അനീഷ്‌കുമാര്‍

കണ്ണൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ തകൃതിയായിനടപ്പിലാക്കി കൊണ്ടിരിക്കെ സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു പാര്‍ട്ടി നടപടി നേരിട്ട തളിപ്പറമ്പ് മണ്ഡലം മുന്‍ എം.എല്‍എയും മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായസി. സി.കെ.പി പത്മനാഭന്‍ രംഗത്തെത്തി. കണ്ണൂരില്‍ ഒരു പ്രാദേശിക ചാനലിന് നല്‍കി അഭിമുഖത്തിലാണ് മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സി.കെ.പി പത്മനാഭന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.

പാര്‍ട്ടിയിലെ വി.എസ് പക്ഷക്കാരനായതിനാല്‍ വിഭാഗീയതയുടെ ഇരയായി താന്‍ മാറുകയായിരുന്നു. കര്‍ഷക സംഘത്തിന്റെ ഫണ്ട് താന്‍ തിരിമറി നടത്തിയിട്ടില്ല. ഓഫിസ് സെക്രട്ടറിയായിരുന്നയാള്‍ നാലു ലക്ഷം രൂപ തട്ടിയെടുത്തുവെന്നത് വാസ്തവമാണ്. അന്ന് ഇപി ജയരാജനാണ് പാര്‍ട്ടി ഫണ്ടായ 20 ലക്ഷം രൂപ പാര്‍ട്ടി അറിഞ്ഞു കൊണ്ടു തന്നെരേഖാമൂലം ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. ഈക്കാര്യം രേഖാമൂലം പാര്‍ട്ടിക്ക് താന്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. തനിക്ക് പാര്‍ട്ടിയില്‍ തുടര്‍ന്നു പോകാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നു അതു കൊണ്ടാണ് അച്ചടക്ക
നടപടിയെടുത്തിട്ടും തുടര്‍ന്നത്. പാര്‍ട്ടിയില്‍ അടുപ്പമുള്ളവരോട് താന്‍ ഈക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നത്.

തന്നെ രോഗിയാക്കിയത് സി.പി.എമ്മാണ് ചെയ്യാത്ത കുറ്റത്തിന് 'അച്ചടക്കനടപടി നേരിട്ടതിന്റെ സംഘര്‍ഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ തെറ്റുകള്‍ അതിന്റെ ഭാഗമാണ് അന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരുത്തുകയായിരുന്നു എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ തന്നെ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. പാര്‍ട്ടി സഖാക്കളെ നോക്കി ചിരിച്ചു കൊണ്ടു പോളിങ് ബൂത്തില്‍ പോയവര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ല. അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടാന്‍ കാരണമായത്.

ടി.പി ചന്ദ്രശേഖരന്‍ വധം കൊണ്ടു പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നു മാര്‍ക്‌സിസം തന്നെ പറയുന്നുണ്ട്. ടി.പി യില്ലാതെയായെങ്കിലും ആ ആശയം ഒരു പ്രസ്ഥാനമായി തന്നെ മാറുകയായിരുന്നു. കെ.കെ രമയടക്കമുള്ള നേതാക്കള്‍ അതില്‍ നിന്നും ഉയര്‍ന്നുവന്നു. തനിക്ക് ഏറെ ബന്ധമുള്ളയാളാണ് ടി.പി ചന്ദ്രശേഖരന്‍. താന്‍ തന്നെ ടി.പിയെ കൊന്നത് പാര്‍ട്ടിയാണെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ല. സംഭവം നടന്നപ്പോള്‍ ഡല്‍ഹിയില്‍ നിന്നുമൊക്കെ ആളുകള്‍ തന്നെ വിളിച്ചു പാര്‍ട്ടിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചോദിച്ചിരുന്നു എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നാണ് താന്‍ പറഞ്ഞത്.

അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്ക് എതിരെ പരാതി നല്‍കിയെന്ന കാര്യം വസ്തുതാപരമാണ്. എന്നാല്‍ അതിന്റെ ശരിതെറ്റുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ല. അതിന്റെ ഉള്ളടക്കം ഇപ്പോഴും തള്ളിക്കളയാന്‍ കഴിയില്ല. തനിക്ക് രോഗം വരുത്തി വെച്ചത് പാര്‍ട്ടി തന്നെയാണ് ഡയാലിസസ് രോഗിയായ താന്‍ എത്ര കാലം ഇനി ജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.

15 തവണ പാര്‍ട്ടിക്കുള്ളില്‍ കര്‍ഷക സംഘത്തിന്റെ ഫണ്ട് തിരിമറിയെ കുറിച്ചു പരാതി നല്‍കിയിട്ടുണ്ട് അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കരാട്ടിനെ നേരിട്ടു കണ്ടു പരാതി നല്‍കി. നിങ്ങള്‍ ക്ഷമിക്കൂവെന്നാണ് തന്റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞത്. കര്‍ഷക സംഘത്തില്‍ താന്‍ സെക്രട്ടറിയായിരുന്ന കാലത്താണ് വൗച്ചര്‍ സംവിധാനവും ബില്‍ പേയ്‌മെന്റും ഉണ്ടാക്കിയത്. കര്‍ഷക സംഘത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ കണക്കുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാലു ലക്ഷം ഓഫിസ് സെക്രട്ടറി തിരിമറി നടത്തിയെന്ന കാര്യം ശരിയാണ്. രജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. അതിന് അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണ് തനിക്കതില്‍ സന്തോഷമേയുള്ളൂ. സത്യം എപ്പോഴും പുറകിലെ ഇരിക്കുകയുള്ളു. അതു മുന്‍പില്‍ വരാന്‍ സമയമെടുക്കുമെന്നും സി.കെ.പി പറഞ്ഞു.

1957 ലെ ഇ.എം.എസ് സര്‍ക്കാരും സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നു എസ് കോര്‍ട്ട് വാഹനം ഒഴിവാക്കി അംബാസിഡര്‍ കാറിലേ പോവുകയുള്ളുവെന്ന് അന്ന് ഇ.എം.എസ് അടക്കമുള്ളവര്‍ തീരുമാനിച്ചു ചെലവു കുറയ്ക്കാന്‍ ആഡംബരം ഒഴിവാക്കി ചെറുപയറും കഞ്ഞിയുമാണ് മന്ത്രിമാര്‍ കഴിച്ചത്. ആ മാതൃക ജനങ്ങള്‍ സ്വീകരിച്ചു. ഇപ്പോഴും അതു തന്നെയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കിയ നടപടി തെറ്റുതിരുത്തല്‍ നടക്കുമ്പോഴും തിരുത്താന്‍ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല. ഇനി അഥവാ പാര്‍ട്ടിയില്‍ നിന്നും നടപടി നേരിട്ടാലും തനിക്ക് വിഷമമില്ല.

കാര്യങ്ങള്‍ ആരോടെങ്കിലും തുറന്നു പറയുന്നതിനാണ് ഇപ്പോള്‍ ഈക്കാര്യങ്ങള്‍ പറയുന്നത്. ഇനി എത്ര കാലം താന്‍ ജീവിക്കുമെന്ന് പറയാനാവില്ല. സാമ്പത്തിക വെട്ടിപ്പ് നടത്തിയതിനാണ് തന്നെ പുറത്താക്കിയതെന്ന പ്രചരണമാണ് അന്ന് അഴിച്ചുവിട്ടത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത് നോട്ട പിശകുണ്ടായെന്ന കുറ്റത്തിനാണ്. നോട്ട പിശകിന്റെ പേരില്‍ ഇന്ത്യയില്‍ തന്നെ പാര്‍ട്ടി നടപടിയെടുത്ത ഒരാള്‍ ഒരു പക്ഷെ താനാവുമെന്നും സി.കെ. പി പറഞ്ഞു.

ഒരു കാലത്ത് കണ്ണൂരിലെ വി.എസ് അച്ചുതാനന്ദന്‍ പക്ഷത്തെ ഏക നേതാവായിരുന്നു സി.കെ. പി പത്മനാഭന്‍ 'തളിപ്പറമ്പ് മണ്ഡലം എം.എല്‍.എയായിരുന്ന അദ്ദേഹത്തിന് പകരമാണ് ജയിംസ് മാത്യുവിനെ പാര്‍ട്ടി മത്സരിപ്പിച്ചത്. ഇതിനു ശേഷം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലേക്ക് ഒതുക്കപ്പെടുകയായിരുന്നു സി.കെ. പി പത്മനാഭന്‍ എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദമായ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ നടന്ന രക്തസാക്ഷി ഫണ്ടു തിരിമറി ആരോപണത്തിലും പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മ്മാണ ക്രമക്കേടിലും പാര്‍ട്ടി ആരോപണ വിധേയനായ പയ്യന്നൂര്‍ എം.എല്‍ എ ടി.ഐ മധുസൂദനനെ സംരക്ഷിച്ചത് സി.കെ. പിയോടു കാണിച്ച ഇരട്ട നീതിയുടെ തെളിവാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.

പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത കാണിച്ചില്ലെന്ന കുറ്റത്തിന് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ടി.ഐ മധുസൂദനനെ മാസങ്ങള്‍ക്കുള്ളില്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുകയായിരുന്നു. 2011 ല്‍ ഇതേ കുറ്റത്തിന് സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന സി.കെ.പി പത്മനാഭനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ജനകീയ നേതാവായ സി.കെ. പി പത്മനാഭന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയുമായിരിക്കെയാണ് 24 ലക്ഷം രൂപയുടെ തിരിമറി ആരോപണം ഉയരുന്നത്. കര്‍ഷക സംഘത്തിന്റെയും മുഖ മാസികയായ കാര്‍ഷിക കേരളത്തിന്റെയും അക്കൗണ്ടിലുള്ള പണമായിരുന്നു അത്.

പണം എവിടെപ്പോയെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ സി.കെ. പി ക്ക് കഴിഞ്ഞില്ലെന്നായിരുന്നു കുറ്റം. ഇതു സംബന്ധിച്ചു കോടിയേരി ബാലകൃഷ്ണന്‍ ആദ്യം ഓഡിറ്റ് നടത്തുകയും പിന്നീട് എ.വിജയരാഘവനും വി.വി ദക്ഷിണാമൂര്‍ത്തിയും അടങ്ങുന്ന കമ്മിഷന്‍ അന്വേഷിക്കുകയും ചെയ്തു. പണവും കണക്കുകളും കൈകാര്യം ചെയ്തിരുന്നത് ഓഫിസ് സെക്രട്ടറിയായിരുന്നുവെങ്കിലും ജാഗ്രത കുറവ് കണ്ടെത്തി സി.കെ. പിയെ അഞ്ചു പടി താഴെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി പിന്നീട് നിശബ്ദനായ സി.കെ.പിയെ മാടായി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സി.കെ.പി ഇപ്പോഴും ഏരിയാ കമ്മിറ്റി അംഗമാണ്.