലെ ഉണർവ് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആക്രമണകാരികളാകുന്നത് സ്വാഭാവികമാണ് എന്നും മോഹൻ ഭഗവത് പറഞ്ഞു. ചരിത്രത്തിന്റെ ആദ്യകാലം മുതൽ ഇന്ത്യ അവിഭക്തമായിരുന്നു എന്നും എന്നാൽ അടിസ്ഥാന ഹൈന്ദവബോധം മറന്നപ്പോഴെല്ലാം വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ബോധപൂർവ്വം ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് അകന്നുവെന്നും എന്നാൽ നമ്മുടെ ദേശീയ നയങ്ങൾ, ദേശീയ താൽപ്പര്യം, ഹിന്ദു താൽപ്പര്യം എന്നിവയെ ബാധിക്കുന്ന രാഷ്ട്രീയത്തിലാണ് എപ്പോഴും ഏർപ്പെട്ടിരിക്കുന്നതെന്നും മോഹൻ ഭഗവത് പറഞ്ഞു. ഇപ്പോഴുള്ള വ്യത്യാസം, നേരത്തെ നമ്മുടെ സ്വയംസേവകർ രാഷ്ട്രീയ അധികാര സ്ഥാനങ്ങളിൽ ആയിരുന്നില്ല എന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർ എസ് എസിനെ നേരത്തെ അവജ്ഞയോടെയാണ് ആളുകൾ കണ്ടിരുന്നതെന്നും എന്നാൽ ആ നാളുകൾ ഇപ്പോൾ അവസാനിച്ചെന്നും മോഹൻ ഭാഗവത് പറഞ്ഞു. മുൻകാലങ്ങളിൽ, എതിർപ്പിന്റെയും അവഹേളനത്തിന്റെയും മുള്ളുകളെ നമുക്ക് നേരിടേണ്ടിവന്നു, അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തിൽ ജനപ്രീതിയും വിഭവങ്ങളും ആർ എസ് എസിന് ധൈര്യം പകരുന്ന മുള്ളുകളായി മാറിയെന്നും മോഹൻ ഭഗവത് പറഞ്ഞു.