തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന സംശയത്തിന് ബലം നൽകാനുള്ള കാരണങ്ങൾ നിരത്തി ആർ എം പി നേതാവ് കെ കെ രമ എംഎൽഎ. ദി ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നികൃഷ്ടമായ മനസിന് ഉടമയാണ് പിണറായി. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിന് ശേഷം കൂടുതൽ ശക്തമായി കുലംകുത്തി എന്ന് വിളിക്കണമെങ്കിൽ ചെറിയ മനസ് പോരാ. ആ മരണത്തിൽ സന്തോഷിക്കാത്ത ഒരാൾക്ക് അങ്ങനെ പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ടിപി മരിച്ച് രണ്ടുദിവസത്തിന് ശേഷം പത്രസമ്മേളനത്തിൽ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് പറയണമെങ്കിൽ ആ മനസിൽ എത്രമാത്രം വിദ്വേഷം ഉണ്ടാവും, പകയുണ്ടാവും. ചെയ്യാത്ത ഒരാൾക്ക്, സന്തോഷിക്കാത്ത ഒരാൾക്ക് ഇങ്ങനെ പറയാൻ സാധിക്കുമോ. അതാണ് പ്രധാനമായ ചോദ്യം.

അതുകൊണ്ട് തന്നെയാണ്. സാധാരണ മനുഷ്യനായി ടിപിയെ കാണാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? മനുഷ്യൻ എന്ന നിലയ്ക്ക് ആർക്കെങ്കിലും പറ്റുമോ? ശത്രുതയുണ്ടാകും, ദേഷ്യമുണ്ടാവും. എന്നാൽ മരിച്ചു കഴിഞ്ഞാൽ ആരും ഒന്നും പറയാറില്ല. മരിച്ചുകഴിഞ്ഞതിന് ശേഷം നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ ശക്തമായി പറയണമെങ്കിൽ ചെറിയ മനസ് പോരാ. എന്റെ സംശയത്തിന് ബലം നൽകാൻ അതുമതി. വിദ്വേഷം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്'. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പിണറായി വിജയനും പങ്കുണ്ടെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഒരു വ്യക്തി മുന്നിൽ ഇരിക്കുമ്പോൾ, അന്ന് ഫോട്ടോയെടുക്കുന്ന സമയത്ത് കണ്ടപ്പോഴും എന്റെ ഉള്ളിൽ ആ ചിന്തയുണ്ടായിരുന്നു. എന്റെ മരണം വരെ ആ ചിന്ത പോകില്ല'- കെ കെ രമ പറഞ്ഞു.

കഴിഞ്ഞ ദിവസം പിണറായി വിജയനുമായി വേദി പങ്കിടുന്ന ചിത്രം വാർത്തയായിരുന്നല്ലോ എന്ന ചോദ്യത്തിന് സഭയിലുള്ള കാഴ്ചയല്ലാതെ പിണറായി വിജയനുമായി മുഖാമുഖം കണ്ടിട്ടേയില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഉദ്ഘാടന വേദിയാണ് ആദ്യമായി പങ്കിടുന്നത്. കോടിയേരി മരിച്ച സമയത്ത് വീട്ടിൽ പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ കാണുന്നത്.

വൈറലായ ചിത്രം ജസ്റ്റ് കടന്നുപോയപ്പോൾ സംഭവിച്ച ഒരു നോട്ടം മാത്രമാണെന്നും(just had a passing glance) രമ പറഞ്ഞു.സഭയിലിരിക്കുമ്പോൾ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കാണുന്നതല്ലാതെ ഒരിക്കൽ പോലും നേരിട്ട് ഞങ്ങൾ സംസാരിച്ചിട്ടില്ല. അന്ന് ആ പരിപാടിയിൽ എന്തോ പറഞ്ഞപ്പോൾ എന്നെ നോക്കിപ്പോയതാണ്. എന്നെ മാത്രമായി നോക്കിയതല്ല അത്. അതാണ് ചിത്രം.

വി എസ് പാർട്ടി വിട്ടുവന്നിരുന്നുവെങ്കിൽ...

വി എസ് അച്യുതാനന്ദൻ അന്ന് സിപിഎം വിട്ട് പുറത്തുവന്നിരുന്നുവെങ്കിൽ രാഷ്ട്രീയ ചരിത്രം തന്നെ വേറെ ഒന്നാകുമായിരുന്നു എന്നും കെ കെ രമ പറഞ്ഞു. വി എസ് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ ഒരു മാറ്റം സംഭവിച്ചേനെ. വി എസ് പാർട്ടി വിട്ടുവരുമെന്ന് താൻ അടക്കമുള്ളവർ വിശ്വസിച്ചിരുന്നുവെന്നും കെ കെ രമ പറഞ്ഞു. ടി പി ചന്ദ്രശേഖരനോട് ഇക്കാര്യം ചോദിച്ചപ്പോൾ വിഎസിനെ കണ്ടിട്ടല്ല പാർട്ടി രൂപീകരിക്കുന്നത് എന്നാണ് പറഞ്ഞത്.

'വിഎസിന്റെ നിലപാട് സ്വീകരിച്ചു എന്നത് തന്നെയാണ് കൊലപാതകത്തിന് കാരണം എന്നാണ് വിശ്വസിക്കുന്നത്. വി എസ് ഇപ്പുറത്തേയ്ക്ക് വന്നിരുന്നെങ്കിൽ ഇത് സംഭവിക്കാതിരിക്കുമോ എന്നൊന്നും അറിയില്ല. എന്നാൽ ടിപി കൊല്ലപ്പെടുമെന്ന് വി എസ് അറിഞ്ഞിട്ടുണ്ടാവില്ല. വി എസ് പ്രതീക്ഷിച്ചിട്ട് പോലും ഉണ്ടാവില്ല. വി എസ് അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് വീട്ടിൽ വന്നത്. കേസിന്റെ കാര്യം ഉൾപ്പെടെ അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെ നിന്നവർ പോലും മറുപക്ഷത്തേയ്ക്ക് പോയി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് സമയത്ത് ടിപിയുടെ വീട്ടിൽ വി എസ് സന്ദർശനം നടത്തിയത് രാഷ്ട്രീയ തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാകാം'- കെ കെ രമ അഭിമുഖത്തിൽ പറഞ്ഞു.

കടപ്പാട്: ദി ന്യു ഇന്ത്യൻ എക്സ്‌പ്രസ്