കണ്ണൂർ: പി.ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉന്നയിച്ച അനധികൃത സ്വത്തു സമ്പാദന കേസിനെ കുറിച്ചു ഇന്നുംഒന്നും പ്രതികരിക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ . കെ.എസ്.ടി എ പാപ്പിനിശേരിയിൽ നടത്തിയ താക്കോൽ ദാന ചടങ്ങിൽ മാധ്യമ പ്രവർത്തകരോട് ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. വെള്ളിയാഴ്‌ച്ച നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കാമെയെന്ന കാര്യത്തിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത് ഇ.പി ജയരാജൻ തനിക്കു പറയാനുള്ള കാര്യം വ്യക്തമാക്കുമെന്ന സൂചനയും സിപിഎമ്മിൽ നില നിൽക്കുന്നുണ്ട്. ഇതിനിടെ പറശിനിക്കടവ് വിസ്മയ പാർക്ക്, പാപ്പിനിശേരി ആയുർവേദ ആശുപത്രി, വളപട്ടണം കണ്ടൽപാർക്ക് തുടങ്ങിയവ താൻ മുൻ കൈയടുത്തുകൊണ്ടുവന്നതാണെന്നും എല്ലാം ജനങ്ങൾ മനസിലാക്കുമെന്നും അവർ പ്രതികരിക്കുമെന്നും ഇ.പി ജയരാജൻ ഒരു സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇ.പിക്കെതിരെ ആരോപണമുന്നയിച്ച പി.ജയരാജനെതിരെ ഇ.പിയെ അനുകൂലിക്കുന്ന വർ സ്വർണക്കടത്ത് - ഗുണ്ടാ - ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണവും വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പു നടത്തിയെന്ന ഗുരുതര പരാതിയും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകിയിരിക്കെ കണ്ണൂർ വിമാന താവളവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ബിസിനസുകളും. സി.ടി ആൻഡ് ട്രാവൽ ഏജൻസിയിൽ ഇ.പിയുടെ മകനുള്ള പങ്കാളിത്തവും പരാതിയായി ഉന്നയിക്കാൻ സാധ്യതയുണ്ട്. രണ്ടു ടേം വിമാനതാവള നഗരിയായ മട്ടന്നൂർ എം എൽ എ യായിരുന്ന ഇപി ജയരാജനും മറ്റു മട്ടന്നുരിലെ പ്രാദേശിക നേതാക്കളും കൂട്ടു ചേർന്നു റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും വിമാന താവളത്തിന് സമീപമുള്ള ഭൂമികൾ വാങ്ങിക്കുട്ടിയതായും ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ അത്യന്തം ഗുരുതരമായ ആരോപണങ്ങൾ വീണ്ടും പാർട്ടിക്ക് മുൻപിലെത്തിക്കാനാണ് പി.ജെയെ അനുകൂലിക്കുന്നവർ ഒരുങ്ങുന്നത്.

എൽ.ഡി.എഫ് കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതി വിവാദമായതോടെ സിപിഎമ്മിൽ അനുരഞ്ജന നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ വർഷങ്ങൾക്കു മുൻപെ നിർമ്മിച്ച വൈദികം ആയുർവേദ ഹീലിങ് സെന്ററിനെ കുറിച്ചുയർത്തിയ ആരോപണങ്ങളിൽ ഇ പി ജയരാജന് നേരിട്ടു ബന്ധമില്ലെന്നാണ് കണ്ണൂരിലെ സിപിഎം നേതാക്കളിൽ ചിലർ പറയുന്നത്. തെറ്റുതിരുത്തൽ മാർഗരേഖയുടെ മറവിൽ നടത്തിയ വിമർശനം വൈദികത്തിലെ ഡയറക്ടർമാർ തമ്മിലുള്ള ചക്കാളത്തി പോരിന്റെ ഭാഗമായാണെന്നാണ് കണ്ണൂർ ജില്ലയിലെ ജയരാജനെ അനുകൂലിക്കുന്ന പാർട്ടി നേതാക്കൾ പറയുന്നത്.

അനധികൃത സ്വത്തു സമ്പാദനം എന്ന കുറ്റത്തിനാണ് ഇ പി ജയരാജനെ വിമർശിക്കുന്നതെങ്കിൽ അതിനു ചുമതലപ്പെടുത്തിയതും പാർട്ടി തന്നെയാണെന്നാണ് ഇ പിയെ അനുകൂലിക്കുന്നവർ പറയുന്നത്. പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും സംസ്ഥാന സമ്മേളനങ്ങൾ, വ്യാപാരി വ്യവസായി സമിതി സമ്മേളനം വർഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങൾ എന്തിനധികം പറയുന്നു 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെയും ഫണ്ട് റെയ്‌സറിൽ ഇ പി ജയരാജനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നവർ . സാൻഡിയാഗോ മാർട്ടിൻ , ചാക്ക് രാധാകൃഷ്ണൻ എന്നിവരിൽ നിന്നും ദേശാഭിമാനിക്കും പ്‌ളീനത്തിനുമായി വൻതുക പാർട്ടി നിലപാട് മറികടന്നുകൊണ്ടു വാങ്ങിയിട്ടും ഇ.പി ജയരാജനെതിരെ പാർട്ടി നടപടി പേരിനു മാത്രം ഒതുക്കിയത് ഇതുകാരണമാണെന്നാണ് വിലയിരുത്തൽ :

പാർട്ടി സെൻട്രൽ കമ്മിറ്റിക്കു വരെ ഫണ്ട് റെയ്‌സു ചെയ്തു കൊടുത്തിരുന്ന ഇ.പിയെ പൂട്ടിയാൽ പാർട്ടിയിലെ മറ്റു ചില നേതാക്കളും കച്ചവടം മതിയാക്കേണ്ടിവരുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ അപകടാവസ്ഥ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി ജയരാജനെ അനുനയിപ്പിച്ചു നിർത്തുന്നത്. ഇപ്പോൾ വിമർശനങ്ങളുടെ ചാട്ടവാറടി കൊണ്ടിട്ടും നിശബ്ദനായി നിൽക്കുന്ന ഇ പി ജയരാജൻ സട കുടഞ്ഞ് എഴുന്നേറ്റു നിന്നു ചവുട്ടി നിലം കുലുക്കിയത് തകരുന്നത് പാർട്ടിയിലെ കെട്ടിപ്പൊക്കിയുണ്ടാക്കിയ ചില നേതാക്കളാണെന്ന യാഥാർത്ഥ്യം സിപിഎം കേന്ദ്ര കമ്മിറ്റി നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സംസ്ഥാന കമ്മിറ്റി തന്നെ പരിഹരിച്ചാൽ മതിയെന്നു പറഞ്ഞു സീതാറാം യെച്ചുരി പന്തു സംസ്ഥാന നേതൃത്വത്തിന്റെ കളത്തിലേക്ക് തട്ടിമാറ്റിയത്.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പുറകിലുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് കണ്ണൂരിലെ ചെന്താരകമായ പി.ജയരാജൻ. മറ്റുള്ളവരെ ചെറുതാക്കി സ്വയം മഹത്വവൽക്കരിക്കുന്ന പി.ജയരാജന്റെ ശൈലിയിൽ കണ്ണൂരിലെ ഭൂരിഭാഗം നേതാക്കൾക്കും എതിർപ്പുണ്ട്. ഇതു കൂടാതെ പി.ജെ പാർട്ടി ജില്ലാ സെക്രട്ടറിയായ വേളയിൽ വളർത്തി കൊണ്ടുവന്ന ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അമ്പാടിമുക്ക് സഖാവായ എൻ ധീരജ് കുമാറുമൊക്കെ ഇപ്പോൾ കണ്ണൂരിലെ പാർട്ടിക്ക് തലവേദനയായിരിക്കുകയാണ് സ്വർണകടത്ത് - മയക്കുമരുന്ന് - പീഡന കേസുകളിൽ പി.ജെ ആർമിയിൽ സജീവമായിരുന്നവർ ഉൾപെടുന്നതിനെ ചൊല്ലി ഒരു വർഷം മുൻപ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സിഐ.ടി.യു നേതാവ് കെ.പി സഹദേവനും പി.ജയരാജനും തമ്മിൽ കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.

ഈ സാഹചര്യത്തിൽ പാർട്ടിയിൽ നിന്നും വ്യക്തി പൂജയുടെ പേരിൽ ഒറ്റപ്പെട്ട പി.ജയരാജനെ ഐ.ആർ.പി.സി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കി വെറും ഉപദേശക സമിതി ചെയർമാനായി ഒതുക്കുകയായിരുന്നു പാർട്ടി കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ ഇ.പിക്കെതിരെ ഉന്നയിക്കപ്പെട്ട ഗുരുതമായ ആരോപണം കേട്ട് അധ്യക്ഷനായ തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ ഞെട്ടിയിരുന്നുവെങ്കിൽ സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനു മാത്രം കുലുക്കമുണ്ടായിരുന്നില്ല ആരോപണം പരാതിയായി എഴുതി നൽകാൻ മാത്രമാണ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ എം.വി ഗോവിന്ദൻ പറഞ്ഞത്.

പിന്നീട് താൻ പറഞ്ഞ കാര്യം പരാതിയായി എഴുതി നൽകുകയായിരുന്നു. രണ്ടാഴ്‌ച്ച മുൻപ് തൃശുരിൽ നടന്ന സിഐ. ടി യു സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ സമയ സംഘാടകനായിരുന്ന ഇ.പി തന്നെ അങ്ങോട്ടു അടുപ്പിക്കാത്തതാണ് എം.വി ഗോവിന്ദനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയെ ക്ഷണിക്കുകയും സമ്മേളനത്തിൽ പങ്കെടുപിക്കുകയും ചെയ്തിട്ടും തൃശുരിൽ നിറഞ്ഞു നിന്ന ഫ്‌ളക്‌സ് ബോർഡുകളിൽ ഒരിടത്തും പാർട്ടി സംസ്ഥാന സെക്രട്ടറിയായിട്ടും എം.വി ഗോവിന്ദന്റെ ചിത്രമുണ്ടായിരുന്നില്ല. ഇതു കൂടാതെ താൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം എൽ.ഡി.എഫ് കൺവീനറായ ഇ.പി പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നതും എം.വി ഗോവിന്ദന് ക്ഷീണമായി. ഇതിന്റെയൊക്കെ കണക്കാണ് പാർട്ടിയിൽ അരികൂവൽകരിക്കപ്പെട്ട പി.ജയരാജനിലൂടെ തീർത്തത്.

ആന്തൂർ നഗരസഭയിലെ മൊറാഴയിൽ ഇപിയുടെ മകൻ പി കെ ജയ്‌സന്റെ നേത്യത്വത്തിൽ 2022 ൽ തുടങ്ങിയ വൈദേകം ആയുർവേദ ഹീലിംങ് സെന്ററിൽ എം.ഡിയും ഷെയർ ഹോൾഡറുമായിരുന്ന എം.കെ രമേഷുമായി ജയ്‌സൻ തെറ്റിയതാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങൾക്ക് കാരണമായത്. നാലു മാസം മുൻപ് എം.കെ രമേഷിനെ നീക്കം ചെയ്തത് വൈദികത്തിൽ അതൃപ്തിയുടെ കാർമേഘങ്ങൾ പടരാനിടമാക്കി. കോതമംഗലത്തെ ഓർത്തോഡോക്‌സ് സഭക്കാരനും ഇ.പി.യുടെ വിശ്വസ്തനുമായ പി.വി ഷാജിയെയാണ് വൈദിക ത്തിന്റെ ചുമതലക്കാരനാക്കിയത്. ഇപി ജയരാജൻ കോതമംഗലം വഴി പോകുമ്പോൾ ഷാജിയുടെ വീട്ടിലാണ് തങ്ങിയിരുന്നന്നെ ശ്രുതിയും പരന്നിട്ടുണ്ട്.

ഇതിനിടെവൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ രംഗത്തെത്തിയത് വിവാദങ്ങളിലെ ട്വിസ്റ്റായി മാറി.. ഇ പി ജയരാജന് റിസോർട്ടിൽ പങ്കാളിത്തമില്ലെന്നും പൊതുസമൂഹത്തിനു മുന്നിൽ ഇകഴ്‌ത്തിക്കാട്ടാനുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നിലെന്നും റിസോർട്ട് സിഇഒ തോമസ് ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. വൈദേകം ആയൂർവേദം ഹീലിങ് വില്ലേജ് എന്ന സ്ഥാപനം 20 ഓഹരി ഉടമകൾ ചേർന്ന് നടത്തുന്ന ആയുർവേദ ആശുപത്രിയാണ്. അതിൽ ജയരാജന് പങ്കാളിത്തമില്ല.

ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് 10 ലക്ഷം വിലവരുന്ന ആയിരം ഓഹരിയും മകൻ ജെയ്സണിന് രണ്ടുശതമാനം ഓഹരിയും മാത്രമാണുള്ളത്. ജെയ്സൺ റിസോർട്ടിന്റെ ഡയറക്ടറുമാണ്. വിവാദത്തിനു പിന്നിൽ പഴയ എംഡിയാണ്. മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി പുതിയ ഒരാളെ എംഡിയായി നിയമിച്ചതിലുള്ള വൈരാഗ്യമാവാം വിവാദങ്ങൾക്കു കാരണം. ഈ എംഡിയുടെ പേരും ഇയാളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും രണ്ടുദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു. റിസോർട്ടിന്റെ ദൈനദിന കാര്യങ്ങളിൽ ജയരാജന്റെ മകൻ ഇടപെടാറില്ല. ഇപിയെ വിവാദത്തിൽ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധ നേടാൻ മാത്രമാണ്. ഇപിക്ക് ബേജാറാവൻ ഒന്നുമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്ന കമ്പനിയിൽ എല്ലാ കാര്യങ്ങളും വ്യക്തമായി മുന്നോട്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.