തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ പര്യടനത്തിലും തെക്കൻ പര്യടനത്തിലും ഒന്നും കുഴപ്പമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് ഇതിന്റെ പേരിലുള്ള വാഗ്വാദങ്ങൾ സൂചിപ്പിക്കുന്നത്. വി ഡി സതീശൻ ഒന്നുപറയുന്നു, തരൂർ രണ്ടു പറയുന്നു, കെ മുരളീധരൻ മുഖ്യമന്ത്രി സ്ഥാനത്തിന് ഉടുപ്പ് തയ്പിച്ച് ഇരിക്കുന്നവരെ പരിഹസിക്കുന്നു, എന്തുകുപ്പായം തയ്‌പ്പിക്കാനും നാല് വർഷത്തെ സമയമുണ്ടെന്ന് ചെന്നിത്തല മറുപടി പറയുന്നു, തരൂരിന് ലീഗ് നൽകിയ ഉജ്ജ്വല സ്വീകരണത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അസ്വസ്ഥരാകുന്നു, ഇങ്ങനെ പോകുന്നു സംഭവവികാസങ്ങൾ.

ചുരുക്കത്തിൽ തരൂർ കേരളത്തിൽ ഒരുതരംഗമായി മാറുന്നത് തടയുക എന്നത് തന്നെയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. യുവാക്കളുടെ ഭാഗത്ത് നിന്ന് തരൂരിന് കിട്ടുന്ന പിന്തുണയാണ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. പ്രമുഖരുമായി തരൂർ നടത്തുന്ന കൂടിക്കാഴ്ചയിലും നേതാക്കൾ അസ്വസ്ഥരാണ്. തലശേരി ബിഷപ്പിനെ കണ്ട തിരുവനന്തപുരം എംപി ഇനി എൻഎസ്എസ് പരിപാടിയിൽ കൂടി പങ്കെടുക്കാൻ പോകുന്നു. സംഘപരിവാർ നിലപാടുകളെ തുറന്നെതിർക്കുന്ന തരൂരിനോട് ലീഗ് നേതൃത്വത്തിന് സോഫ്റ്റ് കോർണർ ഉണ്ടെന്ന കാര്യം വ്യക്തമാണ്. ഇതൊക്കെ കൊണ്ടു തന്നെ, നിയമസഭാ സമ്മേളനത്തിനു മുൻപായി യുഡിഎഫ് യോഗം ചേരാൻ ആലോചിക്കുകയാണ്.

യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നതിനു പുറമേയാണു നേതൃയോഗം കൂടി ആലോചിക്കുന്നത്. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാനുള്ള ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു മുന്നണിയിൽ വിശദമായ ചർച്ച വേണമെന്ന അഭിപ്രായമുണ്ട്. ഗവർണർ വിഷയത്തിൽ കോൺഗ്രസും മുസ്ലിം ലീഗും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇതു സഭയിലും ആവർത്തിച്ചാൽ മുന്നണിയിലെ ആശയക്കുഴപ്പം പുറത്താകും. സാമ്പത്തിക സംവരണ വിഷയത്തിലും ഇരുവർക്കും വ്യത്യസ്ത നിലപാടാണ്. ഇക്കാര്യങ്ങളാണു പ്രധാനമായി ആലോചിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും ശശി തരൂർ വിഷയം കൂടി ചർച്ചയിൽ വരും. പാണക്കാട്ടേക്കുള്ള തരൂരിന്റെ വരവിനു ലഭിച്ച പ്രാധാന്യം കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നമായി മാറിയിട്ടുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ലെന്നു ലീഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം ക്ലിയർ ആക്കേണ്ടതുണ്ട്.

തരൂരിന് എ ഗ്രൂപ്പിന്റെ രഹസ്യ പിന്തുണയോ?

തരൂർ കോട്ടയത്ത് പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയെ ചൊല്ലിയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ്് ജില്ലാ കമ്മിറ്റി നടത്തുന്ന സമ്മേളന ഉദ്ഘാടനം തരൂരാണ്. പരിപാടിക്കായി ആദ്യം തയ്യാറാക്കിയ പോസ്റ്ററിൽ വി ഡി സതീശന്റെ പേരില്ലാത്തത് അടക്കം എ ഗ്രൂപ്പ് തരൂരിനെ പരോക്ഷമായി പിന്തുണയ്ക്കുന്നു എന്ന ധാരണ പരക്കുകയും ചെയ്തു. തരൂരിന്റെ വരവിനെ എ ഗ്രൂപ്പ് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല. എ ഗ്രൂപ്പിന്റെ ശക്തിസ്ഥലമായ കോട്ടയത്ത് തരൂരിന്റെ പരിപാടി സംഘടിപ്പിച്ചതോടെ, ഗ്രൂപ്പിനെതിരെ അടക്കം പറച്ചിലുകൾ വന്നു. എന്നാൽ, എ ഗ്രൂപ്പ് നേതാക്കൾ ഇത് നിഷേധിക്കുന്നു.

തരൂരിന് പിന്തുണയുമായി പി ജെ ജോസഫ് വിഭാഗവും

ശശി തരൂരിന് പിന്തുണയുമായി കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും രംഗത്ത് എത്തി. ശശി തരൂർ യുഡിഎഫിന്റെ പ്രമുഖ നേതാവാണ്. അദ്ദേഹത്തിന് അതിന്റെ സ്വീകാര്യതയുണ്ട്. ജനങ്ങൾക്ക് തരൂരിനോട് സ്നേഹമുണ്ടെന്നും പി ജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു.തരൂർ കോട്ടയത്ത് എത്തുന്നത് പോസിറ്റീവായ കാര്യമാണ്. അനാവശ്യ വിവാദം ഇക്കാര്യത്തിൽ ഉണ്ടാക്കേണ്ട ആവശ്യമില്ല. യുഡിഎഫിനെ നല്ല രീതിയിൽ വി ഡി സതീശൻ നയിക്കുന്നുണ്ടെന്നും പി ജെ ജോസഫ് വിഭാഗം പറഞ്ഞു. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒറ്റക്കെട്ടായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ആ ഐക്യം നിലനിർത്തിയാൽ യുഡിഎഫിന് തിരിച്ചുവരാനാകും. ആ ഐക്യത്തിന് ദോഷം വരുന്നത് ആരും ചെയ്യരുതെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

എന്തായാലും യുഡിഎഫ് യോഗം വിളിച്ച് മഞ്ഞുരുക്കാനാണ് നേതാക്കളുടെ ആലോചന.