തിരുവനന്തപുരം: സിറ്റിങ് എംപിമാരുടെ പട്ടിക നൽകി കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരന്റെയും പേര് പട്ടികയിൽ. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിയാകയാണ് നൽകിയത്. സിറ്റിങ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാട്.

വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയക്കുഴപ്പം തുടരുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നതിൽ അന്തിമ തീരുമാനം വന്നിട്ടില്ല. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോൺഗ്രസിന്റെ അഭിപ്രായം. രാഹുൽ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

കണ്ണൂരിൽ സുധാകരൻ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ്. അനുയായിയെ പിൻഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാർട്ടി അംഗീകരിക്കണമെന്നില്ല. കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത്, വി പി അബ്ദുൾ റഷീദ് എന്നിവരാണ് പരിഗണനയിലുള്ളത്. സിറ്റിങ് എംപിമാരെയെല്ലാം അതാത് മണ്ഡലങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. കെ സുധാകരൻ മത്സരിക്കുന്നതിൽ ഹൈക്കമാൻഡാകും അന്തിമ തീരുമാനമെടുക്കുക.

ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ്. ഹൈക്കമാൻഡ് പക്ഷേ ഇതുവരെ അനുമതി നൽകിയില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള പേരുകളാണ് ആലപ്പുഴയിൽ ചർച്ചകളിലുള്ളത്. മുൻ സിഡിസി പ്രസിഡന്റ് എഎ ഷുക്കൂറും പരിഗണനയിലുള്ളതായാണ് സൂചന.

സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഇങ്ങനെയാണ്: തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആന്റോ ആന്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബഹനാൻ, ഇടുക്കി - ഡീൻ കുര്യാക്കോസ്, തൃശൂർ - ടി എൻ പ്രതാപൻ, ആലത്തൂർ - രമ്യ ഹരിദാസ്, പാലക്കാട് - വി കെ ശ്രീകണ്ഠൻ, കോഴിക്കോട് - എംകെ രാഘവൻ, വടകര - കെ മുരളീധരൻ, വയനാട് - രാഹുൽ ഗാന്ധി, കണ്ണൂർ - കെ സുധാകരൻ, കാസർകോട് - രാജ്‌മോഹൻ ഉണ്ണിത്താൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയോഗത്തിൽ അറിയിച്ചത്. സ്‌ക്രീനിങ് കമ്മിറ്റി തീരുമാനങ്ങൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി യോഗം ചർച്ച ചെയ്യും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാൽ മത്സരിക്കാനില്ലെന്നും യോഗത്തെ അറിയിച്ചു.

കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടേയെന്ന വികാരമാണ് യോഗത്തിലുണ്ടായത്. കേന്ദ്രം നിർദേശിച്ചാൽ കെ.സുധാകരൻ തീരുമാനം മാറ്റിയേക്കും. സിപിഎം സ്ഥാനാർത്ഥിയായി എം വിജയരാജൻ മത്സരിക്കുന്നതിനാൽ കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. കെ.സുധാകരൻ മത്സരിച്ചിട്ടില്ലെങ്കിൽ നിലവിലെ സാധ്യതാപട്ടികയിലും മാറ്റങ്ങളുണ്ടാകും. സുധാകരൻ മത്സരിച്ചില്ലെങ്കിൽ പകരം കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനെ സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല.

ഹരീഷ് ചൗധരിയാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ. ജിഗ്‌നേഷ് മേവാനി അംഗമാണ്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അടുത്ത മാസം ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.